Photo: indiansuperleague.com
ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന എഫ്.സി ഗോവ - മുംബൈ സിറ്റി ആദ്യപാദ സെമിഫൈനല്‍ മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി.
മാര്‍ച്ച് എട്ടിന് നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും.
20-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. 19-ാം മിനിറ്റില്‍ ജോര്‍ജ് ഓര്‍ട്ടിസിനെ മന്ദര്‍ റാവു ദേശായ് ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഇഗോള്‍ അംഗൂളോ ഗോവയെ മുന്നിലെത്തിച്ചു.
38-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ മുംബൈ ഒപ്പമെത്തി. ബോക്‌സിന്റെ പുറത്തു നിന്നുള്ള ബോമസിന്റെ ഷോട്ട് ധീരജ് സിങ്ങിന് യാതൊരു അവസരവും നല്‍കാതെ വലയിലെത്തുകയായിരുന്നു.
59-ാം മിനിറ്റില്‍ സേവ്യര്‍ ഗാമയിലൂടെ ഗോവ വീണ്ടും മുന്നിലെത്തി. മിഡ്ഫീല്‍ഡില്‍ ഇടതുവശത്തു നിന്ന് പന്ത് ലഭിച്ച ഗാമ മുംബൈ ഡിഫന്‍ഡര്‍മാരെ മറികടന്ന് ഒറ്റയ്ക്ക് മുന്നേറി ബോക്‌സിന്റെ പുറത്തുനിന്ന് തൊടുത്ത ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ഈ ഗോള്‍ വീണ് മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ (62) മുര്‍ത്താത ഫാളിലൂടെ മുംബൈ സമനില ഗോള്‍ കണ്ടെത്തി. അഹമ്മദ് ജാഹു എടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. ബോക്‌സിലേക്കെത്തിയ പന്ത് ഫാള്‍ വലയിലെത്തിക്കുന്നത് കണ്ടുനില്‍ക്കാനേ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിന് സാധിച്ചുള്ളൂ.
Content Highlights: ISL 2020-21 semi final 1st leg Tied at 2-2