Photo: indiansuperleague.com
മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്.സി. 86-ാം മിനിറ്റ് വരെ രണ്ടു ഗോളിന് മുന്നില്‍ നിന്ന് വിജയം സ്വപ്‌നം കണ്ട ബെംഗളൂരുവിനെതിരേ അവസാന നാലു മിനിറ്റില്‍ രണ്ടു ഗോളുകള്‍ മടക്കി ഹൈദരാബാദ് ഞെട്ടിച്ചു (2-2).
ലീഗില്‍ തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് ബെംഗളൂരു ജയമില്ലാതെ മടങ്ങുന്നത്. സമനിലയോടെ 14 മത്സരങ്ങളില്‍ നിന്ന് 19 പോയന്റുമായി ഹൈദരാബാദ് നാലാം സ്ഥാനം നിലനിര്‍ത്തി. 15 പോയന്റുമായി ബെംഗളൂരു ഏഴാം സ്ഥാനത്തും.
86-ാം മിനിറ്റില്‍ അരിഡാനെ സന്റാന, 90-ാം മിനിറ്റില്‍ ഫ്രാന്‍സിസ്‌കോ സന്റാസ എന്നിവരാണ് ഹൈദരാബാദിന് ആവേശ സമനില സമ്മാനിച്ചത്. സുനില്‍ ഛേത്രി, മലയാളി താരം ലിയോണ്‍ അഗസ്റ്റിന്‍ എന്നിവരാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ ബെംഗളൂരു അക്കൗണ്ട് തുറന്നു. ക്ലെയ്റ്റണ്‍ സില്‍വയുടെ ക്രോസ് ഛേത്രി ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ബെംഗളൂരുവിന് തന്നെയായിരുന്നു ആധിപത്യം.
പിന്നീട് 61-ാം മിനിറ്റില്‍ ബെംഗളൂരു ലീഡുയര്‍ത്തി. പാര്‍ത്താലുവിന്റെ ഷോട്ട് ക്ലിയര്‍ ചെയ്യാന്‍ ഹൈദരാബാദ് താരങ്ങള്‍ക്ക് പിഴച്ചതോടെ ബോക്സിലേക്കു ഓടിക്കയറിയ ലിയോണ്‍ അഗസ്റ്റിന്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു.
86-ാം മിനിറ്റിലായിരുന്നു മത്സരത്തെ ആവേശത്തിലാക്കിയ ഗോള്‍. രോഹിത് ദാനുവിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബെംഗളൂരു പ്രതിരോധത്തിന് പിഴച്ചതോടെ സന്റാന പന്ത് വലയിലെത്തിച്ചു. നിശ്ചിത സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഹൈദരാബാദിന്റെ സമനില ഗോള്‍. റോളണ്ട് ആല്‍ബര്‍ഗിന്റേതായിരുന്നു ഗോള്‍ ശ്രമം. താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ബോക്‌സിലുണ്ടായിരുന്ന ഫ്രാന്‍ സന്റാസയുടെ കാലില്‍. സമയം പാഴാക്കാതെ സന്റാസ പന്ത് വലയിലെത്തിച്ചു.
Content Highlights: ISL 2020-21 Hyderabad snatches draw against Bengaluru