Photo: twitter.com|IndSuperLeague
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ.എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷേദ്പുര്‍ എഫ്.സി. മുബഷിര്‍ റഹ്മാനാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ ജംഷേദ്പുര്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ജംഷേദ്പുരിന്റെ ലെൻ ദുംഗൽ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
സമനിലയും തോല്‍വിയും തുടര്‍ച്ചയായി പിടികൂടിയ ജംഷേദ്പുരിന് ഏറെ ആശ്വാസം പകരുന്ന വിജയമാണിത്. ഈ വിജയത്തോടെ ടീം പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കുതിച്ചു. എന്നാല്‍ ഈ സീസണില്‍ ഒരു വിജയം മാത്രം നേടിയ ഒഡിഷ അവസാന സ്ഥാനത്ത് തുടരുന്നു. ഈ തോല്‍വിയോടെ ഒഡിഷയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു.
മത്സരം തുടങ്ങി അഞ്ചാം മിനിട്ടിലാണ് ആദ്യ മുന്നേറ്റം നടന്നത്. ജംഷേദ്പുരാണ് ആ മുന്നേറ്റത്തിന് പിന്നില്‍. പന്തുമായി ബോക്‌സിനകത്തേക്ക് മുന്നേറിയ ജംഷേദ്പുരിന്റെ ലെന്‍ ദുംഗലിന്റെ ഉഗ്രന്‍ ഷോട്ട് ഒഡിഷയുടെ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് തട്ടിയകറ്റി.
പിന്നീട് നല്ലൊരു അവസരം സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. ഒഡിഷയുടെയും ജംഷേദ്പുരിന്റെയും മുന്നേറ്റനിര നിറം മങ്ങിയതോടെ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമുകളും പിന്നിലേക്ക് പോയി. എങ്കിലും നേരിയ ആധിപത്യം പുലര്‍ത്തിയത് ജംഷേദ്പുര്‍ എഫ്.സിയാണ്. നിരന്തരം ആക്രമിച്ച് കളിക്കാന്‍ ടീം അംഗങ്ങള്‍ ശ്രമിച്ചെങ്കിലും ഗോള്‍ നേടാനായില്ല. 24-ാം മിനിട്ടില്‍ ഒഡിഷയുടെ മാനുവേല്‍ ഒണ്‍വുവിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് ഒരു കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പോസ്റ്റിന് മുകളിലൂടെ പറന്നു.
32-ാം മിനിട്ടില്‍ ജംഷേദ്പുരിന്റെ ഫാറൂഖ് ചൗധരിയ്ക്ക് ബോക്‌സിനകത്തേക്ക് ലെന്‍ ദുംഗല്‍ മികച്ച ഒരു പാസ് നല്‍കി. പന്ത് അനായാസേന വലയിലെത്തിക്കാവുന്ന അവസ്ഥയിലായിരുന്നു ഫാറൂഖ്. എന്നിട്ടും താരം പന്ത് പോസ്റ്റിന് മുകളിലൂടെ പറത്തി.
എന്നാല്‍ ജംഷേദ്പുരിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ ഫലം വന്നു. 42-ാം മിനിട്ടില്‍ മുബഷിർ റഹ്മാനിലൂടെ ടീം ഒഡിഷയ്‌ക്കെതിരേ ലീഡെടുത്തു. ബോക്‌സിന് വെളിയില്‍ നിന്നും മുബഷിര്‍ എടുത്ത പാസ് വാൽസ്കിസിന്റെ കാലിലേക്ക് പതിക്കുമെന്ന് തോന്നിച്ചു. ഇതുകണ്ട് സ്ഥാനം തെറ്റി നിന്ന അർഷ്ദീപിനെ കബിളിപ്പിച്ച് പന്ത് വാൽസ്കിസിന്റെ കാലിൽ തട്ടാതെ വലയിലേക്ക് കയറി. വാൽസ്കിസ് പന്ത് എടുക്കുമെന്ന് മുൻകൂട്ടിക്കണ്ട അർഷ്ദീപിന്റെ പാളിച്ചയിൽ നിന്നാണ് ഗോൾ പിറന്നത്. 39 മീറ്റർ ദൂരത്തുനിന്നുമാണ് മുബഷിർ ഈ അത്ഭുത ഗോൾ നേടിയത്.
രണ്ടാം പകുതിയില്‍ ജംഷേദ്പുര്‍ പതിഞ്ഞ താളത്തിലാണ് കളിച്ചത്. എന്നാല്‍ അത് മുതലെടുത്ത് ആക്രമിച്ച് കളിക്കാന്‍ ഒഡിഷയ്ക്ക് കഴിഞ്ഞില്ല. മാനുവല്‍ ഒണ്‍വുവും ഡീഗോ മൗറീഷ്യോയയുമെല്ലാം താളം കണ്ടെത്താതെ വലഞ്ഞു.
59-ാം മിനിട്ടില്‍ ജംഷേദ്പുരിനായി ബൈസിക്കിള്‍ കിക്കിലൂടെ ഒരു ഗോള്‍ നേടാന്‍ വാല്‍സ്‌കിസ് ശ്രമിച്ചെങ്കിലും പന്ത് ഒഡിഷ പോസ്റ്റിന് വെളിയിലൂടെ കടന്നുപോയി.
ഗോള്‍ നേടാനായി ഒഡിഷ നന്നായി തന്നെ പരിശ്രമിച്ചു. 71-ാം മിനിട്ടില്‍ ഒഡിഷയുടെ പോളിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും അദ്ദേഹം പന്ത് പോസ്റ്റിന് വെളിയിലൂടെ പറത്തി. അനായാസേന ഗോള്‍ നേടാന്‍ കഴിയുന്ന അവസരമായിരുന്നു അത്. കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഗോള്‍ നേടാനാണ് ഒഡിഷ ശ്രമിച്ചത്.
ജംഷേദ്പുര്‍ അവസാന പത്തുമിനിട്ടുകളില്‍ കൂടുതലായി പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതോടെ ഒഡിഷയ്ക്ക് ഗോള്‍ നേടാനുള്ള സാധ്യതകള്‍ ഏറെക്കുറേ അവസാനിച്ചു.മത്സരത്തിന്റെ അധികസമയത്ത് ജംഷേദ്പുരിന്റെ ഫാറൂഖ് ചൗധരിയുടെ ഉഗ്രന്‍ കിക്ക് ഒഡിഷ പോസ്റ്റിലിടിച്ച് തെറിച്ചു.
മാനുവല്‍ ഒണ്‍വു ഫോമിലേക്കുയര്‍ന്നിരുന്നെങ്കില്‍ മത്സരത്തില്‍ ഒഡിഷയ്ക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നു. മധ്യനിരയും പ്രതിരോധവും ഒത്തിണക്കത്തോടെ കളിച്ചപ്പോഴും മുന്നേറ്റനിരയ്ക്ക് താളം കണ്ടെത്താന്‍ സാധിച്ചില്ല. ഇത് ഒഡിഷയുടെ പരാജയത്തിന് കാരണമായി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....
Content Highlights: Jamshedpur FC vs Odisha FC ISL 2020-2021