Photo: twitter.com|IndSuperLeague
വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ടീമിനെ തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ തോല്‍വി. ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്ലിലെ ലീഗ് മത്സരങ്ങളെല്ലാം പൂര്‍ത്തിയാക്കി. ടീം നേരത്തേ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
20 മത്സരങ്ങളില്‍ നിന്നും മൂന്നു വിജയങ്ങളും എട്ട് സമനിലകളും ഒന്‍പത് തോല്‍വികളും വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് സീസണ്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ മറുവശത്ത് ഈ മത്സരത്തില്‍ വിജയിച്ചതോടെ നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫ് ഉറപ്പിച്ചു. 20 മത്സരങ്ങളില്‍ നിന്നും 33 പോയന്റുള്ള നോര്‍ത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റിനായി മലയാളിതാരം വി.പി.സുഹൈറും ലാലങ്മാവിയയും സ്‌കോര്‍ ചെയ്തു.
33-ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. നോര്‍ത്ത് ഈസ്റ്റിനുവേണ്ടി മലയാളി താരം വി.പി.സുഹൈറാണ് ആദ്യ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരം ബക്കാരി കോനെയുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഖാസ കമാറ മുന്നോട്ട് നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കോനെ പിഴവ് വരുത്തി. ഇത് മുതലെടുത്ത സുഹൈര്‍ പന്ത് സ്വീകരിച്ച് പ്രതിരോധതാരം സന്ദീപ് സിങ്ങിനെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ നോര്‍ത്ത് ഈസ്റ്റ് 1-0 ന് മുന്നിലെത്തി.
ആദ്യപകുതിയില്‍ നിറം മങ്ങിയ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ അധികസമയത്ത് ലാലെങ്മാവിയ നോര്‍ത്ത് ഈസ്റ്റിന്റെ ലീഡ് രണ്ടായി ഉയര്‍ത്തി.
ലൂയി മഷാഡോയുടെ ക്രോസ് സ്വീകരിച്ച ഡൈലാന്‍ ഫോക്‌സ് പന്ത് ലാലങ്മാവിയയ്ക്ക് കൈമാറി. പന്ത് പിടിച്ചെടുത്ത മാവിയ തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയ്ക്ക് പിരിയുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്‌റ്റേഴ്‌സിനെതിരേ 2-0 ന് മുന്നിലെത്തി.
രണ്ടാം പകുതിയിലും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. നോര്‍ത്ത് ഈസ്റ്റ് കൂടുതല്‍ പ്രതിരോധത്തിന് ശക്തി പകര്‍ന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ശരിക്കും വിയര്‍ത്തു. വൈകാതെ ടീം 2-0 ന് തോല്‍വി വഴങ്ങുകയും ചെയ്തു.
ഈ സീസണിലെ അവസാന മത്സരവും പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫ് സാധ്യകള്‍ സജീവമാക്കി.
Content Highlights: Kerala Blasters vs North East United ISL 2020-2021