Photo: twitter.com|IndSuperLeague
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇപ്പോഴും നല്ല നിലയിലല്ല കേരള ബ്ലാസ്റ്റേഴ്‌സ്. പ്ലേ ഓഫില്‍ എത്തുമെന്ന് ഉറപ്പുമില്ല. എന്നാല്‍ ഏറെക്കാലത്തിനുശേഷം ടീമായി കളിക്കുന്ന, ഭാവിയില്‍ എതിരാളികള്‍ ഭയക്കുന്ന ടീമായി മാറുമെന്ന പ്രതീക്ഷ നല്‍കിയാണ് സമീപകാലത്തെ ഓരോ കളിക്കുശേഷവും ടീം കളം വിടുന്നത്. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്.സിക്കെതിരേ കണ്ടത്. ലീഗിന്റെ രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സില്‍ മാറ്റം പ്രകടമാകുന്നത്.
ഈസ്റ്റ് ബംഗാളിനെതിരേയും രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സില്‍ പോരാട്ടവീര്യവും ഒത്തിണക്കവും പ്രകടമായത്. ഒഡീഷക്കെതിരേ പിഴച്ചെങ്കിലും ഹൈദരാബാദ്, മുംബൈ സിറ്റി, ജംഷേദ്പുര്‍, വീണ്ടും ഈസ്റ്റ് ബംഗാള്‍, ഒടുവില്‍ ബെംഗളൂരു എന്നീ ടീമുകള്‍ക്കെതിരേ പുതിയ ബ്ലാസ്റ്റേഴ്‌സിനെ കണ്ടു. ഏതെങ്കിലും താരത്തെ അമിതമായി ആശ്രയിക്കാതെ, വിജയിക്കാന്‍ കൂട്ടമായി പൊരുതുന്ന ടീം. ബെംഗളൂരുവിനെതിരേ കളിക്കാനിറങ്ങുമ്പോള്‍ മികച്ച ഫോമിലുള്ള മധ്യനിരതാരം ഫക്കുണ്ടോ പെരെയ്‌ര ടീമിലുണ്ടായിരുന്നില്ല. എന്നിട്ടും പിന്നില്‍നിന്ന് പൊരുതി വിജയം നേടുന്നിടത്ത് ടീമിന്റെ മനോഭാവത്തില്‍ വന്ന മാറ്റവും പരിശീലകന്റെ തന്ത്രങ്ങളും പ്രതിഫലിക്കുന്നു.
പരിചയസമ്പന്നരായ ജെസെല്‍ കാര്‍നെയ്‌റോ, നിഷുകുമാര്‍ എന്നിവരില്ലാത്ത പ്രതിരോധമാണ് ബെംഗളൂരുവിനെതിരേ ഇറങ്ങിയത്. മധ്യനിരയില്‍ ഡിസ്‌ട്രോയറായി തിളങ്ങുന്ന ജീക്‌സന്‍ സിങ്ങിനെ സെന്‍ട്രല്‍ ഡിഫന്‍സിലേക്കും സന്ദീപ് സിങ്ങിനെ ആക്രമണച്ചുമതല കൂടിയുള്ള വിങ്ബാക്കായും കളിപ്പിച്ച പരിശീലകന്‍ കിബുവിന്റെ തന്ത്രങ്ങള്‍ വിജയിച്ചു. സന്ദീപ് സിങ് ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ വിജയിച്ചു.
കിബു ടീമിന്റെ ഗെയിംപ്ലാനില്‍ വരുത്തിയ ചില മാറ്റങ്ങള്‍ നിര്‍ണായകമായി. 4-2-3-1, 4-3-3, 4-1-4-1 ശൈലികള്‍ക്ക് ശേഷം ടീം 4-4-1-1 ശൈലിയിലേക്ക് എത്തി. ടീമിന് നല്ല ബാലന്‍സ് നല്‍കുന്നതാണ് ഈ ഫോര്‍മേഷന്‍. ഫൈനല്‍ തേര്‍ഡില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ വിഷമിച്ച ഗാരി ഹൂപ്പറെ സ്‌ട്രൈക്കര്‍ ജോര്‍ഡാന്‍ മറെയ്ക്കും മധ്യനിരയ്ക്കും ഇടയില്‍ കളിപ്പിക്കാനുള്ള തീരുമാനമാണ് ബ്ലാസ്റ്റേഴ്‌സ് ആക്രമണസ്വഭാവം മാറ്റിയത്.
മുമ്പ് ഫൈനല്‍ തേര്‍ഡിലേക്കുള്ള പന്തിന്റെ ഒഴുക്ക് കുറവായിരുന്നെങ്കില്‍ ഹൂപ്പറുടെ പൊസിഷന്‍ മാറ്റത്തോടെ അത് മാറി. ബോക്‌സിലേക്ക് ഏതുസമയത്തും ഗോള്‍മണമുള്ള പന്തുകള്‍ നല്‍കാന്‍ ഹൂപ്പറിന് കഴിയുന്നു. ഇതിനൊപ്പം ഫക്കുണ്ടോ സഹല്‍ അബ്ദു സമദ് സഖ്യത്തെ വിങ്ങുകളില്‍ കളിപ്പിച്ചതോടെ ആക്രമണത്തില്‍ നാല്‍വര്‍ സംഘത്തെ സൃഷ്ടിക്കാനുമായി. വിസന്റെ ഗോമസ് ജീക്‌സണ്‍ സിങ്, പുതുതായെത്തിയ യുവാന്‍ഡെ എന്നിവരുടെ കഠിനാധ്വാനം കൂടിയാകുമ്പോള്‍ മധ്യമുന്നേറ്റനിരകള്‍ കൃത്യമായ ഒത്തിണക്കം കാണിക്കുന്നു.
Content Highlights: Kerala Blasters need to perform better for the upcoming matches in ISL