Photo: twitter.com|IndSuperLeague
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരും നിലവിലെ ഒന്നാം സ്ഥാനക്കാരുമായ മുംബൈ സിറ്റി എഫ്.സിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ഡെഷോണ്‍ ബ്രൗണിന്റെ പ്രകടന മികവിലാണ് ടീം വിജയിച്ചത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോണ്‍ട്രെ സ്‌കോര്‍ ചെയ്തു.ഡെഷോൺ ബ്രൗൺ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിലെത്തിയത്. താരം ടീമിലെത്തിയതുമുതല്‍ നോര്‍ത്ത് ഈസ്റ്റിന്റെ തലവരയും തെളിഞ്ഞു. അവസാന രണ്ടുമത്സരങ്ങളിലും ടീം വിജയത്തിലെത്തി. ഇതോടെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും ടീമിന് സാധിച്ചു. തോല്‍വി വഴങ്ങിയെങ്കിലും മുംബൈ തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.
ആദ്യപാദ മത്സരത്തില്‍ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് മുംബൈ ആയിരുന്നു. ആദ്യ പത്തുമിനിട്ടുകള്‍ക്കുള്ളില്‍ തന്നെ രണ്ടു ഗോളുകള്‍ വഴങ്ങിയതോടെ മുംബൈ തകര്‍ന്നു. ആറാം മിനിട്ടിലും 10-ാം മിനിട്ടിലുമാണ് ഡെഷോണ്‍ ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടുന്നത്.
ആദ്യ ഗോളിന് വഴിവെച്ചത് നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റ താരം മഷാഡോയാണ്. മഷാഡോ തൊടുത്തുവിട്ട പന്ത് മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദര്‍ തട്ടിയകറ്റി. എന്നാല്‍ പന്ത് നേരെയെത്തിയത് ഡോര്‍ജീയുടെ കാലിലേക്കാണ്. ഡോര്‍ജി മികച്ച ഒരു ക്രോസിലൂടെ പന്ത് ബ്രൗണിലെത്തിച്ചു. ഒട്ടും താമസിക്കാതെ പന്ത് അനായാസേന വലയിലെത്തിച്ച് ബ്രൗണ്‍ ടീമിനായി ആദ്യ ഗോള്‍ നേടി.
ആദ്യ ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടല്‍ മാറുന്നതിനുമുന്‍പ് തന്നെ മുംബൈ രണ്ടാം ഗോള്‍ വഴങ്ങി. ഇത്തവണ കോര്‍ണറിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടിയത്. ഗയ്യെഗോ എടുത്ത കോര്‍ണര്‍ കിക്ക് ചില ടച്ചുകള്‍ക്ക് ശേഷം നേരെയെത്തിയത് ബ്രൗണിന്റെ അടുത്താണ്. അതിമനോഹരമായി പന്ത് വലയിലെത്തിച്ച് ബ്രൗണ്‍ ടീമിന് വിജയമുറപ്പിച്ച ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ കൂടുതല്‍ മുന്നേറ്റ താരങ്ങളെ വിന്യസിച്ച് പരമാവധി ആക്രമിച്ച് കളിക്കാന്‍ മുംബൈ ശ്രമിച്ചു. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് കൂടുതല്‍ താരങ്ങളെ പ്രതിരോധത്തിന് വിന്യസിച്ചു. പ്രതിരോധിച്ച് കളിക്കുമ്പോഴും ചില പ്രത്യാക്രമണങ്ങള്‍ നടത്താന്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ മറന്നില്ല.
എന്നാല്‍ 84-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധക്കോട്ട പൊളിച്ചുകൊണ്ട് പകരക്കാരനായി വന്ന ആദം ലെ ഫോണ്‍ട്രെ ടീമിനായി ആശ്വാസഗോള്‍ നേടി. ഹ്യൂഗോ ബൗമസ് നല്‍കിയ പാസ് ബോക്‌സിനകത്ത് സ്വീകരിച്ച ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ പന്ത് മറിച്ച് ഫോണ്‍ട്രെയ്ക്ക് നല്‍കി. പന്ത് പിടിച്ചെടുത്ത ഫോണ്‍ട്രെ അനായാസം പന്ത് വലയിലെത്തിച്ച് മുംബൈയ്ക്കായി ഗോള്‍ നേടി.
പിന്നീട് സമനില ഗോള്‍ നേടാന്‍ കാര്യമായി മുംബൈ പ്രയത്‌നിച്ചെങ്കിലും അതിന് സാധിച്ചില്ല.
Content Highlights: Mumbai City FC vs North East United ISL 2020-2021