Photo: twitter.com|KeralaBlasters
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ റഫറിയിങിന്റെ നിലവാരം കുറയുന്നതുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് പരാതി നല്‍കി. എ.ടി.കെ. മോഹന്‍ ബഗാനുമായുള്ള മത്സരത്തിലെ റഫറിയുടെ പിഴവുകളുടെ അടിസ്ഥാനത്തിലാണിത്. ടീമിനെതിരെ പെനാല്‍റ്റി വിധിച്ചതും ഗാരി ഹൂപ്പറിനെ എതിര്‍ഗോളി ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി ലഭിക്കാതിരുന്നതുമെല്ലാം പരാതിയില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്. മുമ്പ് മൂന്ന് മത്സരങ്ങളിലും ടീമിനെതിരെ റഫറിമാര്‍ തെറ്റായ തീരുമാനങ്ങളെടുത്ത് മത്സരഫലത്തെ ബാധിച്ചു. റഫറിയിങ് നിലവാരം കുറയുന്നതുമായി ബന്ധപ്പെട്ട ആശങ്കങ്ങള്‍ പരിഹരിക്കാന്‍ ഫെഡറേഷനുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ക്ലബ്ബ് വ്യക്തമാക്കി.
റഫറിമാരുടെ നിലവാരത്തകര്‍ച്ചയ്‌ക്കെതിരേ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയെയും സമീപിച്ചു. മോശം റഫറിയിങ് ടീമിന്റെ പോയന്റുകള്‍ നഷ്ടമാക്കുന്ന സാഹചര്യത്തിലാണ് കൂട്ടായ്മ ഫിഫയ്ക്ക് ഇ മെയില്‍ വഴി കത്തയച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെയും സൂപ്പര്‍ ലീഗ് അധികൃതരെയും ഒട്ടേറെ തവണ ഇക്കാര്യം അറിയിച്ചിട്ടും ഫലമില്ലാത്തതുകൊണ്ടാണ് ഫിഫയെ സമീപിക്കുന്നതെന്നും കത്തില്‍ വ്യക്തമാകുന്നു.
കഴിഞ്ഞ ഏഴു സീസണുകളിലായി സൂപ്പര്‍ ലീഗ് വളര്‍ച്ചയുടെ പാതയിലാണ്. എന്നാല്‍, ഇത്തവണ റഫറിയിങ് നിലവാരം വളരെ താഴ്ന്നനിലയിലാണ്. കളിയുടെ സൗന്ദര്യത്തെയും ആവേശത്തെയും ഇത് ബാധിക്കുന്നു. ഈ സീസണില്‍ മാത്രമല്ല മുന്‍ സീസണുകളിലും ബ്ലാസ്റ്റേഴ്‌സിന് റഫറിമാരുടെ തീരുമാനങ്ങള്‍ തിരിച്ചടിയായിട്ടുണ്ട്. ചില ടീമുകള്‍ക്ക് അനുകൂലമായി തീരുമാനങ്ങളുണ്ടാകുന്നു. ഇത്തരം കാര്യങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കുതന്നെ തടസ്സമാകുമെന്നും കത്തില്‍ ചുണ്ടിക്കാണിക്കുന്നു.
ഏഴാം സീസണില്‍ റഫറിയിങ്ങിനെതിരേ വ്യാപക, പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വമ്പന്‍ ടീമുകള്‍ക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടാകുന്നതും തെറ്റായ തീരുമാനങ്ങളും പല പരിശീലകരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
Content Highlights: Kerala Blasters officials submit petition against the poor refreeing in ISL