Photo: twitter.com|IndSuperLeague
ഫത്തോര്‍ഡ: വാനോളം ആവേശം നിറഞ്ഞ മത്സരത്തില്‍ കരുത്തരായ ഗോവയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. ഗോവയ്ക്കായി ഇഗോര്‍ അംഗൂളോയും ഈസ്റ്റ് ബംഗാളിനായി ഡാനിയേല്‍ ഫോക്‌സും ഗോള്‍ നേടി.
ഈ സമനിലയോടെ ഗോവ പോയന്റ് പട്ടികയില്‍ മൂന്നാമതും ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്തും തുടരുന്നു. ഈസ്റ്റ് ബംഗാളിന്റെ ബ്രൈറ്റ് ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. ഇരുടീമുകളും ആദ്യ പാദത്തിലും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. രണ്ടാം പകുതിയില്‍ ഗോവ പത്തുപേരായി ചുരുങ്ങിയിട്ടും അവസരം മുതലാക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല.
മിന്നല്‍ പ്രകടനം കാഴ്ചവെച്ച ഗോവയുടെ ഗോള്‍കീപ്പര്‍ ധീരജും ഗോള്‍ നേടുന്നതില്‍ നിന്നും ഈസ്റ്റ് ബംഗാളിനെ തടഞ്ഞു. ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റതാരം ബ്രൈറ്റും ലോകോത്തര നിലവാരമുള്ള കളി പുറത്തെടുത്തു. ബ്രൈറ്റ് തന്നെയാണ് ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.
ആവേശക്കൊടുമുടിയിലാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ 25-ാം സെക്കന്‍ഡില്‍ തന്നെ ഈസ്റ്റ് ബംഗാളിന് അനുകൂലമായി ഒരു പെനാല്‍ട്ടി ലഭിച്ചു. നാരായണ്‍ ദാസിനെ ബോക്‌സിനകത്ത് വെച്ച് ഗോവന്‍ പ്രതിരോധതാരം മുഹമ്മദലി വീഴ്ത്തി. എന്നാല്‍ പെനാല്‍ട്ടി കിക്കെടുത്ത ഈസ്റ്റ് ബംഗാളിന്റെ ആന്റണി പില്‍കിങ്ടണ്‍ പന്ത് പുറത്തേക്കടിച്ച് നിര്‍ണായക അവസരം തുലച്ചുകളഞ്ഞു.
പിന്നാലെ മൂന്നാം മിനിട്ടില്‍ ഗോവ ആദ്യ മുന്നേറ്റം നടത്തി. ഇഗോര്‍ അംഗൂളോയുടെ മികച്ച കിക്ക് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാര്‍ കൈയ്യിലൊതുക്കി.
പെനാല്‍ട്ടി നേടിയെങ്കിലും പിന്നീട് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല. ഗോവ തന്നെയാണ് കളി നിയന്ത്രിച്ചത്. എന്നാല്‍ 19-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ ബ്രൈറ്റ് തകര്‍പ്പന്‍ കളി പുറത്തെടുത്ത് മികച്ച ഒരു ക്രോസ് നല്‍കിയെങ്കിലും അത് മുതലാക്കാന്‍ മറ്റ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല. പിന്നാലെ ചില മികച്ച ആക്രമണങ്ങളും ടീം കാഴ്ചവെച്ചു.
28-ാം മിനിട്ടില്‍ ബ്രൈറ്റ് തകര്‍പ്പന്‍ കളിയിലൂടെ പില്‍കിങ്ടണ് പാസ് നല്‍കി. പന്ത് വലയിലേക്ക് തട്ടാനുള്ള ചുമതല മാത്രമേ പില്‍കിങ്ടണ് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടുപോലും താരത്തിന് ഗോവന്‍ വല ചലിപ്പിക്കാനായില്ല.
37-ാം മിനിട്ടില്‍ ഓര്‍ട്ടിസിലൂടെ ഗോവ ലീഡെടുത്തെന്ന് തോന്നിപ്പിച്ചു. ബോക്‌സിന് വെളിയില്‍ നിന്നും താരമെടുത്ത ഫ്രീകിക്ക് മഴവില്ല് പോലെ വളഞ്ഞ് പോസ്റ്റിലേക്കിറങ്ങിയെങ്കിലും പന്ത് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ഗോവ ഗോള്‍ കണ്ടെത്തി.
39-ാം മിനിട്ടില്‍ സൂപ്പര്‍ താരം ഇഗോര്‍ അംഗൂളോയാണ് ടീമിനായി ഗോള്‍ നേടിയത്. ഈസ്റ്റ് ബംഗാള്‍ മധ്യനിര വരുത്തിയ ഒരു പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. പിഴവ് മുതലാക്കി പന്ത് പിടിച്ചെടുത്ത ആല്‍ബെര്‍ട്ടോ നൊഗുവേര പന്ത് ഇഗോര്‍ അംഗൂളോയ്ക്ക് നീട്ടി നല്‍കി. പന്തുമായി ബോക്‌സിനകത്തേക്ക് മുന്നേറിയ അംഗൂളോ ഗോള്‍ കീപ്പര്‍ ദേബ്ജിത്തിനെ കബിളിപ്പിച്ച് പന്ത് അനായാസേന വലയിലെത്തിച്ചു. താരം ഈ സീസണില്‍ നേടുന്ന പത്താമത്തെ ഗോളാണിത്. ഗോള്‍ വേട്ടക്കാരില്‍ അംഗൂളോയാണ് മുന്നില്‍.
ഗോള്‍ വീണതോടെ ഈസ്റ്റ് ബംഗാള്‍ ആക്രമിച്ച് കളിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ടീമിന് സാധിച്ചില്ല.
രണ്ടാം പകുതിയില്‍ ഗോവയാണ് ആദ്യം ആക്രമണത്തിന് തുടക്കമട്ടത്. നൊഗുവേരയും ഓര്‍ട്ടിസും അംഗൂളോയുമെല്ലാം കളം നിറഞ്ഞു കളിച്ചു. ഗോവന്‍ പ്രതിരോധവും മികച്ച കളി പുറത്തെടുത്തതോടെ ഈസ്റ്റ് ബംഗാള്‍ മുന്നേറ്റനിര ശരിക്കും വിയര്‍ത്തു.
ബ്രൈറ്റ് ഗോവന്‍ പ്രതിരോധത്തില്‍ വിള്ളലുകള്‍ വരുത്തി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അത് മുതലാക്കാന്‍ മറ്റ് താരങ്ങള്‍ക്ക് സാധിച്ചില്ല. എന്നാല്‍ 65-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാള്‍ സമനില ഗോള്‍ കണ്ടെത്തി.
നായകന്‍ ഡാനിയേല്‍ ഫോക്‌സാണ് ടീമിനായി സമനില ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബ്രൈറ്റ് എടുത്ത കോര്‍ണര്‍ കിക്ക് നേരെ ബോക്‌സിലേക്കാണ് വന്നത്. ഇത് ഗോവന്‍ ഗോള്‍ കീപ്പര്‍ ധീരജ് തട്ടിയകറ്റിയെങ്കിലും പന്ത് നേരെയെത്തിയത് ഫോക്‌സിന്റെ കാലിലാണ്. അദ്ദേഹം പന്ത് അനായാസേന വലയിലെത്തിച്ച് ടീമിന് നിര്‍ണായക സമനില സമ്മാനിച്ചു.
ഗോള്‍ വഴങ്ങിയതിന് തൊട്ടുപിന്നാലെ നായകന്‍ എഡു ബേഡിയ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ഗോവ വലിയ പ്രതിരോധത്തിലായി. 66-ാം മിനിട്ടുമുതല്‍ ഗോവ പത്തുപേരുമായാണ് കളിച്ചത്.
74-ാം മിനിട്ടില്‍ പകരക്കാരനായി വന്ന ഹര്‍മന്‍പ്രീത് ഗോവന്‍ ബോക്‌സിനകത്തുവെച്ച് ഒരു വെടിയുണ്ട ഷോട്ടെടുത്തു. എന്നാല്‍ അസാമാന്യമായ പ്രകടനത്തോടെ ഗോവന്‍ ഗോള്‍കീപ്പര്‍ ധീരജ് പന്ത് തട്ടിയകറ്റി.
ഈസ്റ്റ് ബംഗാളിന്റെ ബ്രൈറ്റ് ഇന്ന് ലോകോത്തര നിലവാരമുള്ള പ്രകടനം പുറത്തെടുത്ത് കളം നിറഞ്ഞു. ഗോവന്‍ താരങ്ങളെ കബിളിപ്പിച്ച് നിരവധി തവണ ബോക്‌സിനകത്ത് ഭീതിയുണര്‍ത്താന്‍ താരത്തിന് കഴിഞ്ഞു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....
Content Highlights: FC Goa vs SC East Bengal ISL 2020-21