Photo: indiansuperleague.com
ബാംബൊലിം: ഐ.എസ്.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്ത് ഹൈദരാബാദ് എഫ്.സി. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷം ഒടുവില്‍ ഹൈദരാബാദ് വിജയവഴിയില്‍ തിരിച്ചെത്തി. ഹൈദരാബാദിനായി ഹാളിചരണ്‍ നര്‍സാരി രണ്ടു ഗോളുകള്‍ നേടി.
ജോയല്‍ കിയാനെസ്, ജാവോ വിക്ടര്‍ എന്നിവരാണ് ഹൈദരാബാദിന്റെ മറ്റ് സ്‌കോറര്‍മാര്‍. ചെന്നൈയിന്റെ ഏക ഗോള്‍ അനിരുദ്ധ് ഥാപ്പയുടെ ബൂട്ടില്‍ നിന്നായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ചെന്നൈയിന്‍ പ്രതിരോധത്തെ വിറപ്പിച്ച പ്രകടനമാണ് ഹൈദരാബാദ് പുറത്തെടുത്തത്. ഭാഗ്യം കൊണ്ടാണ് ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ ചെന്നൈയിന്‍ രക്ഷപ്പെട്ടത്.
മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഹൈദരാബാദ് ഗോളിനടുത്തെത്തി. ജോയല്‍ കിയാനെസിയുടെ ഷോട്ട് ചെന്നൈയിന്‍ ഗോളി വിശാല്‍ കെയ്ത് രക്ഷപ്പെടുത്തുകയായിരുന്നു.
23-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മുഹമ്മദ് യാസിറിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ വിശാലിന്റെ കൈയില്‍ തട്ടി ബോക്‌സില്‍ തന്നെ വീണു. പക്ഷേ റീബൗണ്ട് ഷോട്ട് വലയിലെത്തിക്കാന്‍ ബോക്‌സിലുണ്ടായിരുന്ന ജോയല്‍ കിയാനെസിക്ക് സാധിച്ചില്ല.
ഇതിനിടെ 31-ാം മിനിറ്റില്‍ ഒറ്റയ്ക്ക് ബോക്‌സിലേക്ക് മുന്നേറിയ ചെന്നൈയിന്‍ താരം ലാലിയന്‍സുല ചാങ്‌തെ ഹൈദരാബാദ് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് ഗോളിലേക്ക് ഷോട്ട് തൊടുത്തെങ്കിലും ഗോള്‍കീപ്പര്‍ ലക്ഷികാന്ത് കട്ടിമണിയുടെ ഇടപെടല്‍ മൂലം അപകടം ഒഴിവായി.
44-ാം മിനിറ്റിലാണ് ഹൈദരാബാദിന് ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. ആശിഷ് റായിയുടെ ക്രോസ് ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ നിന്ന് വലയിലെത്തിക്കാന്‍ ജോയലിന് സാധിക്കാതെ പോകുന്നു. ക്ലിയര്‍ ചെയ്തുവന്ന പന്തില്‍ ആശിഷിന്റെ ലോങ് റേഞ്ചറാകട്ടെ ബാറില്‍ തട്ടി തെറിക്കുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹൈദരാബാദ് സമനിലപ്പൂട്ട് പൊട്ടിച്ചു. 50-ാം മിനിറ്റില്‍ ബോക്‌സിലേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ചെന്നൈയിന്‍ പ്രതിരോധവും ഗോള്‍കീപ്പറും തമ്മിലുണ്ടായ ധാരണപ്പിശകാണ് ഹൈദരാബാദിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. മിഡ്ഫീല്‍ഡില്‍ നിന്ന് സന്റാന ചിപ് ചെയ്ത് നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ഗോളി വിശാല്‍ കൈത്തും എലി സാബിയയും ഒന്നിച്ചെത്തി. പക്ഷേ ഇരുവരുടെയും ധാരണ പിശക് മുതലെടുത്ത് ജോയല്‍ അനായാസം പന്ത് വലയിലെത്തിച്ചു.
53-ാം മിനിറ്റില്‍ നര്‍സാരിയെടുത്ത കോര്‍ണറില്‍ നിന്നായിരുന്നു ഹൈദരാബാദിന്റെ രണ്ടാം ഗോളിന്റെ പിറവി. ചെന്നൈയിന്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് ലഭിച്ച അരിഡാനെ സന്റാനയുടെ ഷോട്ട് ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയായിരുന്നു. റീബൗണ്ട് വന്ന പന്ത് ലഭിച്ച നര്‍സാരി കരുത്തുറ്റ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.
67-ാം മിനിറ്റില്‍ ചെന്നൈയിന്‍ ഒരു ഗോള്‍ മടക്കി. ബോക്‌സിലേക്കെത്തിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഹൈദരാബാദ് താരം ഒഡെയ് ഒനിന്ത്യയും ഗോളി ലക്ഷക്ഷ്മികാന്ത് കട്ടിമണിയും തമ്മിലുള്ള ധാരണപ്പിശകാണ് ഗോളിന് കാരണമായത്. കട്ടിമണിയുടെ കാലില്‍ നിന്ന് പന്ത് ലഭിച്ച ഥാപ്പ അത് അനായാസം വലയിലെത്തിച്ചു.
74-ാം മിനിറ്റില്‍ മികച്ച മുന്നേറ്റത്തിനൊടുവിലായിരുന്നു ഹൈദരാബാദിന്റെ മൂന്നാം ഗോള്‍ പിറന്നത്. യാസിറിന്റെ പാസ് ബുളളറ്റ് ഷോട്ടിലൂടെ ജാവോ വിക്ടര്‍ വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ 79-ാം മിനിറ്റില്‍ നര്‍സാരി ഹൈദരാബാദിന്റെ ഗോള്‍ പട്ടിക തികച്ചു. മിഡ്ഫീല്‍ഡില്‍ വെച്ച് സന്റാസയുടെ പാസ് ലഭിക്കുമ്പോള്‍ നര്‍സാരി ഓണ്‍സൈഡായിരുന്നു. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ നര്‍സാരി, വിശാലിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: ISL 2020-21 Chennaiyin FC against Hyderabad FC