കിബു വികുന. Photo Courtesy: ISL
കോഴിക്കോട്: സ്പാനിഷുകാരൻ കിബു വികുനയെ സീസൺ അവസാനിക്കുംമുമ്പ് പുറത്താക്കിയതോടെ പരിശീലകർ വാഴാത്ത ക്ലബ്ബെന്ന ദുഷ്‌പേര് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ഉറയ്ക്കുകയാണ്. വികുനയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ബുധനാഴ്ച സ്ഥിരീകരിച്ചു. ഏഴു സീസണിൽ ഒമ്പതു പരിശീലകരാണ് ടീമിനെ ഒരുക്കിയിറക്കിയത്. ഇതിൽ മൂന്നുപേർക്ക് മാത്രമാണ് ഒരു സീസൺ പൂർത്തിയാക്കാനായത്.
ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് കിബു വികുനയെ മാനേജ്‌മെന്റ് എത്തിച്ചത്. ഐ ലീഗിൽ കൊൽക്കത്ത ക്ലബ്ബ് മോഹൻ ബഗാനെ ചാമ്പ്യന്മാരാക്കിയ ഖ്യാതിയോടെ എത്തിയ സ്പാനിഷ് പരിശീലകന് ഇന്ത്യൻ സൂപ്പർ ലീഗിൽ മികവ് തുടരാൻ കഴിഞ്ഞില്ല. 18 കളിയിൽ മൂന്ന് ജയം മാത്രം നേടി പത്താം സ്ഥാനത്തേക്ക് ടീം വീണുപോയതോടെ പരിശീലകപദവി മുൾക്കിരീടമായി. കിബു രാജിവെച്ചതാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനാകും ചുമതല.
കളിക്കാരുടെ പരിക്കും റഫറിമാരുടെ മോശം തീരുമാനങ്ങളും ടീമിന്റെ മോശം ഫലത്തിന് കാരണമായിട്ടുണ്ട്. മുൻവർഷങ്ങളേക്കാൾ ടീമിന്റെ പ്രകടനവും മെച്ചപ്പെട്ടു. എന്നാൽ, നിലവാരം കൂടുന്ന സൂപ്പർ ലീഗിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കാനും ദീർഘദൃഷ്ടിയോടെ പദ്ധതിയൊരുക്കാനും മാനേജ്‌മെന്റിന് കഴിഞ്ഞില്ലെന്ന് പോയന്റ് പട്ടിക തെളിയിക്കുന്നു.
എ.ടി.കെ. മോഹൻ ബഗാൻ, എഫ്.സി. ഗോവ, മുംബൈ സിറ്റി തുടങ്ങിയ ക്ലബ്ബുകൾ കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന പ്രൊഫഷണൽ മികവ് ബ്ലാസ്റ്റേഴ്‌സിനില്ലാതെപോയി. വിദേശതാരങ്ങളിൽ ഭൂരിഭാഗവും മികവുകാണിച്ചെങ്കിലും ഇന്ത്യൻ താരങ്ങളുടെ തിരഞ്ഞെടുപ്പ് ശരാശരിയായി. മികച്ചൊരു ആദ്യ ഇലവൻ ഇല്ലാതെപോയി.
സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ 20 ലക്ഷം ഫോളോവേഴ്‌സാകുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായി മാറിയതിനു പിന്നാലെയാണ് പരിശീലകന് പുറത്തുപോകേണ്ടിവരുന്നത്. ആദ്യ സീസണിൽ ഡേവിഡ് ജെയിംസും മൂന്നാം സീസണിൽ സ്റ്റീവ് കോപ്പലും കഴിഞ്ഞ സീസണിൽ എൽകോ ഷെട്ടോറിയുമാണ് ബ്ലാസ്റ്റേഴ്‌സിൽ കാലാവധി തികച്ച പരിശീലകർ.
Content Highlights: Kerala Blasters Coch Kibu Vikuna ISL