ആവേശകരമായ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് എഫ്.സി ഗോവ


3 min read
Read later
Print
Share

മോഹന്‍ ബഗാനായി എഡു ഗാര്‍സിയയും ഗോവയ്ക്കായി ഇഷാന്‍ പണ്ഡിതയും ഗോള്‍ നേടി.

Photo: |twitter.com|IndSuperLeague

ഫത്തോർഡ: വാനോളം ആവേശം നിറഞ്ഞ മത്സരത്തില്‍ ശക്തരായ എ.ടി.കെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് എഫ്.സി.ഗോവ. ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി പിരിഞ്ഞു. മോഹന്‍ ബഗാനായി എഡു ഗാര്‍സിയയും ഗോവയ്ക്കായി ഇഷാന്‍ പണ്ഡിതയും ഗോള്‍ നേടി.

ഈ സമനിലയോടെ മോഹന്‍ബഗാന്‍ പോയന്റ് പട്ടികയില്‍ രണ്ടാമതും ഗോവ മൂന്നാമതുമായി തുടരുന്നു. ​ഗോവയുടെ വിങ്ബാക്ക് സേവിയർ ​ഗാമ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി. ആദ്യപാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബഗാന്‍ ഗോവയെ തോല്‍പ്പിച്ചിരുന്നു.

മത്സരം തുടങ്ങിയപ്പോള്‍ പതിവിന് വിപരീതമായി മോഹന്‍ ബഗാനാണ് ആക്രമിച്ച് കളിച്ചുതുടങ്ങിയത്. ആദ്യ നാലുമിനിട്ടിനുള്ളില്‍ പോസ്റ്റിലേക്ക് രണ്ടു ഷോട്ടുകള്‍ ഉതിര്‍ക്കാനും ടീമിനായി. എന്നാല്‍ പതിയെ ഗോവ കളിയിലേക്ക് തിരിച്ചെത്തി.

9-ാം മിനിട്ടില്‍ ഗോവയുടെ ആല്‍ബെര്‍ട്ടോ നൊഗുവേര ഒരു കിടിലന്‍ ലോങ്‌റേഞ്ചര്‍ അടിച്ചെങ്കിലും പന്ത് പോസ്റ്റിനരികിലൂടെ കടന്നുപോയി. 17-ാം മിനിട്ടില്‍ മോഹന്‍ ബഗാന്റെ പ്രബീര്‍ ദാസ് കൃത്യമായി ബോക്‌സിലേക്ക് നല്ലൊരു ഷോട്ടുതിര്‍ത്തു. എന്നാല്‍ പന്ത് ഗോള്‍ കീപ്പര്‍ നവീന്‍ കൃത്യമായി കൈയ്യിലൊതുക്കി. തൊട്ടുപിന്നാലെ ഗോവയുടെ ഓര്‍ട്ടിസ് ഒരു ലോങ്‌റേഞ്ചര്‍ എടുത്തെങ്കിലും ഗോള്‍കീപ്പര്‍ അരിന്ധം അത കൈയ്യിലൊതുക്കി.

27-ാം മിനിട്ടില്‍ ഗോളെന്നുറച്ച ഒരു അവസരം സൃഷ്ടിക്കാന്‍ മോഹന്‍ ബഗാന് സാധിച്ചു. ബോക്‌സിനകത്തേക്ക് ഉയര്‍ന്നുവന്ന പന്ത് കൃത്യമായി ബഗാന്റെ ശുഭാശിഷ് ബോസ് ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് ക്രോസ്ബാറിലിടിച്ച് തെറിച്ചു. 30-ാം മിനിട്ടില്‍ ഗോവയുടെ നൊഗുവേര എടുത്ത കിക്കും ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു.

രണ്ടാം പകുതിയില്‍ ആദ്യ ഗോളവസരം സൃഷ്ടിച്ചത് ഗോവയായിരുന്നു. വലതുമൂലയില്‍ നിന്നും സെറിട്ടണ്‍ ഫെര്‍ണാണ്ടസ് എടുത്ത ചിപ്പിങ് കിക്ക് ബഗാന്‍ ഗോള്‍കീപ്പര്‍ ഭട്ടാചാര്യയുടെ തലയുടെ മുകളിലൂടെ പൊന്തി പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയെങ്കിലും പന്ത് പോസ്റ്റില്‍ ഇടിച്ച് പുറത്തേക്ക് പോയി. നിര്‍ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് സെറിട്ടണ് ഗോള്‍ നേടാനാവാഞ്ഞത്. ഗോളെന്നുറച്ച ഷോട്ടായിരുന്നു അത്.

രണ്ടാം പകുതിയില്‍ ഗോവ മികച്ച ആക്രമണം പുറത്തുവിട്ടപ്പോള്‍ ബഗാന്‍ സ്വതസിദ്ധമായ പ്രതിരോധ ഫുട്‌ബോള്‍ കാഴ്ചവെച്ചു. 64-ാം മിനിട്ടില്‍ ഗോവയുടെ പ്ലേമേക്കറായ ബ്രാന്റണ്‍ ഫെര്‍ണാണ്ടസ് പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി.

ഗോവ ഗോളടിക്കാനായി പരമാവധി ശ്രമിച്ചെങ്കിലും സന്ദേശ് ജിംഗാന്‍ നയിച്ച ബഗാന്റെ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. മറുവശത്ത് ബഗാന്റെ ഗോളടിയന്ത്രമായ റോയ് കൃഷണയെ ഗോവന്‍ പ്രതിരോധം കൃത്യമായി പൂട്ടി.

74-ാം മിനിട്ടില്‍ ഗോവയുടെ ബോക്‌സിന് തൊട്ടുവെളിയില്‍ നിന്നും റോയ് കൃഷ്ണയെ ഗോവുടെ ഡൊണച്ചി ഫൗള്‍ ചെയ്തതിന് ബഗാന് അനുകൂലമായി ഒരു മികച്ച ഫ്രീകിക്ക് അവസരം ലഭിച്ചു. ഫ്രീകിക്കെടുത്ത എഡു ഗാര്‍സിയ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു വണ്ടര്‍ ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചു.

75-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ഗാര്‍സിയയുടെ ബുള്ളറ്റ് കിക്ക് പ്രതിരോധതാരങ്ങള്‍ക്ക് മുകളിലൂടെ ഗോള്‍പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തുളഞ്ഞുകയറി. ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഫ്രീകിക്ക് ഗോളാണിത്. ലോകോത്തര നിലവാരമുള്ള കിക്കാണ് ഗാര്‍സിയ അടിച്ചത്. ഇതോടെ ഗോവ മാനസികമായി തളര്‍ന്നു.

ഗോള്‍ നേടിയതോടെ മോഹന്‍ ബഗാന്‍ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. പക്ഷേ മോഹന്‍ ബഗാന്റെ ആഹ്ലാദത്തിന് വെറും 10 മിനിട്ട് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 85-ാം മിനിട്ടില്‍ ഗോവ സമനില ഗോള്‍ നേടി.

പകരക്കാരനായി ഇറങ്ങിയ ഇഷാന്‍ പണ്ഡിതയാണ് ടീമിനായി സമനില ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബഗാന്‍ ബോക്‌സിലേക്ക് പറന്നിറങ്ങിയ ഫ്രീകിക്ക് ഡോണച്ചി ഹെഡ്ഡ് ചെയ്‌തെങ്കിലും അത് പ്രതിരോധതാരം പ്രീതം കോട്ടാല്‍ തട്ടിയകറ്റി. പക്ഷേ പന്ത് നേരെ ചെന്നത് ഇഷാന്റെ കാലിലേക്കാണ്. താരം അത് അനായാസേന വലയിലെത്തിച്ച് ടീമിന് നിര്‍ണായകമായ ഗോള്‍ സമ്മാനിച്ചു

സൂപ്പര്‍ സബ് എന്ന തലക്കെട്ട് എന്തുകൊണ്ടും യോജിക്കുന്ന താരമാണ് ഇഷാന്‍. മുന്‍പൊരു മത്സരത്തിലും ഗോവയെ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് ഈ ഇന്ത്യന്‍ വംശജന്‍.

പിന്നാലെ 89-ാം മിനിട്ടില്‍ മോഹന്‍ബഗാന്റെ മന്‍വീര്‍ സിങ് തകര്‍പ്പന്‍ ഹെഡ്ഡര്‍ നടത്തിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് ഗോവയുടെ പോസ്റ്റില്‍ തട്ടിത്തെറിച്ചു.

Content Highlights: ATK Mohun Bagan vs FC Goa ISL 2020-2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram