മോഹൻ ബ​ഗാനെ കീഴടക്കി ആദ്യ ഐ.എസ്.എൽ കിരീടം ചൂടി മുംബൈ സിറ്റി എഫ്.സി


3 min read
Read later
Print
Share

ഒരു ​ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് മുംബൈ കിരീടം നേടിയത്.

Photo: twitter.com|IndSuperLeague

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ മുംബൈ സിറ്റി എഫ്.സി കിരീടം നേടി. ഫൈനലില്‍ കരുത്തരായ എ.ടി.കെ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്താണ് മുംബൈ ആദ്യ ഐ.എസ്.എല്‍ കിരീടം നേടിയത്. ഒരു ​ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് മുംബൈ കിരീടം നേടിയത്.

ഐ.എസ്.എല്‍ കിരീടം നേടുന്ന നാലാമത്തെ ടീമാണ് മുംബൈ. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ നന്നായി കളിച്ചെങ്കിലും ഭാഗ്യം മുംബൈയ്‌ക്കൊപ്പം നിന്നു. മുംബൈയ്ക്ക് വേണ്ടി ബിപിന്‍ സിങ്ങാണ് വിജയഗോള്‍ നേടിയത്. ടിറി വഴങ്ങിയ സെല്‍ഫ് ഗോളും മുംബൈയ്ക്ക് തുണയായി. മോഹന്‍ ബഗാന് വേണ്ടി ഡേവിഡ് വില്യംസ് ഗോള്‍ നേടി.

ഈ സീസണില്‍ നേരത്തേ പ്രാഥമിക ഘട്ടത്തില്‍ ഒന്നാമതെത്തി ലീഗ് ഷീല്‍ഡ് കിരീടവും മുംബൈ സിറ്റി നേടിയിരുന്നു. വിജയഗോള്‍ നേടിയ മുംബൈയുടെ ബിപിന്‍ സിങ് ഫൈനലിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

ആദ്യ മിനിട്ടുമുതല്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്ചവെച്ചു. പക്ഷേ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടു. ആദ്യ പത്തുമിനിട്ടില്‍ ഗോള്‍ പോസ്റ്റിലേക്ക് ഒരു ഷോട്ടുപോലും ഉതിര്‍ക്കാന്‍ മോഹന്‍ ബഗാനും മുംബൈയ്ക്കും സാധിച്ചില്ല.

11-ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ ശ്രമം വന്നത്. മോഹന്‍ ബഗാന്റെ ഹാവി ഹെര്‍ണാണ്ടസ് എടുത്ത ഫ്രീകിക്ക് മുംബൈ പോസ്റ്റില്‍ തട്ടിത്തെറിച്ചു. തകര്‍പ്പന്‍ ഫ്രീകിക്കാണ് ഹെര്‍ണാണ്ടസ് എടുത്തത്.

16-ാം മിനിട്ടില്‍ മുംബൈ ബോക്‌സിലേക്ക് കുതിച്ചുകയറിയ റോയ് കൃഷ്ണ പോസ്റ്റിലേക്ക് പന്തടിച്ചെങ്കിലും മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് അത് തട്ടിയകറ്റി. എന്നാല്‍ 18-ാം മിനിട്ടില്‍ മുംബൈയ്‌ക്കെതിരേ മോഹന്‍ ബഗാന്‍ ലീഡെടുത്തു.

ഡേവിഡ് വില്യംസാണ് ടീമിനായി ഗോള്‍ നേടിയത്. മുംബൈ പ്രതിരോധ താരം അഹമ്മദ് ജാഹുവിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്‌സിനകത്തുവെച്ച് പാസ്സ് ചെയ്യാന്‍ ശ്രമിച്ച ജാഹുവിന്റെ ശ്രമം പാളി. ഇത് റാഞ്ചിയെടുത്ത റോയ് കൃഷ്ണ പന്ത് ഡേവിഡ് വില്യംസിന് കൈമാറി. കിട്ടിയ അവസരം കൃത്യമായി വലയിലെത്തിച്ച് വില്യംസ് ടീമിന് ആദ്യ ഗോള്‍ സമ്മാനിച്ചു.

26-ാം മിനിട്ടില്‍ ആദം ലേ ഫോണ്‍ഡ്രേ മോഹന്‍ ബഗാന്‍ ബോക്‌സിലേക്ക് ഒരു ലോങ്‌റേഞ്ചര്‍ എടുത്തെങ്കിലും പന്ത് അരിന്ധം ഭട്ടാചാര്യം അനായാസം കൈയ്യിലൊതുക്കി. എന്നാല്‍ 28-ാം മിനിട്ടില്‍ മുംബൈ സമനില ഗോള്‍ നേടി.

മോഹന്‍ ബഗാന്‍ പ്രതിരോധതാരം ടിറിയുടെ സെല്‍ഫ് ഗോളിലൂടെയാണ് മുംബൈ സമനില നേടിയത്. ബിപിന്‍ സിങ്ങിന് നേരെ വന്ന ലോങ് പാസ് ക്ലിയര്‍ ചെയ്യാനായി ശ്രമിച്ച ടിറിയുടെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിലേക്ക് തന്നെ പതിക്കുകയായിരുന്നു. ഇത് തട്ടിയകറ്റാന്‍ ഗോള്‍കീപ്പര്‍ അരിന്ധം ഭട്ടാചാര്യയ്ക്ക് കഴിഞ്ഞില്ല. ഇതോടെ സ്‌കോര്‍ 1-1 എന്ന നിലയിലായി.

ഗോള്‍ നേടിയതിനുതൊട്ടുപിന്നാലെ വീണ്ടും മോഹന്‍ ബഗാന്‍ ഗോള്‍മുഖത്ത് ഭീതി സൃഷ്ടിക്കാന്‍ മുംബൈയ്ക്ക് സാധിച്ചു. പക്ഷേ ഹ്യൂഗോ ബൗമസിന്റെ ഉഗ്രന്‍ ഷോട്ട് അരിന്ധം ഭട്ടാചാര്യ കഷ്ടപ്പെട്ട് തട്ടിയകറ്റി.

42-ാം മിനിട്ടില്‍ മോഹന്‍ ബഗാന്ഡറെ ലെനി റോഡ്രിഗസ്സിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 45-ാം മിനിട്ടില്‍ മുന്നേറ്റതാരം റോയ് കൃഷ്ണ മുംബൈ ബോക്‌സിലേക്ക് കുതിച്ചെത്തി ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പോയി.

ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ മുംബൈയുടെ പ്രതിരോധതാരം അമേയ് റണവഡേ ഗുരുതരമായി പരിക്കേറ്റു. താരത്തെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുംബൈയാണ് ആദ്യം ആക്രമണത്തിന് തുടക്കമിട്ടത്. പതിയേ മോഹന്‍ ബഗാനും കളിയിലേക്ക് തിരിച്ചുവന്നു. 58-ാം മിനിട്ടില്‍ ഹ്യൂഗോ ബൗമസിന് ഓപ്പണ്‍ ചാന്‍സ് ലഭിച്ചിട്ടും താരത്തിന് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

61-ാം മിനിട്ടില്‍ മോഹന്‍ ബഗാന്‍ മുംബൈ ഗോള്‍ വല ചലിപ്പിച്ചെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിളിച്ചു. ഹാവി ഹെര്‍ണാണ്ടസ് എടുത്ത ഫ്രീകിക്ക് മുംബൈയുടെ റാക്കിബിന്റെ കാലില്‍ തട്ടി സ്വന്തം വലയിലെത്തി. ഇതുകണ്ട മോഹന്‍ ബഗാന്‍ താരങ്ങള്‍ സെല്‍ഫ് ഗോളാണതെന്ന് പറഞ്ഞ് റഫറിയോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. റഫറി ഓഫ്‌സൈഡ് തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു.

72-ാം മിനിട്ടില്‍ ഹാവി ഹെര്‍ണാണ്ടസ് വീണ്ടും ഒരു തകര്‍പ്പന്‍ ലോങ്‌റേഞ്ചറിലൂടെ മുംബൈയുടെ നെഞ്ചിടിപ്പ് കൂട്ടി. താരത്തിന്റെ ലക്ഷ്യത്തിലേക്കുള്ള ലോങ്‌റേഞ്ചര്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ തട്ടിയകറ്റി. അമരീന്ദറിന്റെ കൈയ്യില്‍ തട്ടി പോസ്റ്റില്‍ ഇടിച്ചാണ് പന്ത് കടന്നുപോയത്.

ഒടുവില്‍ 90-ാം മിനിട്ടില്‍ മുംബൈ മത്സരത്തിലെ വിജയഗോള്‍ സ്വന്തമാക്കി. മുന്നേറ്റതാരം ബിപിന്‍ സിങ്ങാണ് ടീമിനായി ഗോള്‍ നേടിയത്. മോഹന്‍ ബഗാന്‍ ഗോള്‍കീപ്പര്‍ അരിന്ധം ഭട്ടാചാര്യയുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്.

ബോക്‌സിന് പുറത്തേക്ക് പന്തെടുക്കാനായി എത്തിയ ഗോള്‍കീപ്പറില്‍ നിന്നും പന്ത് തട്ടിയെടുത്ത ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ പന്തുമായി ബോക്‌സിനകത്തേക്ക് കയറി പ്രതിരോധതാരങ്ങളെ മറികടന്ന് ബിപിന്‍ സിങ്ങിന് പാസ് നല്‍കി. ഗോളിയില്ലാ പോസ്റ്റിലേക്ക് അനായാസം പന്ത് അടിച്ചുകയറ്റി ബിപിന്‍ സിങ് ടീമിനായി വിജയഗോള്‍ നേടി. ഇതോടെ ഐ.എസ്.എല്‍ കിരീടം മുംബൈ ഉറപ്പിച്ചു.

ഐ.എസ്.എൽ 2020-2021 സീസണിലെ പുരസ്കാരങ്ങൾ

  • വിന്നിങ് പാസ് ഓഫ് ദ സീസൺ പുരസ്കാരം ​ഗോവയുടെ ആൽബെർട്ടോ നൊ​ഗുവേര സ്വന്തമാക്കി
  • ​മികച്ച ​ഗോൾകീപ്പർക്കുള്ള ​ഗോൾഡൻ ​ഗ്ലോവ് പുരസ്കാരം മോഹൻ ബ​ഗാന്റെ അരിന്ധം ഭട്ടാചാര്യ നേടി
  • ​കൂടുതൽ ​ഗോളുകൾ നേടിയ താരത്തിനുള്ള ​ഗോൾഡൻ ബൂട്ട് പുരസ്കാരം ​ഗോവയുടെ ഇ​ഗോർ അം​ഗൂളോ സ്വന്തമാക്കി
  • വളർന്നുവരുന്ന യുവതാരത്തിനുള്ള എമേർജിങ് പ്ലെയർ ഓഫ് ദ സീസൺ പുരസ്കാരം നോർത്ത് ഈസ്റ്റിന്റെ ലാലങ് മാവിയ അപൂയിയ നേടി
  • സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ​ഗോൾഡൻ ബോൾ പുരസ്കാരം മോഹൻ ബ​ഗാന്റെ റോയ് കൃഷ്ണ സ്വന്തമാക്കി
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....

Content Highlights: Mumbai City FC vs ATK Mohun Bagan ISL Final Match

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram