Photo: indiansuperleague.com
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടീം കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്തുനിന്ന് കിബു വികുനയെ പുറത്താക്കി.
ലീഗില്‍ ഹൈദരാബാദ് എഫ്.സിക്കെതിരെ 4-0ത്തിന് തോറ്റതിന് പിന്നാലെയാണ് തീരുമാനം. എന്നാല്‍ ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഹൈദരാബാദിനെതിരായ തോല്‍വിയോടെ ടീം പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 18 കളിയില്‍ നിന്ന് 16 പോയന്റുള്ള ടീം പത്താം സ്ഥാനത്തായി.
സ്പാനിഷ് പരിശീലകന്റെ കീഴില്‍ കേവലം മൂന്ന് കളികളില്‍ മാത്രമാണ് ടീമിന് ജയിക്കാന്‍ കഴിഞ്ഞത്. ഏഴ് സമനിലയും എട്ട് തോല്‍വിയുമാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്.
കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച എല്‍കോ ഷെട്ടോറിക്ക് പകരമായിട്ടാണ് കിബുവിനെ കൊണ്ടുവരുന്നത്. ഐ ലീഗ് ഫുട്ബോളില്‍ കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാനെ ചാമ്പ്യന്‍മാരാക്കിയതിന്റെ മികവില്‍ ബ്ലാസ്റ്റേഴ്സിലെത്തിയ പരിശീലകന് മികവ് തുടരാനായില്ല.
പ്രതിരോധത്തിലെ പിഴവുകളാണ് കിബുവിനും ബ്ലാസ്റ്റേഴ്സിനും തിരിച്ചടിയായത്. സീസണില്‍ 33 ഗോളുകളാണ് ടീം വഴങ്ങിയത്. ലീഗില്‍ ഏറ്റവും ഗോള്‍ വഴങ്ങിയ ടീമും ബ്ലാസ്റ്റേഴ്സാണ്. പ്ലേ ഓഫില്‍ നിന്ന് പുറത്തായതും വന്‍തോല്‍വിയുമാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
സീസണില്‍ പരിശീലക സ്ഥാനം തെറിക്കുന്ന നാലാമത്തെ പരിശീലകനാണ് കിബു. ബെംഗളൂരു എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്.സി ടീമുകള്‍ പരിശീലകരെ പുറത്താക്കിയിരുന്നു.
Content Highlights: ISL 2020-21 Kerala Blasters Sack Coach Kibu Vicuna