Photo: twitter.com|IndSuperLeague
ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരുവിനെതിരേ ഉജ്ജ്വല വിജയം നേടി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി എ.ടി.കെ മോഹന്‍ ബഗാന്‍. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ ബെംഗളൂരുവിനെ തകര്‍ത്തത്.
മോഹന്‍ ബഗാന്‍ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്. സൂപ്പര്‍ താരം റോയ് കൃഷ്ണയും ഒഡിഷയില്‍ നിനിന്നും മോഹന്‍ ബഗാനിലെത്തിയ മാര്‍സലീന്യോയും ടീമിനായി ഗോളുകള്‍ നേടി. മാര്‍സലീന്യോ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി
സുനില്‍ ഛേത്രി നയിച്ച ബെംഗളൂരു മുന്നേറ്റനിര നിറം മങ്ങി. മികച്ച അസവരങ്ങള്ഡ സൃഷ്ടിക്കാന്‍ ബെംഗളൂരുവിന് സാധിച്ചില്ല. പക്ഷേ പ്രതിരോധത്തില്‍ മാത്രമല്ല മുന്നേറ്റത്തിലും ലോകോത്തര നിലവാരമുള്ള പ്രകടനമാണ് മോഹന്‍ ബഗാന്‍ കാഴ്ചവെച്ചത്. മന്‍വീര്‍-കൃഷ്ണ-മാര്‍സലീന്യോ സഖ്യം നിരന്തരം ബെംഗളൂരു ബോക്‌സില്‍ ആക്രമണം വിതച്ചു. ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ തകര്‍പ്പന്‍ സേവുകള്‍ മാത്രമാണ് ബെംഗളൂരുവിന് ആശ്വാസം പകര്‍ന്നത്.
ഈ വിജയത്തോടെമോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ ബെംഗളൂരു ആറാം സ്ഥാനത്തേക്ക് വീണു. ഒന്നാം സ്ഥാനക്കാരായ മുംബൈയുമായുള്ള അകലം ഒരു പോയന്റ് മാത്രമാക്കാനും മോഹന്‍ബഗാന് സാധിച്ചു
തുല്യശക്തികളുടെ പോരാട്ടമായതിനാല്‍ ആദ്യ മിനിട്ടുമുതല്‍ മത്സരം ആവേശത്തിലായിരുന്നു. പക്ഷേ ഇരുടീമുകളുടെയും പ്രതിരോധനിര ശക്തമായതിനാല്‍ ഗോള്‍ അവസരങ്ങള്‍ ആദ്യ മിനിട്ടുകളില്‍ ഇരുടീമുകള്‍ക്കും സൃഷ്ടിക്കാന്‍ സാധിച്ചില്ല.
ആറാം മിനിട്ടില്‍ മാര്‍സലീന്യോയിലൂടെ മോഹന്‍ ബഗാനാണ് ആദ്യം ആക്രമിച്ചത്. പക്ഷേ പന്ത് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് കൈയ്യിലൊതുക്കി. പിന്നാലെ മോഹന്‍ ബഗാന്‍ ബോക്‌സിനുള്ളില്‍ അപകടം വിതയ്ക്കാന്‍ ബെംഗളൂരുവിനും സാധിച്ചു.
പിന്നീട് കളിയില്‍ മോഹന്‍ ബഗാന്‍ ആധിപത്യം പുലര്‍ത്തി. മുന്നേറ്റ നിരയിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങാന്‍ ടീമിന് സാധിച്ചു.
30-ാം മിനിട്ടില്‍ മോഹന്‍ ബഗാന്റെ കാള്‍ മക്ഹ്യു എടുത്ത ഒരു ലോങ്‌റേഞ്ചര്‍ അവിശ്വസനീയമായി രക്ഷപ്പെടുത്തി ഗുര്‍പ്രീത് ബെംഗളൂരുവിന്റെ രക്ഷകനായി.
37-ാം മിനിട്ടില്‍ ബെംഗളൂരുവിനെ ഞെട്ടിച്ചുകൊണ്ട് മോഹന്‍ ബഗാന്‍ ലീഡെടുത്തു. സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് ടീമിനായി ഗോള്‍ നേടിയത്. ബെംഗളൂരു ബോക്‌സിനകത്ത് വെച്ച് പ്രതീക് ചൗധരി കൃഷ്ണയെ ഫൗള്‍ ചെയ്ത് വീഴ്ത്തി. ഇതിനെതിരേ റഫറി മോഹന്‍ ബഗാന് അനുകൂലമായി പെനാല്‍ട്ടി വിധിച്ചു.
കിക്കെടുത്ത റോയ് കൃഷ്ണ അനായാസം പന്ത് വലയിലെത്തിച്ച് ടീമിന് നിര്‍ണായക ലീഡ് സമ്മാനിച്ചു. ഈ സീസണില്‍ താരം നേടുന്ന 12-ാം ഗോളാണിത്.
തൊട്ടുപിന്നാലെ മോഹന്‍ ബഗാന്‍ രണ്ടാം ഗോള്‍ നേടി. 44-ാം മിനിട്ടില്‍ ബോക്‌സിന് വെളിയില്‍ വെച്ച് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് മാര്‍സലീന്യോയാണ് ടീമിനായി രണ്ടാം ഗോള്‍ നേടിയത്. ഖാബ്ര വരുത്തിയ ഫൗളില്‍ നിന്നാണ് ഫ്രീകിക്ക് ലഭിച്ചത്. കിക്കെടുത്ത മാര്‍സലീന്യോ പഴയ ഫോം തെളിയിക്കുന്ന തരത്തിലുള്ള കിക്കെടുത്ത് ഏവരെയും വിസ്മയിപ്പിച്ചു. ഗോള്‍ വീണതോടെ ആദ്യ പകുതിയും അവസാനിച്ചു.
48-ാം മിനിട്ടില്‍ സന്ദേശ് ജിംഗന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് രണ്ടാം പകുതി ഉണര്‍ന്നത്. ബെംഗളൂരു ബോക്‌സിനകത്തുവെച്ച് ജിംഗന്‍ തൊടുത്തുവിട്ട കിക്ക് അത്ഭുതകരമായി തട്ടിയകറ്റി ഗുര്‍പ്രീത് ബെംഗളൂരുവിനെ രക്ഷിച്ചു.
58-ാം മിനിട്ടില്‍ മോഹന്‍ ബഗാന്റെ മന്‍വീര്‍ മികച്ച ഗോളവസരം പാഴാക്കി. രണ്ടാം പകുതിയിലും മോഹന്‍ ബഗാന്‍ തന്നെയാണ് ആധിപത്യം പുലര്‍ത്തിയത്. പ്രതിരോധത്തിന് മാത്രം പേരുകേട്ട ടീമിന്റെ മുന്നേറ്റനിര മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഗുര്‍പ്രീതിന്റെ തകര്‍പ്പന്‍ സേവുകളില്ലായിരുന്നെങ്കില്‍ മോഹന്‍ ബഗാന്‍ വലിയ മാര്‍ജിനില്‍ വിജയം സ്വന്തമാക്കിയേനേ. ബെംഗളൂരുവിന്റെ മുന്നേറ്റനിര തീര്‍ത്തും നിറം മങ്ങി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: ATK Mohun Bagan vs Bengaluru FC ISL 2020-2021