Photo: twitter.com|IndSuperLeague
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ ഒഡിഷയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ്.സി. ഇസ്മയില്‍ ഇസ്മയുടെ ഇരട്ടഗോളുകളുടെ മികവിലാണ് ചെന്നൈയിന്‍ വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ഡീഗോ മൗറീഷ്യോ ഒഡിഷയുടെ ആശ്വാസ ഗോള്‍ നേടി.
ഈ വിജയത്തോടെ ചെന്നൈയിന്‍ പോയന്റ് പട്ടികയില്‍ 14 പോയന്റുകളുമായി അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ ഒഡിഷ അവസാന സ്ഥാനത്തുതന്നെ തുടരുന്നു. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ചെന്നൈയുടെ അനിരുദ്ധ് ഥാപ്പ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.ചെന്നൈയുടെ മൂന്നാം വിജയവും ഒഡിഷയുടെ ഏഴാം തോല്‍വിയുമാണിത്. ആദ്യ പാദത്തിൽ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു.
മത്സരം തുടങ്ങിയപ്പോള്‍ തന്നെ ചെന്നൈയിനാണ് ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയത്. സില്‍വസ്റ്ററിന് പകരം ഇസ്മയെ കൊണ്ടുവന്നത് ഫലം കണ്ടു. മികച്ച ആക്രമണവുമായി താരം കളം നിറഞ്ഞു. നാലാം മിനിട്ടില്‍ ഇസ്മയ്ക്ക് മികച്ച അവസരം ഒഡിഷയുടെ ബോക്‌സിനകത്തുവെച്ച് ലഭിച്ചെങ്കിലും പന്ത് അദ്ദേഹം ക്രോസ്ബാറിന് മുകളിലൂടെ പറത്തി. ആദ്യ പത്തുമിനിട്ടില്‍ ഒഡിഷ ചിത്രത്തില്‍പ്പോലുമില്ലായിരുന്നു.
11-ാം മിനിട്ടിലാണ് ഒഡിഷ ആദ്യ ആക്രമണം നടത്തിയത്. പക്ഷേ അത് ലക്ഷ്യത്തിലെത്തിക്കാന്‍ ടീമിന് കഴിഞ്ഞില്ല. എന്നാല്‍ ഒഡിഷയെ ഞെട്ടിച്ചുകൊണ്ട് 15-ാം മിനിട്ടില്‍ ചെന്നൈയിന്‍ ആദ്യ ഗോള്‍ നേടി. സില്‍വസ്റ്ററിന് പകരം ആദ്യ ഇലവനില്‍ സ്ഥാനം നേടിയ ഗിനിയക്കാരനായ ഇസ്മയില്‍ ഇസ്മയാണ് ടീമിനായി ആദ്യ ഗോള്‍ നേടിയത്. ഒഡിഷയുടെ പ്രതിരോധതാരം ഗൗരവ് ബോറെയുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്.
ലോങ്‌ബോള്‍ പിടിച്ചടക്കാന്‍ ഗൗരവിന് സാധിച്ചില്ല. പന്ത് നേരെയെത്തിയത് ഇസ്മയുടെ കാലുകളിലേക്ക്. പന്തുമായി ബോക്‌സിനകത്തേക്ക് മുന്നേറിയ താരം അനായാസം പന്ത് വലയിലെത്തിച്ച് ടീമിന് നിര്‍ണായക ലീഡ് സമ്മാനിച്ചു.
ഗോള്‍ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് ചെന്നൈയിന്‍ കളിച്ചത്. അതിന്റെ ഭാഗമായി ടീമിന് രണ്ടാം ഗോളും നേടാനായി. 20-ാം മിനിട്ടില്‍ ഒഡിഷ ബോക്‌സിനകത്തുവെച്ച് ചെന്നൈ താരം അനിരുദ്ധ് ഥാപ്പയെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. ഇത്തവണയും ഗൗരവ് ബോറെയായിരുന്നു ഒഡിഷയെ പ്രതിരോധത്തിലാക്കിയത്. ഗൗരവാണ് ഥാപ്പയെ ഫൗള്‍ ചെയ്തത്. ഇതിന്റെ ഭാഗമായി ലഭിച്ച പെനാല്‍ട്ടി ഇസ്മ കൃത്യമായി വലയിലെത്തിച്ച് 21-ാം മിനിട്ടില്‍ ടീമിന് രണ്ടുഗോള്‍ ലീഡേകി. ഇതോടെ ഒഡിഷ തകര്‍ന്നു
38-ാം മിനിട്ടില്‍ ഒഡിഷയുടെ മാനുവല്‍ ഒണ്‍വുവിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരം പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു.
രണ്ടാം പകുതിയില്‍ ഫോമിലില്ലാത്ത മാര്‍സലീന്യോയെ പിന്‍വലിച്ച് ഒഡിഷ ഡീഗോ മൗറീഷ്യോയെ കൊണ്ടുവന്നു. ആ മാറ്റം ഒഡിഷയ്ക്ക് ഒരു ഗോളാണ് സമ്മാനിച്ചത്. സൂപ്പര്‍ താരം ഡീഗോ മൗറീഷ്യോയാണ് ടീമിനായി ഗോള്‍ നേടിയത്. 63-ാം മിനിട്ടിലാണ് താരം ഗോള്‍ നേടിയത്.
ഒരു ലോങ്‌ബോള്‍ ബോക്‌സിന് പുറത്തുനിന്നും സ്വീകരിച്ച മൗറീഷ്യോ ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ വിശാലിനെ നിസ്സഹായനാക്കി പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചു കയറ്റി. 25 വാര അകലത്തില്‍ നിന്നാണ് താരം ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ മത്സരം ആവേശത്തിലായി. മൗറീഷ്യോ ഈ സീസണില്‍ നേടുന്ന ആറാമത്തെ ഗോളാണിത്.
81-ാം മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ ചെന്നൈയിന്റെ തോയ് സിങ്ങിന് ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേത്തിന് ആ അവസരം മുതലാക്കാനായില്ല. 86-ാം മിനിട്ടില്‍ ഒഡിഷയുടെ ഡാനിയേല്‍ ഒരുഗ്രന്‍ ലോങ് റേഞ്ചറെടുത്തെങ്കിലും ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ വിശാല്‍ അത് മികച്ച ഒരു ഡൈവിലൂടെ തട്ടിയകറ്റി. രണ്ടാം ഗോളിനായി ഒഡിഷ കിണഞ്ഞു ശ്രമിച്ചെങ്കിലും ചെന്നൈയിന്‍ പ്രതിരോധം ഉറച്ചുനിന്നു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Chennain FC vs Odisha FC ISL 2020-2021 Live