ഗോവയെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി മുംബൈ സിറ്റി എഫ്.സി ഐ.എസ്.എൽ ഫൈനലിൽ


3 min read
Read later
Print
Share

പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട സെമി ഫൈനല്‍ മത്സരത്തില്‍ 6-5 എന്ന സ്‌കോറിന് ഗോവയെ കീഴടക്കിയാണ് മുംബൈ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

Photo: twitter.com|IndSuperLeague

ബംബോലിം: വാനോളം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഗോവ എഫ്.സിയെ കീഴടക്കി മുംബൈ സിറ്റി എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട സെമി ഫൈനല്‍ മത്സരത്തില്‍ 6-5 എന്ന സ്‌കോറിന് ഗോവയെ കീഴടക്കിയാണ് മുംബൈ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില വഴങ്ങി.

ഐ.എസ്.എല്‍ ചരിത്രത്തിലാദ്യമായാണ് മുംബൈ ഫൈനലിലെത്തുന്നത്. നിശ്ചിത സമയത്ത് ഒരു ഷോട്ടുപോലും ലക്ഷ്യത്തിലേക്കടിക്കാതെയാണ് മുംബൈ പെനാല്‍ട്ടിയില്‍ വിജയിച്ച് ഫൈനലിലെത്തിയത് എന്നത് കൗതുകകരമായ കാര്യമാണ്. ഒന്‍പതാം കിക്കെടുത്ത റൗളിങ് ബോര്‍ജസാണ് ടീമിനെ ഫൈനലിലെത്തിച്ചത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഭാഗ്യം ഗോവയെ തുണച്ചില്ല. ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാല്‍വസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

മത്സരത്തിന്റെ തുടക്കത്തില്‍ മുംബൈ സിറ്റി മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ ആറുമിനിട്ടുകള്‍ക്കുള്ളില്‍ തന്നെ രണ്ട് കോര്‍ണറുകള്‍ നേടിയെടുക്കാന്‍ ടീമിന് സാധിച്ചു. പക്ഷേ ആദില്‍ ഖാന്‍ നയിച്ച ഗോവന്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ ഈ രണ്ട് അവസരങ്ങളും മുതലാക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല.

പിന്നീട് പതിയേ ഗോവയും മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. പക്ഷേ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമുകളും പുറകോട്ടുപോയി.

25-ാം മിനിട്ടില്‍ ഗോവയുടെ ഓര്‍ഗെ ഓര്‍ട്ടിസ് മുംബൈ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തൊട്ടുപിന്നാലെ ഒരു സുവര്‍ണാവസരം ഗോവയ്ക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ ടീമിന് സാധിച്ചില്ല. റണവാഡെയുടെ തകര്‍പ്പന്‍ ക്ലിയറന്‍സ് ഗോവയ്ക്ക് വിലങ്ങുതടിയായി.

പിന്നീട് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോവയ്ക്ക് സുവര്‍ണാവസരം ലഭിച്ചു. 47-ാം മിനിട്ടില്‍ ഗോവയുടെ റൊമാരിയോ ജെസുരാജിന്റെ ദുര്‍ബലമായ ഷോട്ട് മുംബൈയുടെ പോസ്റ്റിലിടിച്ച് തെറിച്ചു. പിന്നാലെ ചില മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഗോവ വിജയിച്ചു.

54-ാം മിനിട്ടില്‍ ഗോവയുടെ സേവ്യര്‍ ഗാമ ഇടതുകാലുകൊണ്ടൊരു ബുള്ളറ്റ് ഷോട്ടുതിര്‍ത്തെങ്കിലും അമരീന്ദര്‍ അത് തട്ടിയകറ്റി. 62-ാം മിനിട്ടില്‍ മുംബൈയുടെ ആദം ലേ ഫോണ്‍ഡ്രേയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും കൃത്യമായി അത് ക്ലിയര്‍ ചെയ്ത് ആദില്‍ ഖാന്‍ ഗോവയെ രക്ഷിച്ചു. തൊട്ടുപിന്നാലെ ഗോവയുടെ ഇഷാന്‍ പണ്ഡിതയുടെ ഹെഡ്ഡര്‍ അമരീന്ദര്‍ തട്ടിയകറ്റി.

മത്സരത്തില്‍ മുംബൈയ്ക്ക് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ നേടാന്‍ തീരെ സാധിച്ചില്ല. ഗോവയാണ് മുബൈ സിറ്റിയേക്കാള്‍ കൂടുതല്‍ ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ ഉതിര്‍ത്തത്. മത്സരം തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ജെയിംസ് ഡൊണാച്ചിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോള്‍വലയിലെത്തിക്കാന്‍ ഗോവയ്ക്ക് സാധിച്ചില്ല. ഇതോടെ നിശ്ചിതസമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചു. മത്സരം അധികസമയത്തേക്ക് നീളുകയും ചെയ്തു.

എക്‌സ്ട്രാ ടൈമില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം പുറത്തെടുത്തു. 102-ാം മിനിട്ടില്‍ ഓര്‍ട്ടിസിനെ ബോക്‌സിന് വെളിയില്‍ നിന്നും മന്ദര്‍ റാവു ദേശായി ഫൗള്‍ ചെയ്തതിന്റെ ഭാഗമായി ഗോവയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. എഡു ബേഡിയയെടുത്ത ഉഗ്രന്‍ കിക്ക് തട്ടിയകറ്റി അമരീന്ദര്‍ വീണ്ടും മുംബൈയുടെ രക്ഷകനായി.

എക്‌സ്ട്രാ ടൈമിന് ശേഷം രണ്ട് ടീമുകളും ഗോള്‍കീപ്പര്‍മാരെ മാറ്റി. ഗോവയില്‍ ധീരജ് സിങ്ങിന് പകരം നവീന്‍ കുമാറും മുംബൈയില്‍ നായകന്‍ അമരീന്ദര്‍ സിങ്ങിന് പകരം ഫുര്‍ബ ലചെന്‍പയും ഗോള്‍വല കാക്കാനെത്തി. ഫുര്‍ബയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ പെനാല്‍ട്ടി ഷൂട്ടൗട്ടായിരുന്നു മത്സരത്തില്‍ പിറന്നത്.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഫുര്‍ബയും നവീനും തകര്‍പ്പന്‍ ഫോമില്‍ കളിച്ചതോടെ ഇരുടീമുകളും വിയര്‍ത്തു. ഗോവയുടെ എഡു ബേഡിയയാണ് ആദ്യ കിക്കെടുത്തത്. ഇത് തട്ടിയകറ്റി ഫുര്‍ബ മുംബൈയ്ക്ക് കളി അനുകൂലമാക്കി. മുംബൈയ്ക്ക് വേണ്ടി ആദ്യ കിക്കെടുത്ത ഒഗ്‌ബെച്ചെ അനായാസം പന്ത് വലയിലെത്തിച്ചതോടെ മുംബൈ 1-0 ന് മുന്നില്‍ കയറി. ഗോവയുടെ രണ്ടാം കിക്കെടുത്ത ബ്രാന്റണ്‍ ഫെര്‍ണാണ്ടസിന്റെ കിക്ക് ബാറിലിടിച്ച് തെറിച്ചതോടെ മുംബൈ വിജയം സ്വപ്നം കണ്ടു.

എന്നാല്‍ മുംബൈയ്ക്ക് വേണ്ടി രണ്ടാം കിക്കെടുത്ത ഹെര്‍നാന്‍ സന്റാനയുടെ കിക്ക് തട്ടിയകറ്റി നവീന്‍ കുമാര്‍ ഗോവയ്ക്ക് ആശ്വാസം പകര്‍ന്നു. പിന്നാലെ കിക്കെടുത്ത ഗോവയുടെ ഇഗോര്‍ അംഗൂളോ ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 1-1 എന്ന നിലയിലായി. മുംബൈയുടെ ബൗമസിന്റെ കിക്ക് നവീന്‍ തട്ടിയകറ്റിയതോടെ ഗോവയ്ക്ക് മുന്നില്‍ കയറാനുള്ള അവസരം ലഭിച്ചു. ഐവാന്‍ ലക്ഷ്യം കണ്ടതോടെ ഗോവ 2-1 ന് മുന്നിലെത്തി. പിന്നാലെ വന്ന റെയ്‌നിയര്‍ മുംബൈയ്ക്ക് വേണ്ടി ഗോള്‍ നേടി. ഇതോടെ സ്‌കോര്‍ 2-2 എന്ന നിലയിലായി.

പക്ഷേ ഗോവയുടെ നിര്‍ണായക കിക്കെടുത്ത ഡോണച്ചിയുടെ അടി പുറത്തേക്ക് പോയതോടെ ടീം വിയര്‍ത്തു. ഇതോടെ അവസാന കിക്കെടുത്താല്‍ ഫൈനല്‍ ബെര്‍ത്തുറപ്പിക്കാം എന്ന സുവര്‍ണാവസരം മുംബൈയ്ക്ക് കൈവന്നു. പക്ഷേ അഹമ്മദ് ജാഹു എടുത്ത കിക്ക് അതിമനോഹരമായി രക്ഷപ്പെടുത്തി നവീന്‍ ഗോവയ്ക്ക് ആശ്വാസം പകര്‍ന്നു. ഇതോടെ നിശ്ചിത പെനാല്‍ട്ടി ഷൂട്ടൗട്ടും സമനിലയിലായി (2-2). മത്സരം സഡന്‍ ഡെത്തിലേക്ക് നീണ്ടു.

സഡന്‍ ഡെത്തില്‍ ഗോവയ്ക്ക് വേണ്ടി ഇഷാന്‍ പണ്ഡിതയും ഓര്‍ട്ടിസും ആദില്‍ ഖാനും ലക്ഷ്യം കണ്ടപ്പോള്‍ മുംബൈയുടെ റണവഡെയും മൊര്‍ത്താദ ഫാളും മന്ദര്‍ റാവു ദേശായിയും സ്‌കോര്‍ ചെയ്തു. ഇതോടെ സ്‌കോര്‍ 5-5 എന്ന നിലയിലായി. എന്നാല്‍ ഒന്‍പതാമത്തെ കിക്കെടുത്ത ഗോവയുടെ ഗ്ലാനിന് ലക്ഷ്യം തെറ്റി. താരത്തിന്റെ ഷോട്ട് പോസ്റ്റിന് വെളിയിലേക്ക് പോയി. ഇതോടെ അടുത്ത കിക്ക് ലക്ഷ്യത്തിലെത്തിച്ചാല്‍ മുംബൈയ്ക്ക് കന്നി ഫൈനലിലേക്ക് ടിക്കറ്റെടുക്കാവുന്ന അവസരം വന്നുചേര്‍ന്നു. കിക്കെടുത്ത റൗളിങ് ബോര്‍ജസ് പന്ത് കൃത്യമായി വലയിലെത്തിച്ച് 6-5 എന്ന സ്‌കോറിന് മുംബൈ എഫ്‌സിയെ ഫൈനലിലെത്തിച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....

Content Highlights: ISL second leg semi final Mumbai City FC vs Goa FC

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram