Photo: indiansuperleague.com
മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് ഹൈദരാബാദ് എഫ്.സി.
ആറു ഗോളുകള്‍ പിറന്ന മത്സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം.
ഇരട്ട ഗോളുകളുമായി തിളങ്ങിയ ലിസ്റ്റന്‍ കൊളാകോയാണ് ഹൈദരാബാദിനായി തിളങ്ങിയത്. ജോയല്‍ കിയാനെസെയും അരിഡാനെ സന്റാനയുമാണ് ഹൈദരാബാദിന്റെ മറ്റ് സ്‌കോറര്‍മാര്‍.
ഫെഡറിക്കോ ഗല്ലേഗോയും ബെഞ്ചമിന്‍ ലാംബോട്ടുമാണ് നോര്‍ത്ത് ഈസ്റ്റിനായി സ്‌കോര്‍ ചെയ്തത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ അരിഡാനെ സന്റാനയിലൂടെ ഹൈദരാബാദ് മുന്നിലെത്തി. 36-ാം മിനിറ്റില്‍ കിയാനെസെയിലൂടെ അവര്‍ ലീഡുയര്‍ത്തി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇരട്ട ഗോളുകള്‍ സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തിയിരുന്നു.
44-ാം മിനിറ്റില്‍ അഷുതോഷ് മേത്തയെ ഹാളിചരണ്‍ നര്‍സാരി ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഗല്ലേഗോയ്ക്ക് പിഴച്ചില്ല.
അതേ മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് രണ്ടാം ഗോളും കണ്ടെത്തി. ഇദ്രിസ സില്ലയുടെ ബാക്ക്ഹീല്‍ ഷോട്ട് ലക്ഷ്മികാന്ത് കട്ടിമണി ബ്ലോക്ക് ചെയ്തു. റീബൗണ്ട് വന്ന പന്ത് ലാംബോട്ട് വലയിലെത്തിക്കുകയായിരുന്നു.
പിന്നീട് 64-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ലിസ്റ്റനാണ് മത്സരം ഹൈദരാബാദിന് അനുകൂലമാക്കിയത്. 85-ാം മിനിറ്റില്‍ ഹൈദരാബാദിന് ലീഡ് സമ്മാനിച്ച ലിസ്റ്റന്‍, 90-ാം മിനിറ്റില്‍ മികച്ചൊരു ഗോളിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് 15 പോയന്റുമായി ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
Content Highlights: ISL 2020-21 Liston Colaco goals give Hyderabad win vs NorthEast United