Photo: twitter.com|IndSuperLeague
വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ എഫ്.സി. ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. ജംഷേദ്പുര്‍ എഫ്.സിയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ടീം തകര്‍ത്തത്. ആദ്യ പാദത്തിലും ഗോവ തന്നെയാണ് വിജയം സ്വന്തമാക്കിയത്.
ഗോവയ്ക്കായി ഓര്‍ഗെ ഓര്‍ട്ടിസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ മൂന്നാം ഗോള്‍ ഐവാന്‍ ഗോണ്‍സാലസ് നേടി. ഈ വിജയത്തോടെ ഗോവ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എന്നാല്‍ തോല്‍വി ജംഷേദ്പുരിനെ ഏഴാം സ്ഥാനത്തെത്തിച്ചു. ഗോവയുടെ ഈ സീസണിലെ അഞ്ചാം വിജയമാണിത്. ജംഷേദ്പുര്‍ നാലാം തോല്‍വിയും ഏറ്റുവാങ്ങി.
തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞുകളിച്ച ഗോവയുടെ ഗോള്‍കീപ്പര്‍ നവീന്‍ കുമാറാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.
മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഗോവയും ജംഷേദ്പുരും ഒരുപോലെ ആക്രമിച്ചാണ് കളിച്ചത്. പക്ഷേ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും ആദ്യം കഴിഞ്ഞില്ല. ഗോവയുടെ ഗോളടിയന്ത്രം ഇഗോര്‍ അംഗൂളോയുടെ അഭാവത്തില്‍ ഓര്‍ഗെ ഓര്‍ട്ടിസാണ് ടീമിന്റെ ആക്രമണച്ചുമതല ഏറ്റെടുത്തത്. ഓര്‍ട്ടിസ് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.
20-ാം മിനിട്ടില്‍ ഓര്‍ട്ടിസിലൂടെ ഗോവ ജംഷേദ്പുരിനെതിരേ ഗോള്‍ നേടുകയും ചെയ്തു. നൊഗുവേരയുടെ മികച്ച പാസ്സ് ബോക്‌സിനകത്തുവെച്ച് സ്വീകരിച്ച ഓര്‍ട്ടിസ് പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്തടിച്ചുകയറ്റി ടീമിന് നിര്‍ണായക ലീഡ് നല്‍കി. ജംഷേദ്പുരിന്റെ ഗോള്‍കീപ്പറും മലയാളിയുമായ രഹ്നേഷ് നന്നായി ശ്രമിച്ചെങ്കിലും താരത്തെ കീഴ്‌പ്പെടുത്തി പന്ത് വലയിലെത്തി. ഇതോടെ മത്സരം ആവേശത്തിലായി. തൊട്ടുപിന്നാലെ ജംഷേദ്പുരും ആക്രമിച്ച് കളിച്ചു
24-ാം മിനിട്ടില്‍ ജംഷേദ്പുരിന്റെ ഗോളടിയന്ത്രം നെരിയസ് വാല്‍സ്‌കിസിന് ഗോവയുടെ ബോക്‌സിനകത്തുവെച്ച് മികച്ച അവസരം ലഭിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് ഗോവന്‍ ഗോള്‍കീപ്പര്‍ കുമാര്‍ തട്ടിയകറ്റി.
പിന്നീട് മികച്ച അവസരം സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും ആദ്യപകുതിയില്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലും ഗോവതന്നെയാണ് മികച്ച കളി പുറത്തെടുത്തത്. ജംഷേദ്പുരിന്റെ ബോക്‌സിനകത്ത് നിരന്തരം ആക്രമിച്ച് കളിച്ചു. അതിന്റെ ഫലമായി ഗോവ വീണ്ടും ജംഷേദ്പുര്‍ വല ചലിപ്പിച്ചു.
രണ്ടാം ഗോളും ഓര്‍ട്ടിസ് തന്നെയാണ് നേടിയത്. 53-ാം മിനിട്ടിലാണ് താരം സ്‌കോര്‍ ചെയ്തത്. ഇത്തവണ ബ്രാന്റണ്‍ ഫെര്‍ണാണ്ടസാണ് ഓര്‍ട്ടിസിന്റെ ഗോളിനുള്ള വഴിയൊരുക്കിയത്. താരത്തിന്റെ മികച്ച ക്രോസ് ബോക്‌സിനകത്തുവെച്ച് സ്വീകരിച്ച ഓര്‍ട്ടിസ് പന്തിനെ വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ക്രോസ്ബാറില്‍ തട്ടി പുറത്തേക്ക് വന്നു. അത് വീണ്ടും പിടിച്ചെടുത്ത ഓര്‍ട്ടിസ് രഹ്നേഷിനെ നിസ്സഹായനാക്കി പന്തിനെ വലയിലെത്തിച്ച് ടീമിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. ഇതോടെ ജംഷേദ്പുര്‍ മാനസികമായി തളര്‍ന്നു.
74-ാം മിനിട്ടില്‍ ബോക്‌സിനകത്ത് കയറി ഓര്‍ട്ടിസ് ഹാട്രിക്ക് നേടാന്‍ ശ്രമിച്ചെങ്കിലും പന്ത് അതിവിദഗ്ധമായി രഹ്നേഷ് തട്ടിയകറ്റി. ജംഷേദ്പുരിന്റെ പ്രധാന പ്രതിരോധതാരവും നായകനുമായ പീറ്റര്‍ ഹാര്‍ട്‌ലി പരിക്കേറ്റ് പുറത്തായതോടെ ടീമിന്റെ പ്രതിരോധം ഉലഞ്ഞു.
ഗോവയ്ക്കായി ഓര്‍ട്ടിസ്-ബ്രാന്റണ്‍-നൊഗുവേര ത്രയം തകര്‍പ്പന്‍ പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. മികച്ച ഒത്തിണക്കത്തോടെ കളിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. മറുവശത്ത് ജംഷേദ്പുരിന്റെ മുന്നേറ്റതാരം വാല്‍സ്‌കിസിന് ഇന്ന് ഫോമിലേക്കുയരാനായില്ല. 78-ാം മിനിട്ടില്‍ ജാക്കിചന്ദ് സിങ്ങിനും എസ്സെയ്ക്കും തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോവന്‍ ഗോള്‍കീപ്പര്‍ നവീന്‍ കുമാറിന്റെ ഉജ്ജ്വല ഫോം അവര്‍ക്ക് തിരിച്ചടിയായി.
85-ാം മിനിട്ടില്‍ അലക്‌സ് ലിമ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ജംഷേദ്പുര്‍ 10 പേരായി ചുരുങ്ങി. ഇതോടെ ടീമിന്റെ വിജയസാധ്യത അവസാനിച്ചു.
88-ാം മിനിട്ടില്‍ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാലസ് ഗോവയ്ക്കായി മൂന്നാം ഗോള്‍ നേടിയതോടെ ജംഷേദ്പുര്‍ തകര്‍ന്ന് തരിപ്പണമായി. പ്രതിരോധതാരമായ ഐവാന്റെ ആദ്യ ഐ.എസ്.എല്‍ ഗോളാണിത്. ഇതോടെ ഗോവ വിജയമുറപ്പിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: FC Goa vs Jamshedpur FC ISL 2020-2021 Live