Photo: indiansuperleague.com
ഫത്തോര്‍ഡ: ആവേശം അവസാന മിനിറ്റ് വരെ നീണ്ടുനിന്ന ബെംഗളൂരു - ഒഡിഷ മത്സരം സമനിലയില്‍. എട്ടാം മിനിറ്റില്‍ ഡിയഗോ മൗറീസിയോ നേടിയ ഗോളിന് 82-ാം മിനിറ്റില്‍ എറിക് പാര്‍ത്താലുവിലൂടെ മറുപടി നല്‍കിയ ബെംഗളൂരു സമനില പിടിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ബെംഗളൂരുവിനെ ഞെട്ടിച്ച് എട്ടാം മിനിറ്റില്‍ ഒഡിഷ മുന്നിലെത്തി. ജെറി പെട്ടെന്നെടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു ഒഡിഷയുടെ ഗോളിന്റെ പിറവി. ജെറിയുടെ പാസ് സ്വീകരിച്ച് മുന്നേറിയ മാനുവല്‍ ഒന്‍വുവിന്റെ ക്രോസ് ഡിയഗോ മൗറീസിയോ ഗുര്‍പ്രീത് സിങ് സന്ധുവിന് യാതൊരു അവസരവും കൊടുക്കാതെ വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ബെംഗളൂരു ഏതാനും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് വിനയായി. ഒഡിഷ ഗോള്‍കീപ്പര്‍ ആര്‍ഷ്ദീപ് സിങ്ങിന്റെ മികവും ആദ്യ പകുതിയില്‍ നിര്‍ണായകമായി. 38-ാം മിനിറ്റില്‍ എറിക് പാര്‍ത്താലുവിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി ആര്‍ഷ്ദീപ് 41-ാം മിനിറ്റില്‍ വീണ്ടും തകര്‍പ്പന്‍ സേവുമായി ഒഡിഷയുടെ രക്ഷകനായി. കോര്‍ണറില്‍ നിന്നുള്ള രാഹുല്‍ ബേക്കെയുടെ ഹെഡര്‍ താരം രക്ഷപ്പെടുത്തുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒഡിഷ ആക്രമണങ്ങള്‍ നടത്തിയെങ്കിലും പിന്നീട് ബെംഗളൂരു മികച്ച ആക്രമണങ്ങളുമായി കളംനിറഞ്ഞു. രണ്ടാം പകുതിയിലും നിരവധി തവണ ആര്‍ഷ്ദീപ് ഒഡിഷയുടെ രക്ഷയ്‌ക്കെത്തി. 48, 52, 75 മിനിറ്റുകളിലും ആര്‍ഷ്ദീപിന്റെ രക്ഷപ്പെടുത്തല്‍ ഒഡിഷയ്ക്ക് തുണയായി.
ബെംഗളൂരുവിന്റെ നിരന്തരമുളള ആക്രമണങ്ങള്‍ക്ക് 82-ാം മിനിറ്റില്‍ ഫലം ലഭിച്ചു. ക്ലെയ്റ്റണ്‍ സില്‍വയുടെ കോര്‍ണറില്‍ തലവെച്ച എറിക് പാര്‍ത്താലു ബെംഗളൂരുവിന്റെ സമനില ഗോള്‍ നേടി.
മത്സരത്തിന്റെ അവസാന 10 മിനിറ്റ് ആവേശം നിറഞ്ഞതായിരുന്നു. നിര്‍ഭാഗ്യം കൊണ്ട് ബെംഗളൂരുവിന്റെ നാലിലേറെ അവസരങ്ങള്‍ ഗോളാകാതെ പോയി.
ഇതിനിടെ 90-ാം മിനിറ്റില്‍ ജെറിയുടെ ഷോട്ട് രക്ഷപ്പെടുത്തിയ ഗുര്‍പ്രീതും ബെംഗളൂരുവിന്റെ രക്ഷകനായി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: ISL 2020-21 Bengaluru FC against Odisha FC