Photo: twitter.com|IndSuperLeague
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ രണ്ടാം പാദ മത്സരത്തില്‍ കരുത്തരായ മുംബൈ എഫ്.സിയെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്.സി. ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഹൈദരാബാദ് ആക്രമിച്ച് കളിച്ചപ്പോള്‍ മുംബൈ പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് പുറത്തെടുത്തത്.
ഈ സമനിലയോടെ മുംബൈ 11 മത്സരങ്ങളില്‍ നിന്നും 26 പോയന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മറുവശത്ത് ഹൈദരാബാദ് ഇത്രയും മത്സരങ്ങളില്‍ നിന്നും 16 പോയന്റുമായി നാലാം സ്ഥാനത്താണ്. ഹൈദരാബാദിന്റെ യുവ മിഡ്ഫീല്‍ഡര്‍ ഹിതേഷ് ശര്‍മ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
ഈ സീസണിൽ തുടർച്ചയായ പത്തുമത്സരങ്ങൾ തോൽക്കാതെ പൂർത്തിയാക്കിയ മുംബൈ പുതിയ ഐ.എസ്.എൽ റെക്കോഡ‍് എഴുതിച്ചേർത്തു. ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരുന്നു.
ആദ്യ പകുതിയില്‍ ആവേശത്തോടെയാണ് ഇരുടീമുകളും കളിച്ചത്. ശക്തരായ രണ്ട് ടീമുകളായതുകൊണ്ടുതന്നെ മത്സരം പൊടിപാറി. ആദ്യ പകുതിയില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും അധികം സാധിച്ചിട്ടില്ലെങ്കിലും അല്‍പ്പം മുന്നില്‍ നിന്നത് ഹൈദരാബാദാണ്.
ലിസ്റ്റിനും ക്യാനിസെയും സന്റാനയുമെല്ലാം മികച്ച ഷോട്ടുകള്‍ മുംബൈയുടെ പോസ്റ്റിലേക്ക് അടിച്ചു. എന്നാല്‍ മുംബൈയുടെ നായകനും ഗോള്‍ കീപ്പറുമായ അമരീന്ദറിന്റെ തകര്‍പ്പന്‍ സേവുകള്‍ ഹൈദരാബാദിന് വിലങ്ങുതടിയായി.
മുംബൈ മികച്ച പ്രതിരോധമാണ് ആദ്യ പകുതിയില്‍ കാഴ്ചവെച്ചത്. മധ്യനിരയില്‍ അഹമ്മദ് ജാഹുവും നന്നായി കളിച്ചു. ഷോട്ടുകള്‍ കൂടുതല്‍ പായിച്ചത് ഹൈദരാബാദ് ആയിരുന്നെങ്കിലും കൂടുതല്‍ സമയം പന്ത് കൈവശം വെച്ചത് മുംബൈ ആയിരുന്നു.
രണ്ടാം പകുതിയിലും സ്ഥിതി മറിച്ചായിരുന്നില്ല. ഹൈദരാബാദ് ആക്രമിച്ച് കളിച്ചപ്പോള്‍ പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് മുംബൈ കാഴ്ചവെച്ചത്. അമരീന്ദർ സിങ് രണ്ടാം പകുതിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ മുംബൈ മുന്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയെ കൊണ്ടുവന്നു. എന്നിട്ടും മികച്ച ആക്രമണം നടത്താന്‍ മുംബൈയ്ക്ക് സാധിച്ചില്ല.
ആദ്യപകുതിയില്‍ കളിച്ച ആവേശം നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും രണ്ടാം പകുതിയിൽ സാധിച്ചില്ല. ഒറ്റപ്പെട്ട അവസരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ രണ്ടാം പകുതിയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.
Content Highlights: Mumbai FC vs Hyderabad FC ISL 2020-21