ബെംഗളൂരുവിനെ വീഴ്ത്തി ഐ.എസ്.എല്ലിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍


2 min read
Read later
Print
Share

ആദ്യപകുതിയില്‍ മാറ്റി സ്റ്റെയിന്‍മനാണ് ടീമിനായി വിജയ ഗോള്‍ നേടിയത്.

Photo: twitter.com|IndSuperLeague

ബംബോലിം: കരുത്തരായ ബെംഗളൂരുവിനെ കീഴടക്കി ഈസ്റ്റ് ബംഗാള്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ അപരാജിതക്കുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ സുനില്‍ ഛേത്രിയെയും സംഘത്തെയും കീഴടക്കിയത്. ആദ്യപകുതിയില്‍ മാറ്റി സ്റ്റെയിന്‍മനാണ് ടീമിനായി വിജയ ഗോള്‍ നേടിയത്.

ഈ വിജയത്തോടെ ഐ.എസ്.എല്ലിലെ അവസാന അഞ്ചുമത്സരങ്ങളില്‍ തോല്‍ക്കാതെ പോയന്റ് പട്ടികയില്‍ മുന്നേറാന്‍ ഈസ്റ്റ് ബംഗാളിനായി. മറുവശത്ത് തുടര്‍ച്ചയായി നാലുകളികള്‍ തോറ്റ് ബെംഗളൂരു വലിയ പ്രതിസന്ധിയിലായി. പുതിയ താത്കാലിക കോച്ച് നൗഷാദ് മൂസയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ബെംഗളൂരു തോല്‍വി വഴങ്ങി. ഈ തോല്‍വിയോടെ ബെംഗളൂരു ആറാം സ്ഥാനത്ത് തുടരുന്നു. വിജയിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ പത്തുപോയന്റുമായി ഒന്‍പതാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

തകര്‍പ്പന്‍ സേവുകളുമായി തിളങ്ങിയ ഈസ്റ്റ് ബംഗാളിന്റെ ദേബ്ജിത്ത് മജുംദാര്‍ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി. ഗോളെന്നുറച്ച അഞ്ചോളം കിക്കുകളാണ് ദേബ്ജിത്ത് ഇന്ന് വിഫലമാക്കിയത്.

മത്സരം തുടങ്ങി ആദ്യ മിനിട്ടുകളില്‍ ഇരുടീമുകള്‍ക്കും മേല്‍ക്കോയ്മ നേടാനായില്ല. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ കൂടുതല്‍ പന്ത് കൈവശം വെയ്ക്കാനാണ് ഇരുടീമുകളും ശ്രദ്ധിച്ചത്. മത്സരത്തിലെ ആദ്യ ഗോള്‍ ശ്രമം പിറന്നത് ഏഴാം മിനിട്ടിലാണ്. ഈസ്റ്റ് ബംഗാളിന്റെ നാരായണ്‍ ദാസിന്റെ ഉഗ്രന്‍ ലോങ് റേഞ്ചര്‍ ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് തട്ടിയകറ്റി.

പിന്നീട് മികച്ച അവസരങ്ങള്‍ ആദ്യ 15 മിനിട്ടില്‍ പിറന്നില്ല. ഇരുടീമുകളും പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് പുറത്തെടുത്തത്. എന്നാല്‍ ബെംഗളൂരുവിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് ഈസ്റ്റ് ബംഗാള്‍ ഗോള്‍ നേടി. ജര്‍മന്‍ താരം മാറ്റി സ്‌റ്റെയിന്‍മനാണ് ടീമിനായി ഗോള്‍ നേടിയത്.

20-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. നാരായണ്‍ ദാസിന്റെ ഉജ്ജ്വല പാസ്സ് സ്വീകരിച്ച സ്റ്റെയിന്‍പാന്‍ പന്ത് കാലുകൊണ്ട് പോസ്റ്റിലേക്ക് ചെത്തിയിട്ടു. പന്ത് വലയിലേക്ക് ഉരുണ്ടുപോകുന്നത് നോക്കി നില്‍ക്കാനെ ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന് സാധിച്ചുള്ളൂ. ബെംഗളൂരുവിന്റെ പ്രതിരോധപ്പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. സ്റ്റെയിന്‍മന്‍ ഈ സീസണില്‍ നേടുന്ന മൂന്നാം ഗോളാണിത്.

തൊട്ടുപിന്നാലെ ഈസ്റ്റ് ബംഗാളിന്റെ ബ്രൈറ്റ് മികച്ച ഒരു മുന്നേറ്റത്തിലൂടെ അതിമനോഹരമായ പാസ്സ് ബെംഗളൂരു ബോക്‌സിനകത്തേക്ക് നല്‍കിയെങ്കിലും അത് വലയിലെത്തിക്കാന്‍ ഹര്‍മന്‍പ്രീത് സിങ്ങിന് സാധിച്ചില്ല.

ഗോള്‍ വഴങ്ങിയ ശേഷം ഉണര്‍ന്നു കളിച്ച ബെംഗളൂരു ലോങ് പാസ് ഗെയിമിലൂടെ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. പക്ഷേ ഡാനിയേല്‍ ഫോക്‌സ് നയിച്ച ഈസ്റ്റ് ബംഗാള്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ ബെംഗളൂരുവിന് ഗോള്‍ നേടാനായില്ല.

രണ്ടാം പകുതിയില്‍ ബെംഗളൂരു കൂടുതല്‍ ആക്രമിച്ചുകളിക്കാന്‍ തുടങ്ങി. അതിന്റെ ഭാഗമായി രണ്ടാം പകുതിയില്‍ ഉദാന്തയ്ക്ക് പകരം ക്രിസ്റ്റ്യന്‍ ഒപ്‌സെത്തിനെ കൊണ്ടുവന്നു. അതിനുശേഷം മുന്നേറ്റ നിരയ്ക്ക് വേഗം വന്നു. 47-ാം മിനിട്ടില്‍ സുനില്‍ഛേത്രി മികച്ച ഒരു ഷോട്ടെടുത്തെങ്കിലും ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് അത് തട്ടിയകറ്റി.

പിന്നീട് ബെംഗളൂരു നിരന്തരം ആക്രമിച്ചു കളിച്ചപ്പോള്‍ ഈസ്റ്റ് ബംഗാള്‍ നിറം മങ്ങി. ഒരു ഗോള്‍ ലീഡില്‍ കടിച്ചുതൂങ്ങി പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് ഈസ്റ്റ് ബംഗാള്‍ പുറത്തെടുത്തത്. പക്ഷേ 72-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ ഹര്‍മന്‍ പ്രീത് സിങ്ങിന് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും പന്ത് അദ്ദേഹം ക്രോസ്ബാറിന് എത്രയോ മുകളിലൂടെ പറത്തി.

78-ാം മിനിട്ടില്‍ ബ്രൈറ്റിന് മികച്ച ഒരു അവസരം ലഭിച്ചു. ബെംഗളൂരുവിന്റെ പ്രതിരോധതാരം ഭൂട്ടിയയുടെ മിസ്പാസ് സ്വീകരിച്ച ബ്രൈറ്റ് ഒറ്റയ്ക്ക് മുന്നേറി കൃത്യമായി ഷോട്ടെടുത്തെങ്കിലും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് അത് തട്ടിയകറ്റി.

81-ാം മിനിട്ടില്‍ മികച്ച ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ ഈസ്റ്റ് ബംഗാളിന്റെ ബ്രൈറ്റ് വീണ്ടും പോസ്റ്റിനകത്തേക്ക് കുതിച്ചു. പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് ബോക്‌സിലേക്ക് കയറിയെങ്കിലും അദ്ദേഹത്തിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.

അവസാന മിനിട്ടുകളില്‍ ആഞ്ഞുശ്രമിച്ചിട്ടും ബെംഗളൂരുവിന് ഈസ്റ്റ് ബംഗാള്‍ പ്രതിരോധപ്പൂട്ട് തുറക്കാനായില്ല.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: ISL 2020-2021 Bengaluru FC vs SC East Bengal Live

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram