Photo: twitter.com|IndSuperLeague
വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. നോര്‍ത്ത് ഈസ്റ്റിനായി ലൂയിസ് മഷാഡോയും ബെംഗളൂരുവിനായി രാഹുല്‍ ഭേക്കെയും ഗോള്‍ നേടി. നോർത്ത് ഈസ്റ്റിന്റെ 19 വയസ്സുകാരനായ ലാലങ്മാവിയ അപ്പൂയിയ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി
ഈ സമനിലയോടെ ബെംഗളൂരു പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തും തുടരുന്നു. ഈ സീസണില്‍ ഇരുടീമുകളും ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടിയത്. ആദ്യ പാദത്തിലും ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞിരുന്നു. തുടര്‍ത്തോല്‍വികള്‍ അലട്ടിയിരുന്ന ബെംഗളൂരുവിനും നോര്‍ത്ത് ഈസ്റ്റിനും ഏറെ ആശ്വാസം പകരുന്ന മത്സരമായിരുന്നു ഇത്.
മത്സരം തുടങ്ങി ആദ്യ പത്തുമിനിട്ടിനുള്ളില്‍ മികച്ച അവസരം സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. മലയാളി താരം സുഹൈര്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഇലവനില്‍ ഇടം നേടി. പന്ത് കൈവശം വെയ്ക്കുന്നതില്‍ ബെംഗളൂരുവാണ് മുന്നിട്ടുനിന്നതെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.
എന്നാല്‍ 20 മിനിട്ടുകള്‍ക്ക് ശേഷം നോര്‍ത്ത് ഈസ്റ്റ് പതിയെ കളിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി. ബോക്‌സുവരെ പന്തെത്തുന്നുണ്ടെങ്കിലും അവിടെനിന്നും ഗോളവസരത്തിലേക്ക് മാറ്റാന്‍ സാധിച്ചില്ല. 24-ാം മിനിട്ടില്‍ ബെംഗളൂരുവിന്റെ ക്രിസ്റ്റിയന്‍ ഒപ്‌സെത്തിന് നോര്‍ത്ത് ഈസ്റ്റ് ബോക്‌സിനകത്ത് വെച്ച് മികച്ച അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് സ്‌കോര്‍ ചെയ്യാനായില്ല.
27-ാം മിനിട്ടില്‍ ബെംഗളൂരുവിന്റെ ഹൃദയം ഭേദിച്ചുകൊണ്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടി. ലൂയിസ് മഷാഡോയാണ് ടീമിനായി ഗോള്‍ നേടിയത്. ബോക്‌സിനുള്ളില്‍ വെച്ച് ഗല്ലെഗോയ്ക്ക് മലയാളിതാരം സുഹൈര്‍ പാസ് നല്‍കി. വലയിലേക്ക് ഗല്ലെഗോ ഷോട്ടുതിര്‍ത്തെങ്കിലും അത് കൃത്യമായി കൊണ്ടില്ല. പന്ത് ഒഴിഞ്ഞുമാറി നേരെ മഷാഡോയുടെ കാലിലേക്ക്. അദ്ദേഹം അത് കൃത്യമായി വലയിലെത്തിച്ച് ടീമിന് നിര്‍ണായക ലീഡ് സമ്മാനിച്ചു.
ഗോള്‍ വീണതോടെ ബെംഗളൂരു ആക്രമിച്ച് കളിച്ചു. അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഛേത്രിയും സംഘവും പരമാവധി ശ്രമിച്ചു. 33-ാം മിനിട്ടില്‍ മലയാളി താരം സുഹൈറിന് ഒരു ഓപ്പണ്‍ അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് കൃത്യമായി വലയിലെത്തിക്കാനായില്ല.
രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ബെംഗളൂരു സമനില ഗോള്‍ കണ്ടെത്തി. 49-ാം മിനിട്ടില്‍ രാഹുല്‍ ഭേക്കെയാണ് ടീമിനായി ഗോള്‍ നേടിയത്. ബോക്‌സിനുപുറത്തുനിന്നും ഒരു ലോങ്‌റേഞ്ചറിലൂടെയാണ് താരം ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഗുര്‍മീതിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ നേടിയത്.
ബോക്‌സിന് പുറത്തുനിന്നും മികച്ച ലോങ്‌റേഞ്ചറിലൂടെ രാഹുല്‍ പന്ത് പോസ്റ്റിലേക്കടിച്ചു. ഗുര്‍മീതിന്റെ മുന്നില്‍ കുത്തിയുയര്‍ന്ന പന്ത് നേരെ വലയിലേത്ത് പതിച്ചു. അനായാസമായി ഇത് തട്ടാമായിരുന്നെങ്കിലും ഗുര്‍മീതിന് അത് സാധിച്ചില്ല.
59-ാം മിനിട്ടില്‍ സുഹൈറിന്റെ മികച്ച ഒരു ഹെഡ്ഡര്‍ ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് തട്ടിയകറ്റി. 73-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റ് നായകന്‍ ലാംപോര്‍ട്ട് എടുത്ത ഫ്രീകിക്ക് കൃത്യമായി പോസ്റ്റിലേക്ക് പോയെങ്കിലും ഗുര്‍പ്രീത് അതും കൃത്യമായി തട്ടിയകറ്റി.
പിന്നീട് ഒരു അവസരം പിറക്കുന്നത് 83-ാം മിനിട്ടിലാണ്. ബെംഗളൂരുവിന്റെ ഗോള്‍ സ്‌കോറര്‍ രാഹുല്‍ ഭേക്കെയ്ക്ക് ബോക്‌സിനകത്ത് വെച്ച് മികച്ച ഒരു കോര്‍ണര്‍ പാസ് ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 86-ാം മിനിട്ടില്‍ ബെംഗളൂരുവിന്റെ ക്ലെയിറ്റണ്‍ സില്‍വ മുപ്പത് വാര അകലെനിന്നുമെടുത്ത ബുള്ളറ്റ് ഷോട്ട് നോര്‍ത്ത് ഈസ്റ്റിന്റെ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Bengaluru FC vs North East United FC ISL 2020-2021