Photo: indiansuperleague.com
മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് മുംബൈ സിറ്റി എഫ്.സി.
38-ാം മിനിറ്റില്‍ വിഗ്‌നേഷ് ദക്ഷിണാമൂര്‍ത്തിയും 59-ാം മിനിറ്റില്‍ ആദം ലെ ഫോണ്‍ഡ്രെയുമാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്. മികച്ച പ്രകടനം നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് ഹൈദരാബാദിന് തിരിച്ചടിയായി. അരിഡാനെ സന്റാനയ്ക്കും ഈ മത്സരത്തില്‍ തിളങ്ങാനായില്ല.
കഴിഞ്ഞ മത്സരത്തില്‍ കാഴ്ച വെച്ച പ്രകടനം തുടരാന്‍ ഹൈദരാബാദിന്റെ മധ്യനിരയ്ക്ക് സാധിക്കാതെ പോയതും തിരിച്ചടിയായി.
മത്സരത്തിന്റെ തുടക്കത്തില്‍ പന്തടക്കത്തില്‍ ആധിപത്യം മുംബൈക്കായിരുന്നു. ഇതിനിടെ 38-ാം മിനിറ്റില്‍ വിഗ്‌നേഷ് ദക്ഷിണാമൂര്‍ത്തിയുടെ ഗോളില്‍ മുംബൈ ലീഡ് നേടി. അഹമ്മദ് ജാഹു പോസ്റ്റിലേക്ക് ക്രോസ് ചെയ്ത പന്ത് ബിപിന്‍ സിങ് നേരിച്ച് വിഗ്‌നേഷിന് മറിക്കുകയായിരുന്നു. കിടിലന്‍ വോളിയിലൂടെ വിഗ്‌നേഷ് പന്ത് വലയിലാക്കി.
ഇതിനിടെ 44-ാം മിനിറ്റില്‍ സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം യാസിര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ആകാശ് മിശ്ര നല്‍കിയ ക്രോസ് പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്നിരുന്ന യാസിറിന് വലയിലെത്തിക്കാന്‍ സാധിച്ചില്ല. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ യാസിറിന്റെ ഹെഡര്‍ പുറത്തേക്ക് പോയി.
59-ാം മിനിറ്റില്‍ ഹൈദരാബാദിന്റെ പ്രതിരോധ പിഴവിലാണ് മുംബൈ രണ്ടാം ഗോള്‍ നേടിയത്. റൗളിന്‍ ബോര്‍ഗസിന്റെ പാസ് ലഭിക്കുമ്പോള്‍ ബോക്‌സില്‍ ആദം ലെ ഫോണ്‍ഡ്രെയെ മാര്‍ക്ക് ചെയ്യാനുണ്ടായിരുന്നത് ഒരാള്‍ മാത്രം. ഫോണ്‍ഡ്രെയുടെ ഷോട്ട് സുബ്രതാ പോളിന്റെ കൈയില്‍ തട്ടി വലയിലേക്ക്.
സൗവിക് ചക്രബര്‍ത്തി, നിഖില്‍ പൂജാരി, ഹാളിചരണ്‍ നര്‍സാരി, ജാവോ വിക്ടര്‍ എന്നിവരടങ്ങിയ ഹൈദരാബാദ് മധ്യനിര നിറം മങ്ങിയതും മികച്ച മുന്നേറ്റങ്ങള്‍ക്ക് കെല്‍പ്പുള്ള ലിസ്റ്റന്‍ കൊളാസോയെ മുംബൈ വിദഗ്ദമായി പൂട്ടിയതും അവര്‍ക്ക് തിരിച്ചടിയായി.
ജയത്തോടെ ഒന്നാം സ്ഥാനത്ത് മുംബൈക്ക് 16 പോയന്റായി. ഹൈദരാബാദ് ആറാം സ്ഥാനത്ത് തന്നെ തുടരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: ISL 2020-21 Hyderabad FC against table toppers Mumbai City FC