Photo: twitter.com|IndSuperLeague
വാസ്കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് മുംബൈ സിറ്റി എഫ്.സി. പ്രതിരോധതാരം മുര്‍ത്താദ ഫാളാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഫാൾ തന്നെയാണ് ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കിയത്.
ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോഴും മുംബൈ തന്നെയാണ് വിജയം സ്വന്തമാക്കിയത്. അന്ന് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ടീം വിജയിച്ചു കയറിയത്. ഇന്നത്തെ തോല്‍വിയോടെ ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്ത് തുടരുന്നു.
ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാളിനേക്കാള്‍ ആധിപത്യം പുലര്‍ത്തിയത് മുംബൈ ആണ്.ഇരുടീമുകളും 4-2-3-1 ശൈലിയില്‍ കളിച്ചു. മുംബൈ ആക്രമിച്ച് കളിച്ചപ്പോള്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധം നന്നായി വിയര്‍ത്തു.
27-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധം പൊളിച്ച് മുംബൈയുടെ പ്രതിരോധതാരം മുര്‍ത്താദ ഫാള്‍ ടീമിനായി സ്‌കോര്‍ ചെയ്തു. ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. ബോക്‌സിന് വെളിയില്‍ നിന്നും മുന്നേറ്റതാരം ഹ്യൂഗോ ബൗമസ് ഉയര്‍ത്തി നല്‍കിയ പന്ത് കൃത്യമായി തന്നെ ഫാള്‍ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഹെഡ്ഡ് ചെയ്തു. ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിന് അത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.
ഫാളിന്റെ 11-ാം ഐ.എസ്.എല്‍ ഗോളാണിത്. ഇതോടെ ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പ്രതിരോധതാരം എന്ന റെക്കോഡ് താരം സ്വന്തമാക്കി. ബൗമസിന്റെ ഈ സീസണിലെ ആറാം ഗോള്‍ അസിസ്റ്റുമായിരുന്നു അത്.
ആദ്യ പകുതി പിന്നട്ടപ്പോള്‍ മുംബൈ ഒരു ഗോളിന്റെ ലീഡില്‍ മുന്നില്‍ നിന്നു. രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായി ചില അവസരങ്ങള്‍ രണ്ടാം പകുതിയില്‍ സൃഷ്ടിക്കാനും ടീമിന് സാധിച്ചു.
56-ാം മിനിട്ടില്‍ ഫാളിന് വീണ്ടും ബോക്‌സിനകത്തുവെച്ച് സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ കിക്ക് ദേബ്ജിത്ത് കൈയ്യിലൊതുക്കി. അഹമ്മദ് ജാഹുവിന്റെ കിടിലന്‍ പാസ്സില്‍ നിന്നാണ് ഫാളിന് അവസരം ലഭിച്ചത്.
63-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാള്‍ നായകന്‍ ഡാനിയേല്‍ ഫോക്‌സിന് മുംബൈ ബോക്‌സിനകത്തുവെച്ച് മികച്ച അവസരം ലഭിച്ചു. താരമത് നന്നായി ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് പോസ്റ്റിനുരുമ്മി കടന്നുപോയി. അവസാന പത്തുമിനിട്ട് മുഴുവന്‍ ഈസ്റ്റ് ബംഗാള്‍ മുംബൈ ബോക്‌സിനതകത്ത് നിരന്തരം ആക്രമിച്ചെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. മുംബൈ ഗോള്‍കീപ്പറും നായകനുമായ അമരീന്ദറിന്റെ തകര്‍പ്പന്‍ സേവുകളും ഈസ്റ്റ് ബംഗാളിന് വിലങ്ങുതടിയായി.
Content Highlights: Mumbai City vs SC East Bengal Indian Super League 2020-2021