പ്രതിരോധപ്പിഴവുകള്‍ വിനയായി; ഡിയഗോ മൗറീസിയോയുടെ മികവില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഒഡിഷ


2 min read
Read later
Print
Share

രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി

Photo: indiansuperleague.com

ബംബോലിം: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഒഡിഷ എഫ്.സി. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ഇരട്ട ഗോളുകളുമായി തിളങ്ങിയ ഡിയഗോ മൗറീസിയോയാണ് ഒഡിഷയുടെ വിജയശില്‍പി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം തോല്‍വിയാണിത്.

സ്റ്റീഫന്‍ ടെയ്‌ലറാണ് ഒഡിഷയുടെ മറ്റൊരു സ്‌കോറര്‍. ഒഡിഷയുടെ അക്കൗണ്ടിലെത്തിയ ഒരു ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ജീക്‌സണ്‍ സിങ്ങിന്റെ സെല്‍ഫ് ഗോളായിരുന്നു. ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ആദ്യം മുന്നിലെത്തിയത് ബ്ലാസ്റ്റേഴ്‌സായിരുന്നു. ഫക്കുണ്ടോ പെരെയ്‌ര ബോക്‌സിലേക്ക് നീട്ടിയ ഒരു ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍. ഒഡിഷ ബോക്‌സിലേക്ക് എത്തിയ പന്തില്‍ കെ.പി രാഹുലിന്റെ ഹെഡര്‍ ഗോളി അര്‍ഷ്ദീപ് തട്ടിയകറ്റിയത് റീബൗണ്ട് ചെയ്ത് വന്നത് ഇടതുവശത്തുണ്ടായിരുന്ന ജോര്‍ദാന്‍ മറെയുടെ മുന്നിലേക്ക്. അസാധ്യമായ ഒരു ആംഗിളില്‍ നിന്നുള്ള മറെയുടെ ഷോട്ട് വലയില്‍.

പിന്നാലെ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ആക്രമണങ്ങളുമായി കളംനിറഞ്ഞെങ്കിലും ഫിനിഷ് പലപ്പോഴും പാളി.

ആക്രമണത്തിന് ഇറങ്ങിയപ്പോള്‍ വരുത്തിയ രണ്ട് പ്രതിരോധ പിഴവുകളാണ് പിന്നീട് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.

22-ാം മിനിറ്റില്‍ ഡിയഗോ മൗറീസിയോയെ മാര്‍ക്ക് ചെയ്യുന്നതില്‍ ഹക്കു വരുത്തിയ പിഴവാണ് ഗോളിന് കാരണമായത്. ജെറി ചിപ് ചെയ്ത് നല്‍കിയ പന്ത് സ്വീകരിച്ച ഡിയഗോ മൗറീസിയോയുടെ ഷോട്ട് ജീക്‌സണ്‍ സിങ്ങിന്റെ കാലിലിടിച്ച് ആല്‍ബിനോയ്ക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തുകയായിരുന്നു. ഈ പന്ത് സ്വീകരിക്കും മുമ്പ് മൗറീസിയോയെ മാര്‍ക്ക് ചെയ്യാന്‍ ഹക്കുവിന് സാധിക്കുമായിരുന്നു. ഈ ഗോള്‍ ജീക്‌സണ്‍ സിങ്ങിന്റെ സെല്‍ഫ് ഗോളായാണ് കണക്കാക്കിയത്.

ഒരു ഗോള്‍ നേടിയതോടെ ഒഡിഷ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 42-ാം മിനിറ്റില്‍ ജെറിയുടെ ഫ്രീ കിക്കില്‍ നിന്നായിരുന്നു ഒഡിഷയുടെ രണ്ടാം ഗോള്‍. ഇതിന് കാരണമായതും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവ് തന്നെ. ജെറിയുടെ പന്ത് ലഭിക്കുമ്പോള്‍ ബോക്‌സില്‍ സ്റ്റീഫന്‍ ടെയ്‌ലറെ മാര്‍ക്ക് ചെയ്യാന്‍ ഒരു ബ്ലാസ്‌റ്റേഴ്‌സ് താരം പോലും ഉണ്ടായിരുന്നില്ല. പന്ത് ടെയ്‌ലര്‍ അനായാസം പന്ത് വലയിലെത്തിച്ചു.

ഇതിനിടെ 26-ാം മിനിറ്റില്‍ കെ.പി രാഹുലിന്റെ മുന്നേറ്റം ഗോളില്‍ കലാശിക്കുമെന്ന് തോന്നിച്ചു. പക്ഷേ രാഹുലിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങ് സേവ് ചെയ്യുകയായിരുന്നു.

34-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി ആല്‍ബിനോ ഗോമസിന്റെ മികച്ച സേവും സ്‌റ്റേഡിയം കണ്ടു. മൗറീസിയോയുടെ ഗോളെന്നുറച്ച ഷോട്ടാണ് ആല്‍ബിനോ രക്ഷപ്പെടുത്തിയത്.

രണ്ടാം പകുതിയില്‍ പക്ഷേ ബ്ലാസ്‌റ്റേഴ്‌സിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ഡിയഗോ മൗറീസിയോയും ഒഡിഷയും പുറത്തെടുത്തത്. 50-ാം മിനിറ്റില്‍ ജെറിയുടെ ഒരു ഫസ്റ്റ് ടൈം പാസില്‍ നിന്നായിരുന്നു ഡിയഗോ മൗറീസിയോയുടെ ആദ്യ ഗോള്‍. പന്തുമായി ബോക്‌സിലേക്ക് കയറിയ മൗറീസിയോ പന്ത് വലയിലെത്തിച്ചു.

60-ാം ഒറ്റയാള്‍ പ്രകടനത്തിലൂടെ മൗറീസിയോ തന്റെ രണ്ടാം ഗോള്‍ നേടി. നന്ദകുമാര്‍ ശേഖറിന്റെ ത്രൂ ബോളില്‍ നിന്ന് പന്തുമായി മുന്നേറിയ മൗറീസിയോ ബോക്‌സിന് പുറത്തു നിന്നുള്ള ഒരു കരുത്തുറ്റ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

79-ാം മിനിറ്റില്‍ ജോര്‍ദാന്‍ മറെ നല്‍കിയ ക്രോസില്‍ നിന്ന് ഗാരി ഹൂപ്പറാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടിയത്. ഇതോടെ മത്സരത്തിന്റെ അവസാന 10 മിനിറ്റില്‍ ഒഡിഷയെ വിറപ്പിക്കാനും ബ്ലാസ്റ്റേഴ്‌സിനായി. ഗോളെന്നുറച്ച മൂന്നോളം അവസരങ്ങളാണ് ഈ സമയത്ത് ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയെടുത്തത്. പക്ഷേ നിര്‍ഭാഗ്യം പലപ്പോഴും വിനയാകുകയായിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: ISL 2020-21 Kerala Blasters against Odisha FC

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram