Photo: indiansuperleague.com
ബംബോലിം: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ രാഹുല്‍ കെ.പിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോള്‍ നേടിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.
തുടര്‍ച്ചയായ ആറാം മത്സരത്തിലാണ് ബെംഗളൂരുവിന് ജയമില്ലാതെ പോകുന്നത്. അതില്‍ അഞ്ചിലും തോല്‍വിയായിരുന്നു ഫലം.
24-ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ സില്‍വയിലൂടെ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. ബോക്‌സിലേക്ക് വന്ന രാഹുല്‍ ബേക്കെയുടെ ത്രോയില്‍ നിന്നായിരുന്നു ബെംഗളൂരുവിന്റെ ഗോള്‍. പന്ത് ക്ലിയര്‍ ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെ ബോക്‌സില്‍ കുത്തി ഉയര്‍ന്ന പന്ത് ക്ലെയ്റ്റന്‍ സില്‍വയുടെ മുന്നിലെക്ക്. ഒരു വശത്തേക്ക് ചെരിഞ്ഞ് സില്‍വയുടെ വോളി വലയില്‍.
ബെംഗളൂരു താരം ഉദാന്ത സിങ്ങാണ് ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിച്ചത്. 11, 34 മിനിറ്റുകളില്‍ ഉദാന്ത സൃഷ്ടിച്ച അവസരങ്ങള്‍ കേരളത്തിന്റെ ഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ഛേത്രിയുടെ ഗോളെന്നുറച്ച ഫ്രീ കിക്ക് രക്ഷപ്പെടുത്തി ആല്‍ബിനോ ഗോമസും കേരളത്തിന്റെ രക്ഷകരായി.
കേരളം സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ 73-ാം മിനിറ്റിലാണ് ലാല്‍തംഗയുടെ ഗോള്‍ വരുന്നത്. വിവാദമായേക്കാവുന്ന ഒരു ഗോളായിരുന്നു ഇത്. ഗാരി ഹൂപ്പറിന്റെ ഷോട്ട് മുഖത്തിടിച്ച ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് വീണുകിടക്കുമ്പോഴായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍. ഗുര്‍പ്രീതിന്റെ മുഖത്ത് തട്ടിത്തെറിച്ച പന്ത് ബ്ലാസ്റ്റേഴ്‌സ് താരം ക്രോസ് ചെയ്തത് ലാല്‍തംഗ ഖ്വാല്‍റിങ്ങിന്റെ മുന്നിലേക്ക്. താരത്തിന്റെ ഷോട്ട് വലയില്‍.
തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ ഗോളന്നുറച്ച രണ്ട് അവസരങ്ങള്‍ ബെംഗളൂരു നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍. ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സിലെ ബെംഗളൂരുവിന്റെ ആക്രമണത്തിനൊടുവില്‍ പന്ത് ലഭിച്ച രാഹുല്‍ ഒറ്റയ്ക്ക് മുന്നേറി ഗുര്‍പ്രീതിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: ISL 2020-21 Kerala Blasters to face Bengaluru FC