Photo: twitter.com|IndSuperLeague
ബംബോലിം:ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം സെമിഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍ കരുത്തരായ എ.ടി.കെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പിരിഞ്ഞു. ഡേവിഡ് വില്യംസിലൂടെ മോഹന്‍ ബഗാന്‍ ആദ്യം ലീഡെടുത്തെങ്കിലും മത്സരമവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ എദ്രിസ സില്ലയിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ നേടി.
നോര്‍ത്ത് ഈസ്റ്റിന്റെ ഗുര്‍ജീത് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.രണ്ടാം പാദ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനല്‍ ബെര്‍ത്തുറപ്പിക്കും. മാര്‍ച്ച് ഒന്‍പതിനാണ് രണ്ടാം പാദമത്സരം.
മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഇരുടീമുകളും ഗോളടിക്കാനായി ആക്രമിച്ചുതന്നെയാണ് കളിച്ചത്. ആദ്യ പകുതിയിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. 34-ാം മിനിട്ടില്‍ മോഹന്‍ ബഗാന് വേണ്ടി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വില്യംസാണ് സ്‌കോര്‍ ചെയ്തത്. റോയ് കൃഷ്ണയുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്.
റോയ്കൃഷ്ണയുടെ കൃത്യമായ പാസ് സ്വീകരിച്ച ഡേവിഡ് വില്യംസ് പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് പന്ത് കൃത്യമായി വലയിലെത്തിച്ചു. ഇതോടെ എ.ടി.കെ മോഹന്‍ ബഗാന്‍ 1-0 ന് മുന്നിലെത്തി. ഗോള്‍ വഴങ്ങിയ ശേഷം പ്രതിരോധത്തിലേക്ക് നീങ്ങാനാണ് മോഹന്‍ ബഗാന്‍ ശ്രമിച്ചത്.
ഗോള്‍ വഴങ്ങിയതോടെ നോര്‍ത്ത് ഈസ്റ്റ് ആക്രമിച്ചുകളിച്ചു. ഇടയ്ക്ക് മികച്ച പ്രത്യാക്രണം നടത്തി കളം നിറയാന്‍ മോഹന്‍ ബഗാനും ശ്രമിച്ചു. അരിന്ധം ഭട്ടാചാര്യയുടെ തകര്‍പ്പന്‍ സേവുകള്‍ നോര്‍ത്ത് ഈസ്റ്റിന് വിലങ്ങുതടിയായി. ആദ്യ പകുതിയില്‍ എ.ടി.കെ തന്നെയാണ് കളി നിയന്ത്രിച്ചത്. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ നോര്‍ത്ത് ഈസ്റ്റിന്റെ അശുതോഷ് മെഹ്ത മികച്ച ഹെഡ്ഡറെടുത്തെങ്കിലും പന്ത് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. ഇതോടെ ആദ്യ പകുതി അവസാനിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറിമറിഞ്ഞു. നോര്‍ത്ത് ഈസ്റ്റ് മോഹന്‍ ബഗാന്‍ പോസ്റ്റില്‍ കടന്നാക്രമിക്കാന്‍ തുടങ്ങി. മഷാഡോയും അപൂയിയയും മലയാളി താരം വി.പി.സുഹൈറുമെല്ലാം നിരന്തരം ആക്രമിച്ചു കളിച്ചു. പക്ഷേ മോഹന്‍ ബഗാന്റെ പേരുകേട്ട പ്രതിരോധനിര പാറപോലെ ഉറച്ചുനിന്നു.
പക്ഷേ മോഹന്‍ ബഗാനെ ഞെട്ടിച്ചുകൊണ്ട് പകരക്കാരനായി വന്ന എദ്രിസ സില്ല ഇന്‍ജുറി ടൈമില്‍ നോര്‍ത്ത് ഈസ്റ്റിനായി സമനില ഗോള്‍ നേടി. മത്സരമവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. മഷാഡോയുടെ ക്രോസ് സ്വീകരിച്ച സില്ല പന്ത് തലകൊണ്ട് പോസ്റ്റിന്റെ വലത്തേ മൂലയിലെത്തിച്ചു. ഇതോടെ മത്സരം ആവേശക്കൊടുമുടിയിലായി. വൈകാതെ ഫൈനല്‍ വിസില്‍ മുഴങ്ങുകയും ചെയ്തു.
Content Highlights: ATK Mohun Bagan vs North East United ISL semi final first leg