Photo: twitter.com|IndSuperLeague
വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തുല്യ ശക്തികളുടെ പോരാട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞ് ഹൈദരാബാദ് എഫ്.സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും. ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. പക്ഷേ തകര്‍പ്പന്‍ പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്.
ഈ സമനിലയോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി. നോർത്ത് ഈസ്റ്റിന്റെ ലാലങ്മാവിയ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി
തുല്യശക്തികളുടെ പോരാട്ടമായതിനാല്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞതോടെ മത്സരം ആദ്യമിനിട്ടുമുതല്‍ തന്നെ ആവേശത്തിലായി.
18-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മഷാഡോ ഒരു ഹെഡ്ഡര്‍ ബോക്‌സിലേക്കെടുത്തെങ്കിലും പന്ത് ഗോള്‍കീപ്പര്‍ കട്ടിമണി കൈയ്യിലൊതുക്കി. 24-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ അപൂയിയയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് കട്ടിമണി കൈയ്യിലൊതുക്കി.
ഹൈദരാബാദ് പ്രതിരോധത്തില്‍ മികച്ചുനിന്നപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റനിര തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. പക്ഷേ പന്ത് അധികസമയവും മധ്യനിരയില്‍ തന്നെയാണ് ഉരുണ്ടുകളിച്ചത്. ആദ്യപകുതിയില്‍ ഹൈദരാബാദിനെക്കാളും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് നോര്‍ത്ത് ഈസ്റ്റാണ്.
39-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മഷാഡോയ്ക്ക് സുവര്‍ണാവസരം ലഭിച്ചു. ബോക്‌സിന് മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം നില്‍ക്കെ അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല.
രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിക്കാനാണ് ഹൈദരാബാദ് ശ്രമിച്ചത്. 54-ാം മിനിട്ടില്‍ മിശ്രയ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് പോസ്റ്റിന് വെളിയിലൂടെ കടന്നുപോയി.
58-ാം മിനിട്ടില്‍ ഹൈദരാബാദിന് ബോക്‌സിന് തൊട്ടുപുറത്തുനിന്നും മികച്ച ഫ്രീകിക്ക് അവസരം ലഭിച്ചു. എന്നാല്‍ കിക്കെടുത്ത ജാവോ വിക്ടറുടെ ഷോട്ട് പോസ്റ്റിന് വെളിയിലൂടെ കടന്നു. മത്സരത്തിലെ മികച്ച അവസരങ്ങളിലൊന്നായിരുന്നു അത്.
പിന്നാലെ ഇരുടീമുകളും പകരക്കാരെക്കൊണ്ടുവന്ന് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. മലയാളിതാരം സുഹൈര്‍ രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിനുവേണ്ടി കളിക്കാനിറങ്ങി. എന്നിട്ടും ഗോള്‍ മാത്രം അകന്നുനിന്നു.
84-ാം മിനിട്ടില്‍ സുഹൈറിനെ ആകാശ് ഫൗള്‍ ചെയ്തതിന്റെ ഫലമായി നോര്‍ത്ത് ഈസ്റ്റിന് ഫ്രീകിക്ക് ലഭിച്ചു. കിക്ക് സ്വീകരിച്ച ബെഞ്ചമിന്‍ ലാംബോട്ട് ഒരു തകര്‍പ്പന്‍ ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും പന്ത് ക്രോസ്ബാറിനെ ചുംബിച്ച് കടന്നുപോയി.
ഇന്‍ജുറി ടൈമില്‍ മഷാഡോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും തകര്‍പ്പന്‍ സേവിലൂടെ കട്ടിമണി അത് നിഷ്ഭ്രമമാക്കി. പിന്നീട് മികച്ച അവസരം സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Hyderabad FC vs North East United FC ISL 2020-2021