Photo: indiansuperleague.com
മഡ്ഗാവ്: ഐ.എസ്.എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി എ.ടി.കെ. മോഹന്‍ ബഗാന്‍. ഒരു ഘട്ടത്തില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്‌റ്റേഴ്‌സിനെ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് എ.ടി.കെ തകര്‍ത്തത്.
റോയ് കൃഷ്ണ ഇരട്ട ഗോളുകളുമായി തിളങ്ങി. ഒരു ഗോള്‍ മാഴ്‌സലീന്യോയുടെ വകയായിരുന്നു.
14-ാം മിനിറ്റില്‍ കിടിലനൊരു ലോങ് റേഞ്ചറിലൂടെ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. മൈതാനത്തിന്റെ മധ്യ ഭാഗത്തു നിന്ന് സന്ദീപ് സിങ് നല്‍കിയ പാസ് സ്വീകരിച്ച ഹൂപ്പര്‍, എ.ടി.കെ ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റി നിന്നത് മുതലെടുത്ത് തൊടുത്ത ലോങ് റേഞ്ചര്‍ വല കുലുക്കി.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ലഭിച്ച സുവര്‍ണാവസരം ബ്ലാസ്റ്റേഴ്‌സ് പാഴാക്കുകയും ചെയ്തിരുന്നു. എ.ടി.കെ ഗോള്‍കീപ്പറെ കബളിപ്പിച്ച് ജോര്‍ദാന്‍ മറെ നല്‍കിയ പാസ് സഹല്‍ ബോക്‌സിലുണ്ടായിരുന്ന ഹൂപ്പറിന് മറിച്ചു. ഹൂപ്പറിന്റെ പാസ് തിരികെ സഹലിലേക്ക്. താരത്തിന്റെ ഷോട്ട് ജന്ദേശ് ജിംഗാന്‍ തടഞ്ഞു.
ഇതിനിടെ 30-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ ഷോട്ട് ആല്‍ബിനോ രക്ഷപ്പെടുത്തി. കൗണ്ടര്‍ അറ്റാക്കില്‍ മറെയുടെ ഷോട്ട് അരിന്ദം ഭട്ടാചാര്യയും രക്ഷപ്പെടുത്തി.
51-ാം മിനിറ്റില്‍ സഹലെടുത്ത കോര്‍ണറില്‍ നിന്നായിരുന്നു രണ്ടാം ഗോളിന്റെ പിറവി. ബോക്‌സിലേക്ക് വന്ന പന്ത് രാഹുല്‍ കെ.പി ഹെഡ് ചെയ്തത് കോസ്റ്റയ്ക്ക് മുന്നിലേക്ക്. പന്ത് പിടിക്കാന്‍ ചെന്ന എ.ടി.കെ ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യയുടെ കൈയില്‍ തട്ടി പന്ത് ബോക്‌സില്‍ വീണു. എ.ടി.കെ താരങ്ങള്‍ പന്ത് ക്ലിയര്‍ ചെയ്യും മുമ്പ് കോസ്റ്റയുടെ ഷോട്ട് വലയില്‍.
പക്ഷേ രണ്ടു ഗോളിന് പിന്നില്‍ പോയെങ്കിലും എ.ടി.കെ നിരാശരായില്ല. പ്രസ്സിങ് ഗെയിമിലൂടെ അവര്‍ അവസരങ്ങള്‍ ഉണ്ടാക്കി. 59-ാം മിനിറ്റില്‍ അതിന് ആദ്യ ഫലം ലഭിച്ചു. മന്‍വീര്‍ സിങ് ചിപ് ചെയ്ത് നല്‍കിയ പന്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ നിഷ്പ്രഭരാക്കി മാഴ്‌സലീന്യോ വലയിലെത്തിച്ചു.
വൈകാതെ 63-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍നെയ്‌റോയുടെ കൈയില്‍ പന്ത് തട്ടിയതിന് എ.ടി.കെയ്ക്ക് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത റോയ് കൃഷ്ണ 65-ാം മിനിറ്റില്‍ എടികെയെ ഒപ്പമെത്തിച്ചു.
തുടര്‍ന്നു എ.ടി.കെ ആക്രമണങ്ങള്‍ തുടര്‍ന്നു. 87-ാം മിനിറ്റില്‍ ഹൈ ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ സന്ദീപ് സിങ്ങിന് സംഭവിച്ച പിഴവാണ് എ.ടി.കെയുടെ മൂന്നാം ഗോളിന് കാരണമായത്. പന്ത് റാഞ്ചിയ കൃഷ്ണ പന്ത് വലയിലെത്തിച്ചു.
ഇതിനിടെ 90-ാം മിനിറ്റില്‍ റോയ് കൃഷ്ണയെ കോസ്റ്റ ഫൗള്‍ ചെയ്തതോടെ സ്‌റ്റേഡിയം കയ്യാങ്കളിക്കും സാക്ഷിയായി. റഫറിയുടെ തീരുമാനം ചോദ്യം ചെയ്ത കോസ്റ്റ അദ്ദേഹത്തിനു മുമ്പില്‍ മുഖാമുഖം നിലയുറപ്പിച്ചു. ഇതോടെ ഇരു ടീമിലെയും താരങ്ങള്‍ ഉന്തും തള്ളുമായി.
ഹൂപ്പര്‍, രാഹുല്‍, പ്രണോയ് ഹാള്‍ദര്‍, റോയ് കൃഷ്ണ, പ്രീതം കോട്ടാല്‍ എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: ISL 2020-21 Kerala Blasters against ATK Mohun Bagan