Photo: twitter.com|IndSuperLeague
വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന് അവസാനിക്കുമ്പോള്‍ ശക്തരായ ഗോവ എഫ്.സിയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പത്തുപേരായി ചുരുങ്ങിയിട്ടും ആത്മവിശ്വാസത്തോടെയും ഒത്തിണക്കത്തോടെയും കളിച്ച ഈസ്റ്റ് ബംഗാള്‍ വിജയത്തിന് തുല്യമായ സമനിലയാണ് നേടിയെടുത്തത്.
ഈസ്റ്റ് ബംഗാളിനായി ബ്രൈറ്റ് എനോബഖാരെയും ഗോവയ്ക്കായി ദേവേന്ദ്ര മുര്‍ഗാവോന്‍കറും ഗോള്‍ നേടി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്രൈറ്റാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ഈ സമനിലയോടെ ഗോവ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കും ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഒന്‍പതാം സ്ഥാനത്തേക്കും ഉയര്‍ന്നു.
മത്സരം തുടങ്ങിയപ്പോള്‍ ഇരുടീമുകളും ഒരുപോലെയാണ് കളിച്ചുതുടങ്ങിയത്. മത്സരത്തിലെ ആദ്യ അവസരം നേടിയെടുത്തത് ഗോവയാണ്. നാലാം മിനിട്ടില്‍ ബ്രാന്റണ്‍ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് മനോഹരമായി ഡൊണാച്ചി ഹെഡ്ഡ് ചെയ്‌തെങ്കിലും ഒരു മുഴുനീള ഡൈവിലൂടെ അവിശ്വസനീയമായി ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാര്‍ തട്ടിയകറ്റി.
പിന്നാലെ മികച്ച ഒരു കൗണ്ടര്‍ അറ്റാക്ക് നടത്താന്‍ ഈസ്റ്റ് ബംഗാള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് പതിയെ മത്സരം ഗോവ ഏറ്റെടുത്തു. കുറിയ പാസ്സുകളിലൂടെ ഗോവ കളം നിറഞ്ഞു. എന്നാലും കഴിഞ്ഞ മത്സരങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മികച്ച പ്രകടനമാണ് ഈസ്റ്റ് ബംഗാള്‍ കാഴ്ചവെച്ചത്.
28-ാം മിനിട്ടില്‍ ബ്രൈറ്റ് എടുത്ത മികച്ച ഒരു ഫ്രീകിക്ക് ആരോണ്‍ നന്നായി തന്നെ ഹെഡ് ചെയ്‌തെങ്കിലും പന്ത് ഗോവന്‍ പോസ്റ്റിന് വെളിയിലൂടെ പോയി. പിന്നാലെ രാജു ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ ലോങ് ത്രോ ഈസ്റ്റ്ബംഗാള്‍ നായകന്‍ ഡാനിയേല്‍ ഫോക്‌സിന് ഫ്രീ ഹെഡ്ഡറായി ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് മുതലാക്കാനായില്ല.
38-ാം മിനിട്ടില്‍ ജെസുരാജ് എടുത്ത ഒരു ഉഗ്രന്‍ കിക്ക് ദേബ്ജിത്ത് തട്ടിയകറ്റി. ഈസ്റ്റ് ബംഗാളിന്റെ ഗോള്‍കീപ്പറായ ദേബ്ജിത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയില്‍ ആറ് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളാണ് ഗോവ അടിച്ചത്. പക്ഷേ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് ഈസ്റ്റ് ബംഗാളിന്റെ രക്ഷകനായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോവ ആക്രമിച്ചാണ് കളിച്ചത്. ഈസ്റ്റ് ബംഗാളാകട്ടെ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. കൗണ്ടര്‍ അറ്റാക്കുകളിലാണ് ടീം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഗോവയുടെ കുന്തമുനയായ ഇഗോര്‍ അംഗൂളോയെ കൃത്യമായി തളയ്ക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചു. അതുകൊണ്ടുതന്നെ ഗോവയുടെ ആക്രമണത്തിന് മൂര്‍ച്ച കുറവായിരുന്നു.
57-ാം മിനിട്ടില്‍ ഗോവയുടെ ജെസുരാജിനെ ഫൗള്‍ ചെയ്തതിന് ഈസ്റ്റ് ബംഗാള്‍ നായകനും പ്രതിരോധതാരവുമായ ഡാനിയേല്‍ ഫോക്‌സിന് റഫറി ചുവപ്പുകാര്‍ഡ് വിധിച്ചു. പക്ഷേ ചുവപ്പ് കാര്‍ഡ് ലഭിക്കാന്‍ തക്കവണ്ണമുള്ള ഫൗളായിരുന്നില്ല താരം നടത്തിയത്. റഫറിയുടെ ആ പിഴവിന് വലിയ വിലയാണ് ഈസ്റ്റ് ബംഗാള്‍ നല്‍കേണ്ടി വന്നത്. 57-ാം മിനിട്ടുമുതല്‍ ടീം പ്രധാന പ്രതിരോധ താരമില്ലാതെ 10 പേരായി ചുരുങ്ങി.
പിന്നാലെ ഈസ്റ്റ് ബംഗാളിന് മികച്ച ഒരു അവസരം ലഭിച്ചു. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മുന്നേറ്റതാരം സ്റ്റെയിന്‍മാന്‍ നന്നായി ഡ്രിബിള്‍ ചെയ്ത് ബോക്‌സിനകത്തെത്തിയെങ്കിലും അദ്ദേഹത്തിന് നന്നായി ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. ഈസ്റ്റ് ബംഗാളിനായി ബ്രൈറ്റ് ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലോകോത്തര നിരവാരമുള്ള പ്രകടനമാണ് അദ്ദേഹത്തിന്റെ ബൂട്ടില്‍ നിന്നും പിറന്നത്.
പത്തുപേരായി ചുരുങ്ങിയിട്ടും അതൊന്നും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധത്തെ ബാധിച്ചില്ല. ഒത്തിണക്കത്തോടെയുള്ള കളിയാണ് ടീം പുറത്തെടുത്തത്. അതിനുള്ള ഫലം 79-ാം മിനിട്ടില്‍ ലഭിച്ചു.
പന്തുമായി ബോക്‌സിനകത്തേക്ക് മുന്നേറിയ ഈസ്റ്റ് ബംഗാള്‍ താരം ബ്രൈറ്റ് നാല് ഗോവന്‍ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചുകൊണ്ട് അനായാസേന പന്ത് വലയിലെത്തിച്ചു. ഇതോടെ ഗോവയ്‌ക്കെതിരേ ഈസ്റ്റ് ബംഗാള്‍ ഒരു ഗോളിന് മുന്നില്‍ കയറി. ഐ.എസ്.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളാണ് ബ്രൈറ്റ് നേടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും താരം സ്‌കോര്‍ ചെയ്തു.
എന്നാല്‍ ഈസ്റ്റ് ബംഗാളിന്റെ ആഹ്ലാദത്തിന് ഒരു മിനിട്ട് പോലും ആയുസ്സുണ്ടായിരുന്നില്ല. ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ ഈസ്റ്റ് ബംഗാള്‍ സമനില ഗോള്‍ വഴങ്ങി. ഗോവയ്ക്ക് വേണ്ടി പകരക്കാരനായി എത്തിയ ദേവേന്ദ്രയാണ് സ്‌കോര്‍ ചെയ്തത്. ക്രോസില്‍ നിന്നും പന്ത് സ്വീകരിച്ച ദേവേന്ദ്ര ഒരു മികച്ച ഹെഡ്ഡറിലൂടെയാണ് ബംഗാള്‍ വല ചലിപ്പിച്ചത്. ഇതോടെ സ്‌കോര്‍ 1-1 ആയി.
പിന്നീട് ഇരുടീമുകളും ആഞ്ഞുശ്രമിച്ചെങ്കിലും ഗോള്‍ നേടാനായില്ല. വിജയത്തിന് തുല്യമായ സമനിലയാണ് ഈസ്റ്റ് ബംഗാള്‍ ഈ മത്സരത്തിലൂടെ നേടിയെടുത്തത്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: ISL 2020-21: SC East Bengal vs FC Goa