Photo: indiansuperleague.com
ബാംബോലിം: ഐ.എസ്.എല്ലില്‍ ഗോള്‍ മഴ പെയ്ത ഇന്നത്തെ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഒഡിഷ എഫ്.സി. 11 ഗോളുകള്‍ പിറന്ന് റെക്കോഡിട്ട മത്സരത്തില്‍ അഞ്ചിനെതിരേ ആറു ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ ജയം. ഈ സീസണിലെ ഇരു ടീമുകളുടെയും അവസാന മത്സരമായിരുന്നു ഇത്.
24-ാം മിനിറ്റില്‍ പില്‍കിങ്ടണിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. പിന്നാലെ 33-ാം മിനിറ്റില്‍ ലാല്‍റെസുവാലയിലൂടെ ഒഡിഷ ഒപ്പമെത്തി. വരാനിരിക്കുന്ന ഗോള്‍ മഴയുടെ തുടക്കം മാത്രമായിരുന്നു അത്.
37-ാം മിനിറ്റില്‍ ഒഡിഷ ഗോളി സെല്‍ഫ് ഗോളില്‍ വീണ്ടും ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. ആദ്യ പകുതി ഈസ്റ്റ് ബംഗാളിന്റെ ലീഡില്‍ അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ച് നാലു മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോള്‍ രാംഫാങ്‌സുവയിലൂടെ ഒഡിഷ ഒപ്പമെത്തി. വെറും രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ ജെറിയിലൂടെ ഒഡിഷ മുന്നില്‍ കയറി.
60-ാം മിനിറ്റില്‍ ആരോണ്‍ ജോഷ്വയിലൂടെ മൂന്നാം ഗോള്‍ നേടിയ ഈസ്റ്റ് ബംഗാള്‍ ഒപ്പമെത്തി.
66-ാം മിനിറ്റില്‍ പോള്‍ രാംഫാങ്‌സുവയുടെ രണ്ടാം ഗോളില്‍ ഒഡിഷ വീണ്ടും മുന്നിലെത്തി. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ജെറി ഒഡിഷയുടെ അഞ്ചാം ഗോളും നേടി. 69-ാം മിനിറ്റില്‍ ഡിയഗോ മൗറീസിയോ ഒഡിഷയുടെ ഗോള്‍ പട്ടിക തികച്ചു.
ഇതോടെ ഈസ്റ്റ് ബംഗാള്‍ മത്സരം കൈവിട്ടെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ 74-ാം മിനിറ്റില്‍ ജെജെയിലൂടെ ഈസ്റ്റ് ബംഗാള്‍ നാലാം ഗോള്‍ കണ്ടെത്തി. തുടര്‍ന്നും ആക്രമണം നടത്തിയ കൊല്‍ക്കത്ത വമ്പന്മാര്‍ ഇന്‍ജുറി ടൈമില്‍ ആരോണ്‍ ജോഷ്വയിലൂടെ അഞ്ചാം ഗോളു കണ്ടെത്തി. പക്ഷേ പിന്നീട് ഒരു ഗോള്‍കൂടി നേടാനുള്ള സമയം ഈസ്റ്റ് ബംഗാളിന് മുന്നില്‍ ഉണ്ടായിരുന്നില്ല.
ജയിച്ചെങ്കിലും അവസാന സ്ഥാനക്കാരായാണ് ഒഡിഷ സീസണ്‍ അവസാനിപ്പിച്ചത്. തങ്ങളുടെ ഐ.എസ്.എല്‍ കന്നി സീസണില്‍ ഈസ്റ്റ് ബംഗാളിന് ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Content Highlights: ISL 2020-21 raining goals in GMC Stadium Odisha FC beat SC East Bengal 6-5