Photo: indiansuperleague.com
മുര്‍ഗാവ്: ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന് പോരാടിയ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഹൈദരാബാദ് എഫ്.സി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ഇരട്ട ഗോളുകളുമായി അരിഡാനെ സന്റാനയാണ് ഹൈദരാബാദിനായി തിളങ്ങിയത്. ഹാളിചരണ്‍ നര്‍സാരിയാണ് ശേഷിച്ച ഒരു ഗോള്‍ നേടിയത്. ജാക്വസ് മഗോമയാണ് ഈസ്റ്റ് ബംഗാളിന്റെ രണ്ടു ഗോളുകളും നേടിയത്.
26-ാം മിനിറ്റില്‍ ജാക്വസ് മഗോമയിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. ഈസ്റ്റ് ബംഗാളിന്റെ ഐ.എസ്.എല്‍ ചരിത്രത്തിലെ ആദ്യ ഗോളായിരുന്നു ഇത്. ആന്തണി പില്‍കിങ്ടണ്‍ നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ച മാറ്റി സ്‌റ്റെയ്ന്‍മാന്‍ ഉടന്‍ തന്നെ അത് മഗോമയ്ക്ക് മറിച്ചു. മഗോമയുടെ കരുത്തുറ്റ ഷോട്ടില്‍ ഒന്ന് തൊടാന്‍ മാത്രമേ ഹൈദരാബാദ് ഗോള്‍കീപ്പര്‍ സുബ്രതാ പോളിന് സാധിച്ചുള്ളൂ. പന്ത് വലയില്‍.
ഇതിനു പിന്നാലെ 28-ാം മിനിറ്റില്‍ ഒപ്പമെത്താന്‍ ലഭിച്ച അവസരം നിഖില്‍ പൂജാരി നഷ്ടപ്പെടുത്തുകയും ചെയ്തു. മുഹമ്മദ് യാസിര്‍ നല്‍കിയ ക്രോസ് ആരാലും മാര്‍ക്ക് ചെയ്യാതെ നിന്ന നിഖിലിന് വലയിലെത്തിക്കാനായില്ല.
45-ാം മിനിറ്റിലും ഹൈദരാബാദിനെ ദൗര്‍ഭാഗ്യം പിന്തുടര്‍ന്നു. മുഹമ്മദ് യാസിറിനെ ഷെഹ്നാജ് സിങ് ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി അരിഡാനെ സന്റാനയ്ക്ക് വലയിലെത്തിക്കാനായില്ല. ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് രക്ഷപ്പെടുത്തി. ഒരു ഗോള്‍ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ ബംഗാളിനെ ഹൈദരാബാദ് നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ രണ്ടു ഗോളുകളാണ് ഹൈദരാബാദ് ഈസ്റ്റ് ബംഗാളിന്റെ വലയിലെത്തിച്ചത്. 56-ാം മിനിറ്റില്‍ യാസിറിന്റെ ഉഗ്രന്‍ ഫ്രീ കിക്കില്‍ നിന്ന് അരിഡാനെ സന്റാനയാണ് ഹൈദരാബാദിന് ഒപ്പമെത്തിച്ചത്. യാസിറിന്റെ ഫ്രീ കിക്കില്‍ ചെറുതായൊന്ന് തലവെയ്‌ക്കേണ്ട കാര്യമേ സന്റാനയ്ക്കുണ്ടായിരുന്നുള്ളൂ.
ആദ്യ ഗോള്‍ നേടി 15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഹൈദരാബാദ് രണ്ടാം ഗോളും നേടി. ജാക്വസ് മഗോമയില്‍ നിന്ന് പന്ത് റാഞ്ചിയ മുഹമ്മദ് യാസിര്‍ തന്നെയാണ് രണ്ടാം ഗോളിനും പിന്നില്‍. പന്തുമായി മുന്നേറിയ യാസിര്‍ അത് ലിസ്റ്റന് മറിച്ചു. ലിസ്റ്റന്‍ ഉടന്‍ തന്നെ മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന സന്റാനയ്ക്ക് പാസ് നല്‍കി. സന്റാനയുടെ ഷോട്ട് വലയില്‍. ഒരു ഗോളിന് പിന്നില്‍ നിന്ന ഹൈദരാബാദ് വെറും 15 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒരു ഗോളിന് മുന്നില്‍.
പിന്നാലെ 68-ാം മിനിറ്റില്‍ ഹൈദരാബാദ് മൂന്നാം ഗോളും സ്വന്തമാക്കി. യുവതാരം ലിസ്റ്റന്‍ കൊളാകോയുടെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ ലിസ്റ്റന്‍ രണ്ട് ഈസ്റ്റ് ബംഗാള്‍ താരങ്ങളെ മനോഹരമായി ഡ്രിബിള്‍ ചെയ്ത് മുന്നോട്ടുകയറി നല്‍കിയ പാസ് വലയിലേക്ക് തിരിച്ചുവിടേണ്ട കാര്യമേ ഹാളിചരണ്‍ നര്‍സാരിക്ക് ഉണ്ടായിരുന്നുള്ളൂ.
81-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയ മഗോമ ഹൈദരാബാദിന് വെല്ലുവിളി ഉയര്‍ത്തി. പില്‍ക്കിങ്ടണ്‍ എടുത്ത ഫ്രീ കിക്ക് ഒരു ഹെഡറിലൂടെ മഗോമ വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു ടീമുകള്‍ക്കും ഏതാനും അവസരങ്ങള്‍ കൂടി ലഭിച്ചെങ്കിലും ഗോള്‍ മാത്രം വന്നില്ല.
ജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തേക്ക് കയറി. നാലാം തോല്‍വി നേരിട്ട ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്താണ്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: ISL 2020-21 Hyderabad FC against SC East Bengal