Photo: indiansuperleague.com
ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്.സി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം.
മുര്‍ത്താത ഫാള്‍, ബിപിന്‍ സിങ്, ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ എന്നിവരാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്. സുനില്‍ ഛേത്രിയുടെ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ബെംഗളൂരുവിന്റെ ഏക ഗോള്‍. ഐ.എസ്.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ബെംഗളൂരു എഫ്.സി തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ തോല്‍ക്കുന്നത്.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ബിപിന്‍ സിങ്ങിന്റെ കോര്‍ണറില്‍ നിന്നായിരുന്നു മുംബൈയുടെ ആദ്യ ഗോള്‍. ബോക്‌സിലേക്കു വന്ന പന്ത് ഹെര്‍നന്‍ സന്റാന ഹെഡ് ചെയ്തത് പോസ്റ്റിന് മുന്നില്‍ നിന്ന് ഫാളിലേക്ക്. ഒന്ന് ഹെഡ് ചെയ്ത് പന്തിനെ വലയിലെത്തിക്കേണ്ട കാര്യമേ മുര്‍ത്താത ഫാളിനുണ്ടായിരുന്നുള്ളൂ.
15-ാം മിനിറ്റില്‍ ടീം വര്‍ക്കിന്റെ ഫലമായിരുന്നു മുംബൈയുടെ രണ്ടാം ഗോള്‍. പന്തുമായി മുന്നേറിയ ഹെര്‍നന്‍ സന്റാന അത് ആദം ലെ ഫോണ്‍ഡ്രെയ്ക്ക് മറിക്കുന്നു. ഫോണ്‍ഡ്രെയുടെ ഫസ്റ്റ് ടൈം പാസ് മന്ദര്‍ റാവു ദേശായിയിലേക്ക്. പന്തുമായി മുന്നേറി മന്ദര്‍ നല്‍കിയ ക്രോസ്, ബോക്‌സിലേക്ക് ഓടിയെത്തിയ ബിപിന്‍ സിങ് വലയിലെത്തിക്കുകയായിരുന്നു.
ബെംഗളൂരു പ്രതിരോധത്തെ കാഴ്ചക്കാരാക്കുന്ന പ്രകടനമാണ് മുംബൈ ആദ്യ പകുതിയില്‍ പുറത്തെടുത്തത്.
41-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയുടെ ഫ്രീ കിക്ക് മാത്രമായിരുന്നു ആദ്യ പകുതിയില്‍ ബെംഗളൂരുവിന് ആശ്വസിക്കാനുള്ള ഏക നിമിഷം, സില്‍വയെടുത്ത ഫ്രീ കിക്ക് ഏറെ കഷ്ടപ്പെട്ടാണ് മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദറിന്റെ സേവ് ചെയ്തത്.
77-ാം മിനിറ്റിലായിരുന്നു ബെംഗളൂരുവിന് അനുകൂലമായ പെനാല്‍റ്റി. പന്തുമായി മുന്നേറിയ ക്ലെയ്റ്റണ്‍ സില്‍വയെ മുര്‍ത്താത ഫാള്‍ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. പക്ഷേ ഫാളിന്റേത് ക്ലീന്‍ ടാക്കിളായിരുന്നുവെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു.
പിന്നാലെ 84-ാം മിനിറ്റില്‍ ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയിലൂടെ മുംബൈ മത്സരം സ്വന്തമാക്കുകയായിരുന്നു. ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ പിഴവില്‍ നിന്നായിരുന്നു മുംബൈയുടെ മൂന്നാം ഗോള്‍. ഓഗ്ബച്ചെയുടെ ഹെഡര്‍ തടഞ്ഞെങ്കിലും നിലത്ത് വീണ ഗുര്‍പ്രീതിന്റെ കൈയില്‍ നിന്നും വഴുതിപ്പോയ പന്ത് ഗോള്‍ലൈന്‍ കടക്കുകയായിരുന്നു.
86-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട അഹമ്മദ് ജാഹുവിന് മാര്‍ച്ചിങ് ഓര്‍ഡര്‍ കിട്ടിയത് മുംബൈക്ക് തിരിച്ചടിയായി. മത്സരത്തിന്റെ അനസാന നിമിഷം 10 പേരായി ചുരുങ്ങിയെങ്കിലും മുംബൈക്കെതിരേ ആ സമയത്ത് ഗോളുകളൊന്നും നേടാന്‍ ബെംഗളൂരുവിന് സാധിച്ചില്ല.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: ISL 2020-21 Bengaluru FC against Mumbai City FC