Photo: twitter.com|bengalurufc
പനാജി: ബെംഗളൂരു എഫ്.സിയുടെ പുതിയ മുഖ്യ പരിശീലകനായി മാര്‍ക്കോ പെസായിയോളിയെ നിയമിച്ചു. മൂന്നുവര്‍ഷത്തെ കരാറിലാണ് മാര്‍ക്കോയെ നിയമിച്ചത്.
ജര്‍മനിയില്‍ ജനിച്ച് ഇറ്റലിയില്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച മാര്‍ക്കോയുടെ ആദ്യ ദൗത്യം ബെംഗളൂരുവിനെ എ.എഫ്.സി കപ്പിനായി സജ്ജമാക്കുക എന്നതാണ്. ഏപ്രില്‍ 14 നാണ് എ.എഫ്.സി കപ്പിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
52 കാരനായ മാര്‍ക്കോ ബുണ്ടസ് ലീഗയില്‍ എയിന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജര്‍മനിയില്‍ പരിശീലനകനായി കരിയര്‍ ആരംഭിച്ച താരം പിന്നീട് സൗത്ത് കൊറിയയില്‍ നിരവധി ക്ലബ്ബുകള്‍ക്ക് പരിശീലനം നല്‍കി. പിന്നീട് ജപ്പാനിലും ചൈനയിലും ടീമുകളെ പരിശീലിപ്പിച്ചു.
ലോകോത്തര താരങ്ങളായ റോബര്‍ട്ടോ ഫിര്‍മിനോ, സിഗുര്‍ഡ്‌സണ്‍, ഡേവിഡ് അലാബ തുടങ്ങിയ താരങ്ങളെ മാര്‍ക്കോ പരിശീലിപ്പിച്ചിട്ടുണ്ട്.
Content Highlights: Bengaluru FC appoint Marco Pezzaiuoli as new head coach