Photo: twitter.com|IndSuperLeague
വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. ഇന്‍ജുറി ടൈമിന്റെ അവസാനം, കളി തീരാന്‍ 30 സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ഒരു ഗോള്‍ വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് സമനിലക്കുരുക്കില്‍ വീണത്. ഇരുടീമുകളും ഓരോ ഗോള്‍ വീതമിടിച്ച് പിരിഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൾ സമദ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
ബ്ലാസ്‌റ്റേഴ്‌സിനായി ജോര്‍ദാന്‍ മറെയും ഈസ്റ്റ് ബംഗാളിനായി സ്‌കോട്ട് നെവിലും ഗോള്‍ നേടി. ആദ്യ പാദ മത്സരത്തിന്റെ അതേ ഫലം തന്നെയായിരുന്നു ഇന്നത്തെ മത്സരത്തിലുമുണ്ടായത്. അന്ന് ഇന്‍ജുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സാണ് ഗോള്‍ നേടിയതെങ്കില്‍ ഇത്തവണ അത് ഈസ്റ്റ് ബംഗാളാണെന്ന് മാത്രം.
64-ാം മിനിട്ടില്‍ ജോര്‍ദാന്‍ മറെയിലൂടെ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് അവിശ്വസനീയമായാണ് മത്സരം കൈവിട്ടത്. കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ബ്ലാസ്റ്റേഴ്‌സ് താരം രാഹുലിന്റെ ക്ലിയറന്‍സില്‍ നിന്നാണ് കോര്‍ണര്‍ ടീം വഴങ്ങിയത്. ഇത് കൃത്യമായി മുതലെടുത്ത ഈസ്റ്റ് ബംഗാള്‍ സമനില ഗോള്‍ നേടി. ഈ സമനിലയോടെ ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്തും ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്തും തുടരുന്നു.
മത്സരം തുടങ്ങി ആദ്യ മിനിട്ടില്‍ തന്നെ ഒരു ഗോളവസരം സൃഷ്ടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. ഫക്കുണ്ടോ പെരേരയുടെ പാസ് മറെ പിടിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ പോസ്റ്റിലേക്കെത്തിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. മത്സരത്തിന്റെ നാലാം മിനിട്ടില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മധ്യനിര താരം ജീക്‌സണ്‍ സിങ് മഞ്ഞക്കാര്‍ഡ് കണ്ടു.
അഞ്ചാം മിനിട്ടില്‍ മറെയ്ക്ക് വീണ്ടും ബോക്‌സിനകത്ത് വെച്ച് ഓപ്പണ്‍ ചാന്‍സ് ലഭിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് തട്ടിയകറ്റി. ആദ്യ പത്തുമിനിട്ടില്‍ ഈസ്റ്റ് ബംഗാളിന് ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ സാധിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സ് നന്നായി തന്നെ ആക്രമിച്ച് കളിച്ചു.
11-ാം മിനിട്ടിലാണ് ഈസ്റ്റ് ബംഗാളിന് ആദ്യ അവസരം ലഭിക്കുന്നത്. എന്നാല്‍ ടീമിന്റെ ആക്രമണം ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ വിഫലമാക്കി.
പിന്നീട് ഈസ്റ്റ് ബംഗാള്‍ കളിയിലേക്ക് കയറി വന്നതോടെ മത്സരം ആവേശത്തിലായി. 33-ാം മിനിട്ടില്‍ മറെയെ ഫൗള്‍ ചെയ്തതിന് ഈസ്റ്റ് ബംഗാള്‍ പ്രതിരോധതാരം മിലന്‍ സിങ്ങിന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു.
ഈസ്റ്റ് ബംഗാള്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ പ്രതിരോധതാരങ്ങള്‍ കൃത്യമായി ബ്രൈറ്റിനെയും മഗോമയെയുമെല്ലാം മാര്‍ക്ക് ചെയ്ത് അപകടം ഒഴിവാക്കി.
രണ്ടാം പകുതിയില്‍ ആദ്യം ആക്രമിച്ച് ഈസ്റ്റ് ബംഗാളാണ്. ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനകത്ത് ബ്രൈറ്റ് ചെറുതായി ഭീതിയുണര്‍ത്തിയെങ്കിലും പ്രതിരോധതാരങ്ങള്‍ അത് കൃത്യമായി നേരിട്ടു. പിന്നാലെ 48-ാം മിനിട്ടില്‍ മറെ ഉഗ്രന്‍ ഷോട്ടെടുത്തെങ്കിലും ഗോള്‍കീപ്പര്‍ ദേബ്ജിത്ത് അത് തട്ടിയകറ്റി.
54-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹൂപ്പറിന് ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.
64-ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളിനായുള്ള കാത്തിരിപ്പിന് വിരാമമായി. ഈസ്റ്റ് ബംഗാളിന്റെ നെഞ്ചുപിളര്‍ന്നുകൊണ്ട് സൂപ്പര്‍ താരം ജോര്‍ദാന്‍ മറെ ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടി.ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ ലോങ്പാസ് സ്വീകരിച്ച് മറെ പന്ത് കൃത്യമായി വലയിലെത്തിച്ച് ടീമിന് നിര്‍ണായക ലീഡ് സമ്മാനിച്ചു.മറെയുടെ ഈ സീസണിലെ ആറാം ഗോളാണിത്. 69 മീറ്റര്‍ നീളമുള്ള പാസ്സാണ് ആല്‍ബിനോ നല്‍കിയത്
പിന്നാലെ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി യുവാന്‍ഡെ ലോപ്പസ് ഇന്നത്തെ മത്സരത്തിലൂടെ അരങ്ങേറി. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സിഡോയ്ക്ക് പകരമാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്.
ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാല്‍ കളിതീരാന്‍ 30 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ 95-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിനായി സ്‌കോട്ട് നെവില്‍ സമനില ഗോള്‍ നേടി. ബ്രൈറ്റ് എടുത്ത കോര്‍ണര്‍ കിക്ക് കൃത്യമായി ഹെഡ്ഡ് ചെയ്ത് താരം പന്ത് വലയിലെത്തിച്ചു. ഈ ഗോള്‍ വീണതോടെ മത്സരവും അവസാനിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....
Content Highlights: Kerala Blasters vs East Bengal ISL 2020-21 Live