ഇൻജുറി ടൈമിൽ ​നേടിയ ​ഗോളിന്റെ കരുത്തിൽ ചെന്നൈയിനെ തോൽപ്പിച്ച് മോഹൻ ബ​ഗാൻ


2 min read
Read later
Print
Share

ഇന്‍ജുറി ടൈമില്‍ പകരക്കാരനായി വന്ന ഡേവിഡ് വില്യംസാണ് ടീമിനായി വിജയഗോള്‍ നേടിയത്. വില്യംസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

Photo: twitter.com|IndSuperLeague

ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയ്‌ക്കെതിരേ എ.ടി.കെ മോഹന്‍ ബഗാന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ടീം വിജയിച്ചുകയറിയത്. ഇന്‍ജുറി ടൈമില്‍ പകരക്കാരനായി വന്ന ഡേവിഡ് വില്യംസാണ് ടീമിനായി വിജയഗോള്‍ നേടിയത്. വില്യംസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മോഹന്‍ബഗാന്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈയുമായുള്ള അകലം വെറും രണ്ട് പോയന്റാക്കി കുറച്ചു. എന്നാല്‍ ചെന്നൈയിന്‍ ആറാം സ്ഥാനത്തുതന്നെ തുടരുന്നു.

മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ ചെന്നൈയിന്‍ ഒരു മുന്നേറ്റത്തിന്റെ ഭാഗമായി ഫ്രീകിക്ക് നേടിയെടുത്തു. എന്നാല്‍ മെമോയുടെ കിക്ക് മോഹന്‍ ബഗാന്റെ പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ചു. പിന്നീട് കാര്യമായ ചലനമുണ്ടാക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.

17-ാം മിനിട്ടില്‍ മോഹന്‍ ബഗാന്റെ മന്‍വീര്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും അത് കൃത്യമായി റോയ് കൃഷ്ണയുടെ കാലിലേക്ക് എത്തിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. മത്സരത്തില്‍ മോഹന്‍ ബഗാന്റെ ഗോളടിക്കാനുള്ള ആദ്യ മുന്നേറ്റവുമായിരുന്നു അത്.

21-ാം മിനിട്ടില്‍ വീണ്ടും മോഹന്‍ ബഗാന്‍ ചെന്നൈയിന്‍ ബോക്‌സിലേക്ക് ഇരച്ചുകയറി. എഡു ഗാര്‍സിയയുടെ ഒരു മികച്ച ഷോട്ട് ഗോള്‍കീപ്പര്‍ വിശാല്‍ തട്ടിയകറ്റി. 38-ാം മിനിട്ടില്‍ മോഹന്‍ ബഗാന്റെ നായകന്‍ റോയ് കൃഷ്ണയ്ക്ക് ചെന്നൈ ബോക്‌സിനകത്ത് മികച്ച ഹെഡ്ഡര്‍ അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെന്നൈയാണ് ആദ്യം ആക്രമിച്ച് കളിച്ചത്. ബോക്‌സിനത്തുവെച്ച് ഒരു കൂട്ടപ്പൊരിച്ചില്‍ നടത്തിയെങ്കിലും ടീമിന് ഗോള്‍ നേടാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ മോഹന്‍ ബഗാന്‍ കൂടുതല്‍ പ്രതിരോധിച്ചാണ് കളിച്ചത്.

പിന്നീട് കാര്യമായ ഗോളസവരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. ചെന്നൈയിന്‍ കോര്‍ണറുകളും ഫ്രീകിക്കുകളുമെല്ലാം നേടിയെങ്കിലും അത് ഗോളിലേക്ക് മാറ്റാന്‍ ടീമിന് കഴിഞ്ഞില്ല.

70 മിനിട്ടുകള്‍ക്ക് ശേഷം മോഹന്‍ബഗാനും ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. അതിനായി ഡേവിഡ് വില്യംസിനെയും റെജിനെയുമെല്ലാം രണ്ടാം പകുതിയില്‍ ഇറക്കി. 74-ാം മിനിട്ടില്‍ മോഹന്‍ ബഗാന് ഒരു മികച്ച ഫ്രീകിക്ക് അവസരം ലഭിച്ചു.

കിക്കെടുത്ത ഹെര്‍ണാണ്ടസ് നന്നായി തന്നെ ശ്രമിച്ചെങ്കിലും ഒരു സൂപ്പര്‍മാന്‍ സേവിലൂടെ ചെന്നൈ ഗോള്‍കീപ്പര്‍ വിശാല്‍ പന്ത് തട്ടിയകറ്റി. പോസ്റ്റിന്റെ വലതുമൂലയിലേക്ക് തുളച്ചുകയറേണ്ടിയിരുന്ന കിക്കാണ് താരം ഉയര്‍ന്ന് പറന്ന് തട്ടിയകറ്റിയത്.

ഡേവിഡ് വില്യംസിനെ പകരക്കാരനായി കൊണ്ടുവന്ന കോച്ച് ഹെബാസിന്റെ തന്ത്രം ഒടുവില്‍ ഫലം കണ്ടു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡേവിഡ് വില്യംസ് മോഹന്‍ ബഗാനായി വിജയഗോള്‍ നേടി.

കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിട്ടില്‍ ഹെര്‍ണാണ്ടസ് എടുത്ത കോര്‍ണര്‍ കിക്ക് ചെന്നൈയിന്‍ ബോക്‌സിലേക്ക് താണിറങ്ങി. ഇത് ലക്ഷ്യംവെച്ച് ഉയര്‍ന്ന ഡേവിഡ് വില്യംസ് ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്തിനെ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് കുത്തിയിട്ടു. ഇതോടെ മോഹന്‍ബഗാന്‍ വിജയമുറപ്പിച്ചു.

എന്നാല്‍ കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ചെന്നൈയുടെ സിപോവിച്ച് ഗോള്‍കീപ്പറില്ലാത്ത മോഹന്‍ ബഗാന്‍ ബോക്‌സിലേക്ക് നല്ലൊരു ഹെഡ്ഡര്‍ പായിച്ചെങ്കിലും ഗോള്‍ലൈനില്‍ വെച്ച് അത് രക്ഷിച്ചെടുത്ത് പ്രതിരോധതാരം ടിറി ടീമിന്റെ വിജയനായകനായി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Chennain FC vs ATK Mohun Bagan ISL 2020-21

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram