എ.ടി.കെ മോഹന്‍ ബഗാന് സമനിലപ്പൂട്ടിട്ട് ഹൈദരാബാദ് എഫ്.സി


2 min read
Read later
Print
Share

ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്ത മത്സരത്തില്‍ കരുത്തരായ എ.ടി.കെ നിരയ്‌ക്കെതിരേ മികച്ച പ്രകടനമാണ് ഹൈദരാബാദ് പുറത്തെടുത്തത്

Photo: indiansuperleague.com

ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെ സമനിലയില്‍ പിടിച്ച് ഹൈദരാബാദ് എഫ്.സി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്ത മത്സരത്തില്‍ കരുത്തരായ എ.ടി.കെ നിരയ്‌ക്കെതിരേ മികച്ച പ്രകടനമാണ് ഹൈദരാബാദ് പുറത്തെടുത്തത്.

മത്സരത്തിന്റെ തുടക്കംമുതല്‍ തന്നെ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞെങ്കിലും 54-ാം മിനിറ്റ് വരെ ഗോള്‍ നേടാന്‍ ആര്‍ക്കും സാധിച്ചില്ല.

54-ാം മിനിറ്റില്‍ ഒറ്റയ്ക്കുള്ള ഒരു മുന്നേറ്റത്തിലൂടെ മന്‍വീര്‍ സിങ്ങാണ് എ.ടി.കെയെ മുന്നിലെത്തിച്ചത്. മന്‍വീറിനെ തടയുന്നതില്‍ ഹൈദരാബാദ് പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിവെച്ചത്.

അതേസമയം സ്‌ട്രൈക്കര്‍ അരിഡാനെ സന്റാനയുടെ അഭാവം ഹൈദരാബാദിന്റെ മുന്നേറ്റത്തില്‍ പ്രകടമായിരുന്നു. ആശിഷ് റായ്, ജാവോ വിക്ടര്‍, സൗവിക് ചക്രബര്‍ത്തി, നികില്‍ പൂജാരി, ഹാളിചരണ്‍ നര്‍സാരി എന്നിവരടങ്ങിയ മധ്യനിര എണ്ണയിട്ട യന്ത്രം പോലെയായിരുന്നു മൈതാനത്ത്. എന്നാല്‍ ഫൈനല്‍ തേര്‍ഡില്‍ ആ മികവ് പുലര്‍ത്താന്‍ സാധിക്കാത്തതാണ് അവര്‍ക്ക് തിരിച്ചടിയായത്.

മറുവശത്ത് റോയ് കൃഷ്ണയും പ്രബീര്‍ ദാസും മന്‍വീര്‍ സിങ്ങും ചേര്‍ന്ന കൂട്ടുകെട്ട് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് അവര്‍ക്കും വിനയായത്. ദൈരാബാദ് ഗോള്‍കീപ്പര്‍ സുബ്രതാ പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഒമ്പതാം മിനിറ്റില്‍ ഗോളെന്നുറച്ച കൃഷ്ണയുടെ ഒരു ഹെഡര്‍ സുബ്രത സേവ് ചെയ്തു. 17-ാം മിനിറ്റില്‍ ലഭിച്ച അവസരവും കൃഷ്ണയ്ക്ക് മുതലാക്കാന്‍ സാധിച്ചില്ല.

ഇതിനിടെ 28-ാം മിനിറ്റില്‍ മന്‍വീറിന്റെ ക്രോസില്‍ നിന്നുള്ള പ്രബീര്‍ ദാസിന്റെ ഷോട്ട് അദ്ഭുതകരമായാണ് സുബ്രത രക്ഷപ്പെടുത്തിയത്.

പിന്നീട് 64-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ഹൈദരാബാദ് സമനില പിടിക്കുന്നത്. നിഖില്‍ പൂജാരിയെ മന്‍വീര്‍ സിങ് ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ജാവോ വിക്ടറിന് പിഴച്ചില്ല. 65-ാം മിനിറ്റില്‍ ഹൈദരാബാദ് ഒപ്പത്തിനൊപ്പം.

സമനിലയോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി എ.ടി.കെ രണ്ടാം സ്ഥാനം നിലനിര്‍ത്തി. നാലു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: ISL 2020-21 ATK Mohun Bagan against Hyderabad FC

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram