ജംഷേദ്പുരിനെ ചരിത്രത്തിലാദ്യമായി കീഴടക്കി വിജയവഴിയില്‍ തിരിച്ചെത്തി ബ്ലാസ്റ്റേഴ്‌സ്


3 min read
Read later
Print
Share

മഞ്ഞപ്പടയ്ക്കായി രണ്ട് ഗോളുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ച ജോര്‍ദാന്‍ മറെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

Photo: twitter.com|IndSuperLeague

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷേദ്പുരിനെ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക് കീഴടക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയത്.

ഐ.എസ്.എല്‍ ചരിത്രത്തിലാദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷേദ്പുരിനെ കീഴടക്കുന്നത്. 67-ാം മിനിട്ടില്‍ 10 പേരായി ചുരുങ്ങിയിട്ടും അതിനുശേഷം രണ്ടു ഗോളുകള്‍ നേടി ബ്ലാസ്‌റ്റേഴ്‌സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മഞ്ഞപ്പടയ്ക്കായി രണ്ട് ഗോളുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ച ജോര്‍ദാന്‍ മറെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

ബ്ലാസ്റ്റേഴ്‌സിനായി മറെ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ കോസ്റ്റ നമോണൈസുവും ടീമിനായി വലകുലുക്കി. ജംഷേദ്പുരിനായി സൂപ്പര്‍ താരം നെരിയസ് വാല്‍സ്‌കിസ് ഇരട്ട ഗോളുകള്‍ നേടി. ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ജംഷേദ്പുര്‍ അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു.

മത്സരം തുടങ്ങി ആദ്യ മിനിട്ടുകളില്‍ തന്നെ ആക്രമിച്ച് കളിക്കാന്‍ ഇരുടീമുകളും ശ്രദ്ധിച്ചു. ആദ്യ മിനിട്ടുകളില്‍ തന്നെ മികച്ച ആക്രമണം പുറത്തെടുത്ത ജംഷേദ്പുരിന് മികച്ച അവസരം ലഭിച്ചു. കിക്കെടുത്ത അനികേത് ജാദവിന്റെ കിക്ക് ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റില്‍ തട്ടിത്തെറിച്ചു.

11-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു തകര്‍പ്പന്‍ കളി പുറത്തെടുത്തു. മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ഗ്യാരി ഹൂപ്പര്‍ പന്തുമായി ജംഷേദ്പുര്‍ ബോക്‌സിലേക്ക് ഇരച്ചുകയറി. ഹൂപ്പറുടെ അത്യുഗ്രന്‍ പാസ് സ്വീകരിച്ച ജോര്‍ദാന്‍ മറെ ഗോള്‍കീപ്പര്‍ മാത്രം മുന്നിലുണ്ടായിരുന്ന പോസ്റ്റിന് മുകളിലൂടെ പന്ത് അടിച്ചുകളഞ്ഞു. അനായാസേന ഗോള്‍ നേടാനാകുന്ന അവസരമാണ് താരം നശിപ്പിച്ചത്.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും വിഭിന്നമായി മികച്ച ആക്രമണമാണ് ആദ്യ മിനിട്ടുകളില്‍ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. ഹൂപ്പറും പെരേരയും മറെയും സഹലുമെല്ലാം നിരന്തരം ജംഷേദ്പുര്‍ ഗോള്‍മുഖത്ത് ആക്രമിച്ച് കളിച്ചു. 14-ാം മിനിട്ടില്‍ വീണ്ടും മറെയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് മുതലാക്കാനായില്ല. ബ്ലാസ്‌റ്റേഴ്‌സ് നിരന്തരം ആക്രമിച്ച് കളിച്ചതോടെ ജംഷേദ്പുരിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി.രഹ്നേഷ് ശരിക്കും വിയര്‍ത്തു.

ബ്ലാസ്‌റ്റേഴ്‌സിന്റെ നിരന്തര ആക്രമണങ്ങളുടെ ഫലമായി 22-ാം മിനിട്ടില്‍ ടീം ഗോള്‍ നേടി. പ്രതിരോധ താരം കോസ്റ്റ നമോണൈസുവാണ് ടീമിനായി ഗോള്‍ നേടിയത്. താരത്തിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. മികച്ച ആക്രമണം പുറത്തെടുത്തതിന്റെ ഭാഗമായാണ് ഗോള്‍ പിറന്നത്. മധ്യനിരതാരം ഫക്കുണ്ടോ പെരേരയുടെ ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. കിക്ക് സ്വീകരിച്ച കോസ്റ്റ തലകൊണ്ട് പന്തിനെ പോസ്റ്റിലേക്ക് ചെത്തിയിട്ടു. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് 1-0 ന് മുന്നിലെത്തി.

ഗോള്‍ വഴങ്ങിയതോടെ ആക്രമിച്ച കളിച്ച ജംഷേദ്പുര്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് ഇരച്ചുകയറി. പിന്നാലെ അനികേത് ജാദവ് ഒരു തകര്‍പ്പന്‍ ഷോട്ടെടുത്തെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് അത് വിദഗ്ധമായി ഒരു മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി.

പിന്നാലെ വീണ്ടും ജംഷേദ്പുര്‍ ആക്രമിച്ചു. ഇത്തവണ മോണ്‍റോയാണ് ബോക്‌സിനകത്തേക്ക് കയറാന്‍ ശ്രമിച്ചത്. എന്നാല്‍ ബോക്‌സിന് വെളിയില്‍ വെച്ച് താരത്തെ ഫൗള്‍ ചെയ്തതിന് ജംഷേദ്പുരിന് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. 36-ാം മിനിട്ടില്‍ കിക്കെടുത്ത വാല്‍സ്‌കിസ് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്തിനെ അനായാസം പറഞ്ഞുവിട്ടു. ആല്‍ബിനോ നന്നായി ശ്രമിച്ചെങ്കിലും പന്ത് തടുക്കാനായില്ല. വാല്‍സ്‌കിസിന്റെ ഈ സീസണിലെ ഏഴാം ഗോളാണിത്. തകര്‍പ്പന്‍ ഫ്രീകിക്കാണ് വാല്‍സ്‌കിസ് എടുത്തത്. സീസണില്‍ ഇത് അഞ്ചാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്ത ശേഷം ഗോള്‍ വഴങ്ങുന്നത്.

ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ വീണ്ടും മറെയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ രഹ്നേഷ് തട്ടിയകറ്റി.

രണ്ടാം പകുതിയില്‍ ഇരുടീമുകളും കരുതലോടെയാണ് കളിച്ചുതുടങ്ങിയത്. 51-ാം മിനിട്ടില്‍ ജംഷേദ്പുരിന്റെ മുബഷിര്‍ എടുത്ത കിക്ക് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.

പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആക്രമണ ഫുട്‌ബോളിലേക്ക് ഗിയര്‍ മാറ്റി. പെരേരയും ഹൂപ്പറും മറെയും സഹലുമെല്ലാം തകര്‍പ്പന്‍ കളി പുറത്തെടുത്തു. പക്ഷേ ഗോള്‍ നേടാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

65-ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ജാക്കിചന്ദിന്റെ മികച്ച വളഞ്ഞ കിക്ക് ക്രോസ്ബാറില്‍ ഇടിച്ച് തെറിച്ചു. പിന്നാലെ അനാവശ്യ ഫൗള്‍ ചെയ്തതിന് 67-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ലാല്‍റുവത്താര രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് 10 പേരായി ചുരുങ്ങി.

ലാല്‍റുവത്താര പുറത്തായതിനുപിന്നാലെ മികച്ച കളി പുറത്തെടുത്ത ഗ്യാരി ഹൂപ്പറിനെ പിന്‍വലിച്ച് മധ്യനിര താരമായ രോഹിത് കുമാറിനെ കൊണ്ടുവന്നു. ഇതും ടീമിനെ ബാധിച്ചു. എന്നാല്‍ ഏവരെയും സ്ത്ബ്ധരാക്കിക്കൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി.

പന്തുമായി ബോക്‌സിനകത്തേക്ക് കയറിയ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫക്കുണ്ടോ പെരേര ഒരു തകര്‍പ്പന്‍ ഷോട്ടെടുത്തെങ്കിലും ഗോള്‍കീപ്പര്‍ രഹ്നേഷ് അത് തട്ടിയകറ്റി. എന്നാല്‍ രഹ്നേഷ് തട്ടിയ പന്ത് നേരെ ജോര്‍ദാന്‍ മറെയുടെ കാലിലേക്കാണ് വന്നത്. താരമത് അനായാസം വലയിലേക്ക് തട്ടിയിട്ട് ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായക ലീഡ് സമ്മാനിച്ചു. 78-ാം മിനിട്ടിലാണ് താരം ഗോള്‍ നേടിയത്.

82-ാം മിനിട്ടില്‍ ജംഷേദ്പുരിനെ ഞെട്ടിച്ച് വീണ്ടും മറെ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടി. ജംഷേദ്പുര്‍ ഗോള്‍കീപ്പര്‍ രഹ്നേഷിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്‌സിനകത്തേക്ക് ഫക്കുണ്ടോ പെരേര നീട്ടിക്കൊടുത്ത പന്ത് പിടിച്ചടക്കാന്‍ മുറെ ശ്രമിച്ചു. ഇതുശ്രദ്ധിച്ച രഹ്നേഷ് മുന്നിലേക്ക് കയറിവന്ന് പന്ത് പിടിക്കാന്‍ ശ്രമിച്ചെങ്കിലും അത് പാളി. പന്ത് നേരെ മറെയുടെ കാലുകളിലേക്ക്. അത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യമേ താരത്തിനുണ്ടായിരുന്നുള്ളൂ. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് 3-1 ന് മുന്നിലെത്തി.

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്ലാദം കെട്ടടങ്ങും മുന്‍പ് ജംഷേദ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 84-ാം മിനിട്ടില്‍ വാല്‍സ്‌കിസാണ് ടീമിനായി രണ്ടാം ഗോള്‍ നേടിയത്. മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് ഗോള്‍ പിറന്നത്. ഇതോടെ മത്സരത്തിലെ രണ്ടാം ഗോളും സീസണിലെ എട്ടാം ​ഗോളും താരം സ്വന്തമാക്കി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം.....

Content Highlights: Kerala Blasters vs Jamshedpur FC ISL 2020-2021 Live Coverage

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram