Photo: twitter.com|IndSuperLeague
വാസ്കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന് വിജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് റോയ് കൃഷ്ണയും സംഘവും കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി 4-3 എന്ന സ്‌കോറിന് മോഹന്‍ ബഗാന്‍ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു.
മോഹന്‍ ബഗാന് വേണ്ടി ഡേവിഡ് വില്യംസും മന്‍വീര്‍ സിങ്ങും ഗോള്‍ നേടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ മലയാളി താരം വി.പി.സുഹൈര്‍ നേടി. ആദ്യ പാദ മത്സരത്തില്‍ ഇരുടീമുകളും 2-2 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. മാര്‍ച്ച് 13 ന് നടക്കുന്ന ഫൈനലില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ മുംബൈ സിറ്റി എഫ്.സിയെ നേരിടും. പോയന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ തന്നെ ഇത്തവണ ഫൈനലില്‍ പ്രവേശിച്ചു എന്നത് കൗതുകകരമായ കാര്യമാണ്. മോഹന്‍ ബഗാന്റെ മന്‍വീര്‍ സിങ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടു.
ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. നിരന്തരം ആക്രമിച്ച് കളിച്ച് നോര്‍ത്ത് ഈസ്റ്റ് ഗോള്‍മുഖത്ത് ഭീതിപരത്താന്‍ മോഹന്‍ ബഗാന് സാധിച്ചു.
മൂന്നാം മിനിട്ടില്‍ തന്നെ ഹാവി ഹെര്‍ണാണ്ടസിലൂടെ മോഹന്‍ ബഗാന്‍ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഹാവിയുടെ ലോങ്‌റേഞ്ചര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. 15-ാം മിനിട്ടില്‍ മോഹന്‍ ബഗാന്റെ ശുഭാശിഷ് ബോസ് എടുത്ത ഉഗ്രന്‍ കിക്ക് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ ശുഭാശിഷ് ചൗധരി തട്ടിയകറ്റി.
16-ാം മിനിട്ടിലാണ് നോര്‍ത്ത് ഈസ്റ്റിന് മികച്ച ഒരു അവസരം ഒത്തുവന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും പാസ്സ് സ്വീകരിച്ച സില്ല പന്തുമായി മുന്നോട്ടുകയറി ഷോട്ടുതിര്‍ത്തെങ്കിലും അത് പോസ്റ്റിന് വെളിയിലൂടെ പറന്നു.
23-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ലൂയി മഷാഡോ ഒരു കിടിലന്‍ ഷോട്ട് വലയിലേക്കുതിര്‍ത്തു. പക്ഷേ മോഹന്‍ ഗോള്‍കീപ്പര്‍ അരിന്ധം ഭട്ടാചാര്യ അത് അസാമാന്യ മികവോടെ തട്ടിയകറ്റി.
ഒടുവില്‍ 38-ാം മിനിട്ടില്‍ മോഹന്‍ ബഗാന്‍ നോര്‍ത്ത് ഈസ്റ്റിനെ ഞെട്ടിച്ചുകൊണ്ട് ഗോള്‍ നേടി. ഡേവിഡ് വില്യംസാണ് ടീമിനായി സ്‌കോര്‍ ചെയ്തത്.
കാള്‍ മക്ഹ്യുവില്‍ നിന്നും പന്ത് സ്വീകരിച്ച റോയ് കൃഷ്ണ അത് നേരെ ഡേവിഡ് വില്യംസിന് നല്‍കി. പാസ് സ്വീകരിച്ച് ബോക്‌സിനകത്തേക്ക് കുതിച്ച വില്യംസ് പന്ത് ഗോള്‍കീപ്പര്‍ ശുഭാശിഷ് ചൗധരിയുടെ തലയ്ക്ക് മുകളിലൂടെ അടിച്ച് വലയില്‍ കയറ്റി. ആദ്യ പാദ മത്സരത്തിലും ഡേവിഡ് വില്യംസ് തന്നെയായിരുന്നു മോഹന്‍ ബഗാന് വേണ്ടി സ്‌കോര്‍ ചെയ്തത്. ഇതോടെ മോഹന്‍ ബഗാന്‍ 1-0 ന് മുന്നിലെത്തി.
ഗോള്‍ വഴങ്ങിയിട്ടും ആക്രമിച്ച് കളിക്കാനാണ് മോഹന്‍ ബഗാന്‍ ശ്രമിച്ചത്. ഇതിനിടെ 45-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ യുവതാരം അപൂയിയയ്ക്ക് ബോക്‌സിനകത്തുവെച്ച് സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് മുതലാക്കാനായില്ല. ഇതോടെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് ആക്രമിച്ച് കളിച്ചു. 46-ാം മിനിട്ടില്‍ മലയാളി താരം വി.പി.സുഹൈര്‍ ബോക്‌സിനുള്ളില്‍ നിന്നെടുത്ത കിക്ക് മോഹന്‍ ബഗാന്റെ പോസ്റ്റിലിടിച്ച് തെറിച്ചു.
56-ാം മിനിട്ടില്‍ മഷാഡോയുടെ ലോങ്‌റേഞ്ചര്‍ അരിന്ധം ഭട്ടാചാര്യ തട്ടിയകറ്റി. രണ്ടാം പകുതിയില്‍ ആക്രമണത്തേക്കാള്‍ കൂടുതല്‍ പ്രതിരോധത്തിലാണ് മോഹന്‍ ബഗാന്‍ ശ്രദ്ധ ചെലുത്തിയത്.
61-ാം മിനിട്ടില്‍ റോയ് കൃഷ്ണയ്ക്ക് സുവര്‍ണാവസരം ലഭിച്ചു. ഡേവിഡ് വില്യംസില്‍ നിന്നും പാസ് സ്വീകരിച്ച റോയ് കൃഷ്ണ ഗോള്‍ നേടിയെന്നുവരെ തോന്നിച്ചു. നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ ശുഭാശിഷിനെ മറികടന്ന് പന്ത് വലയിലേക്ക് തട്ടിയെങ്കിലും ഗോള്‍ ലൈനില്‍ വെച്ച് പ്രതിരോധതാരം അശുതോഷ് പന്ത് തട്ടിയകറ്റി നോര്‍ത്ത് ഈസ്റ്റിന്റെ രക്ഷകനായി.
65-ാം മിനിട്ടില്‍ ഹാവി ഹെര്‍ണാണ്ടസിന് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ബോക്‌സിന് പുറത്തേക്ക് പോയി.
67-ാം മിനിട്ടില്‍ മന്‍വീര്‍ സിങ്ങിലൂടെ എ.ടി.കെ മോഹന്‍ ബഗാന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. റോയ് കൃഷ്ണ നല്‍കിയ ലോങ് പാസ് സ്വീകരിച്ച മന്‍വീര്‍ സിങ് ബോക്‌സിലേക്ക് കുതിച്ച് രണ്ട് പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് ഇടംകാലുകൊണ്ട് തീയുണ്ട പോലൊരു ഷോട്ട് പായിച്ചു. മന്‍വീറിന്റെ ഷോട്ട് നോക്കിനില്‍ക്കാനേ ഗോള്‍കീപ്പര്‍ ചൗധരിയ്ക്ക് കഴിഞ്ഞുള്ളൂ. മൂളിപ്പറന്ന പന്ത് പോസ്റ്റിന്റെ ഇടത്തേമൂലയിലേക്ക് തുളഞ്ഞുകയറി. ഇതോടെ മോഹന്‍ ബഗാന്‍ 2-0 എന്ന സ്‌കോറിന് മുന്നിലെത്തി.
എന്നാല്‍ 73-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റ് മോഹന്‍ ബഗാനെ ഞെട്ടിച്ചുകൊണ്ട് ഒരു ഗോള്‍ തിരിച്ചടിച്ചു. 74-ാം മിനിട്ടില്‍ മലയാളി താരം വി.പി.സുഹൈറാണ് ഗോള്‍ നേടിയത്. കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്ക് സ്വീകരിച്ച ബെഞ്ചമിന്‍ ലാംപര്‍ട്ട് ഹെഡ്ഡ് ചെയ്തു. പന്ത് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. ഇത് സ്വീകരിച്ച സുഹൈര്‍ അനായാസം പന്ത് വലയിലെത്തിച്ച് നോര്‍ത്ത് ഈസ്റ്റിന് ആശ്വാസം പകര്‍ന്നു. ഇതോടെ സ്‌കോര്‍ 2-1 എന്ന നിലയിലായി.
80-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ എദ്രിസ സില്ലയെ ശുഭാശിഷ് ബോസ് ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തു. ഇതോടെ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത ലൂയി മഷാഡോ പന്ത് ബോക്‌സിന് പുറത്തേക്കടിച്ച് മികച്ച അവസരം തുലച്ചു. സമനില നേടാന്‍ ലഭിച്ച വലിയ അവസരമാണ് മഷാഡോ നശിപ്പിച്ചത്.
85-ാം മിനിട്ടില്‍ അശുതോഷ് മെഹ്തയ്ക്ക് ബോക്‌സിനകത്ത് വെച്ച് മികച്ച അവസരം ലഭിച്ചു. സുഹൈറിന്റെ പാസ്സില്‍ നിന്നാണ് അവസരം പിറന്നത്. എന്നാല്‍ അത് കൃത്യമായി മോഹന്‍ ബഗാന്‍ പോസ്റ്റിലെത്തിക്കാന്‍ താരത്തിന് സാധിച്ചില്ല.
പിന്നീട് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചില്ല. ഇതോടെ മോഹന്‍ ബഗാന്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
Content Highlights: North East United vs ATK Mohun Bagan ISL semi final second leg 2020-2021