പുണെ സിറ്റി എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍നിന്ന് പിന്‍മാറിയ ഒഴിവിലേക്കാണ് ഹൈദരാബാദ് എഫ്.സി. വരുന്നത്. ആദ്യ സീസണിന് ഒരുങ്ങാന്‍ നന്നേ സമയം കുറവ്. എന്നാല്‍, അരങ്ങേറ്റസീസണില്‍ കാര്യങ്ങള്‍ ഭംഗിയായി നടപ്പാക്കാനുള്ള വിഭവങ്ങള്‍ ടീമിനുണ്ട്.
ഇംഗ്ലീഷുകാരനായ ഫില്‍ ബ്രൗണ്‍ എന്ന മികച്ച പരിശീലകനിലാണ് മാനേജ്മെന്റ് പ്രതീക്ഷയര്‍പ്പിക്കുന്നത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ തകര്‍ന്നുപോയ പുണെയെ അവസാനഘട്ടത്തില്‍ ആരേയും തോല്‍പ്പിക്കുന്ന സംഘമാക്കിയ മാജിക് ആവര്‍ത്തിക്കാന്‍ ബ്രൗണിന് കഴിഞ്ഞാല്‍ ഹൈദരാബാദ് പല ടീമുകളുടെയും വഴിമുടക്കും.
കളറാക്കാന്‍ ബ്രൗണ്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 2008 സെപ്റ്റംബര്‍ മാസത്തിലെ മികച്ച പരിശീലകനായിരുന്നു ഫില്‍ ബ്രൗണ്‍. അന്ന് ഹള്‍ സിറ്റിയെയാണ് പരിശീലിപ്പിച്ചത്. അനുഭവസമ്പത്ത് ഏറെയുണ്ട് ഇംഗ്ലീഷ് പരീശീലകന്. ഡര്‍ബി കൗണ്ടി, പ്രിസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ്, സൗത്ത് എന്‍ഡ് യുണൈറ്റഡ്, സ്വിന്‍ഡണ്‍ ടൗണ്‍, പുണെ സിറ്റി വഴിയാണ് ബ്രൗണ്‍ ഹൈദരാബാദിലെത്തുന്നത്.
ആദ്യകാലങ്ങളില്‍ പരമ്പരാഗത ഇംഗ്ലീഷ് ശൈലിയില്‍ 4-4-2 ശൈലിയിലാണ് ബ്രൗണ്‍ ടീമുകളെ ഇറക്കിയിരുന്നത്. എന്നാല്‍, 2018-നുശേഷം ഗെയിംപ്ലാനിലും ഫോര്‍മേഷനിലും പുതിയ മാറ്റം ഉള്‍ക്കൊണ്ടു. സ്വിന്‍ഡൗണ്‍ ടീമിനെ 4-1-4-1, 3-5-2 ശൈലികളില്‍ കളിപ്പിച്ചിട്ടുണ്ട്. ഐ.എസ്.എല്ലില്‍ എത്തിയതോടെ 3-4-3 ശൈലിയാണ് സ്വീകരിക്കുന്നത്. പുണെയില്‍ ഇത് വിജയമായിരുന്നു. ഹൈദരാബാദില്‍ ഈ ശൈലിയാണോ അതോ 4-4-2 ശൈലിയിലേക്ക് തിരിച്ചുപോകുമോയെന്ന് കണ്ടറിയണം. ആക്രമണ ഫുട്ബോള്‍ തുടരാനാണ് തീരുമാനമെങ്കില്‍ 3-4-3 ആകും സ്വീകരിക്കുന്നത്.
പ്ലെയിങ് ഇലവന്‍
കമല്‍ജിത്ത് സിങ്ങാകും ടീമിന്റെ പ്രധാന ഗോള്‍ കീപ്പര്‍. 3-4-3 ശൈലിയിലാണ് കളിക്കുന്നതെങ്കില്‍ വിദേശതാരങ്ങളായ മാത്യു കില്‍ഗലോണ്‍, റാഫ ലോപ്പസ് ഇന്ത്യന്‍ താരം ആദില്‍ ഖാന്‍ എന്നിവരാകും പ്രതിരോധത്തില്‍. ലാല്‍ചുവാന്‍മാവിയ, കീഗന്‍ അല്‍മെയ്ഡ എന്നിവര്‍ ആക്രമണത്തിനും പ്രതിരോധത്തിനുമായുള്ള ഫുള്‍ബാക്കുകളാകും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ മാര്‍കോ സ്റ്റോന്‍കോവിച്ചും ആല്‍വിന്‍ ജോര്‍ജുമാകും. ഇടതുവിങ്ങറായ സൂപ്പര്‍ താരം മാഴ്സലീന്യോ, വലതുവിങ്ങില്‍ നിഖില്‍ പൂജാരി, സെന്‍ട്രല്‍ സ്ട്രൈക്കറായി ബ്രസീല്‍ താരം ബോബോ എന്നിവര്‍ കളിക്കും.
4-4-2 ശൈലിയിലാണെങ്കില്‍ കില്‍ഗലോണ്‍ ഇടതുവിങ്ബാക്കായും ലാല്‍ചുവാന്‍മാവിയ വലതുവിങ്ബാക്കായും മാറും. സ്റ്റാന്‍കോവിച്ചും മാഴ്സലീന്യോയും സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും പൂജാരി, ലാല്‍ഡന്‍മാവിയ എന്നിവര്‍ വിങ്ങുകളിലും വരും. മുന്നേറ്റത്തില്‍ ബോബോക്കൊപ്പം ഇന്ത്യന്‍ താരം റോബിന്‍സിങ്ങിന് അവസരമൊരുങ്ങും. ബോബോക്ക് ആദ്യ ഇലവനില്‍ അവസരമില്ലെങ്കില്‍ ജൈല്‍സ് ബേണ്‍സാകും ഇടംപിടിക്കുന്നത്.
Content Highlights: New Indian Super League Franchise Hyderabad Football Club