ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിലും തോൽവി (2-1)


2 min read
Read later
Print
Share

മാഴ്സലീഞ്ഞ്യോ പെരേരയാണ് ഹൈദരാബാദിന്റെ വിജയഗോൾ നേടിയത്

ഹൈദരാബാദ്: കൊച്ചി വിട്ട് പറന്നിട്ടും ബ്ലാസ്റ്റേഴ്സിനെ തോൽവി വിടുന്നില്ല. സീസണിലെ ആദ്യ എവെ മത്സരത്തിൽ ലീഡ് നേടിയശേഷമാണ് മഞ്ഞപ്പട ഞെട്ടുന്ന തോൽവി ഏറ്റുവാങ്ങിയത്. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ രണ്ടാം തോൽവി. ഒന്നാം പകുതിയിൽ ലീഡ് നേടിയശേഷമായിരുന്നു രണ്ട് ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഹൈദരാബാദിന്റെ ഈ സീസണിലെ ആദ്യ ജയമാണിത്. ആദ്യ ജയം സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിൽ തന്നെയായത് അവരുടെ മധുരം ഇരട്ടിയാക്കി.

വെടിയുണ്ട ഫ്രീകിക്കിലൂടെ മാഴ്സലീഞ്ഞ്യോ പെരേരയാണ് ഹൈദരാബാദിന്റെ വിജയഗോൾ നേടിയത്. എൺപത്തിയൊന്നാം മിനിറ്റിലായിരുന്നു മാഴ്സലീഞ്ഞ്യോയുടെ വിജയഗോൾ. നിരന്നു നിന്ന അഞ്ച് ബ്ലാസ്റ്റേഴ്സ് പ്രതിരോധമതിലിന് മുകളിലൂടെ മാഴ്സലീഞ്ഞ്യോ തൊടുത്ത കിക്ക് വളഞ്ഞുപുളഞ്ഞ് പോസ്റ്റിന്റെ വലത്തെ മൂലയിൽ ചെന്നു പതിക്കുകയായിരുന്നു. ഗോളി ടി.പി. രഹ്നേഷ് ഡൈവ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. മാഴ്സലീഞ്ഞ്യോ തന്നെയാണ് കളിയിലെ കേമൻ.

മലയാളി താരം കെ.പി.രാഹുലാണ് ബ്ലാസ്റ്റേഴ്സിന് ഒന്നാം പകുതിയിൽ ലീഡ് നേടിക്കൊടുത്തത്. മുപ്പത്തിനാലാം മിനിറ്റിൽ സഹലിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. എന്നാൽ, അമ്പത്തിനാലാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് മാർക്കോ സ്റ്റാൻകോവിച്ച് ഹൈദരാബാദിനെ ഒപ്പമെത്തിച്ചു.

രാഹുൽ തന്നെയാണ് ഗോളിലേയ്ക്കുള്ള നീക്കത്തിന് തുടക്കമിട്ടത്. മൂന്ന് പ്രതിരോധക്കാരോട് മല്ലിട്ട് പിറകിലോട്ട് ഹെഡ് ചെയ്തിട്ട പന്ത് കിട്ടിയത് സഹലിന്. പ്രതിരോധനിരയുടെ തലയ്ക്ക് മുകളിലൂടെ സഹൽ പന്ത് രാഹുലിനെ ലാക്കാക്കി തിരിച്ച് കോരിയിട്ടുകൊടുത്തഉ. അഡ്വാൻസ് ചെയ്ത ഗോളിയെ തോൽപിച്ച് പന്ത് വലയിലേയ്ക്ക് മുന്നോട്ട് ആഞ്ഞ് വലയിലേയ്ക്ക് ടാപ്പ് ചെയ്യുകയായിരുന്നു രാഹുൽ. ഈ സീസണിലെ രാഹുലിന്റെ ആദ്യ ഗോളാണിത്.

എന്നാൽ, രണ്ടാം പകുതിയിൽ മഹ്മദൗ ഒരു ഫൗളിലൂടെ ഹൈദരാബാദിന് പെനാൽറ്റി സമ്മാനിച്ചു. അമ്പത്തിനാലാം മിനിറ്റിൽ മാർക്കോ സ്റ്റാൻകോവിച്ച് എടുത്ത കിക്ക് ഗോളി രഹ്നേഷിനെ മറികടന്ന് വലയിലെത്തി. സ്കോർ: 1-1.

മഹമദൗ ബോക്സിൽ മുഹമ്മദ് യാസിറിനെ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി വിധിച്ചത്.

ബ്ലാസ്റ്റേഴ്സിനായിരുന്നു കളിയിൽ മേൽക്കൈ. എന്നാൽ, ഇത് ഗോളാക്കി മാറ്റാൻ അവർക്കായില്ല. അര ഡസനോളം അവസരങ്ങളെങ്കിലും അവർ തുലച്ചുകളഞ്ഞിട്ടുണ്ട്. അവസരങ്ങൾ കളയുന്നതിൽ പ്രശാന്തും ഒഗ്ബെച്ചെയും രാഹുലുമുണ്ടായിരുന്നു. ഫിനിഷിങ്ങിനുള്ള അനാവശ്യതിടുക്കമോ പന്ത് അനാവശ്യമായി കാലിൽവയ്ക്കുന്നതോ ഒക്കെയാണ് ഈ പിഴവുകൾക്ക് വഴിവച്ചത്. ഒരിക്കൽ മധ്യനിരയിൽ നിന്നു കിട്ടിയ പന്ത് ഗോളി മാത്രം മുന്നിൽ നിൽക്കെയാണ് നിയന്ത്രിക്കാനാവാതെ ഒഗ്ബെച്ചെ നഷ്ടപ്പെടുത്തിയത്. അറുപത്തിരണ്ടാം മിനിറ്റിൽ ഒന്നാന്തരമൊരു ഡ്രിബിളിങ്ങിലൂടെ രാഹുൽ ഇടതു പാർശ്വത്തിൽ നിന്ന് കൊടുത്ത പന്തും ഒഗ്ബെച്ച പോസ്റ്റിന് മുന്നിൽ വച്ചാണ് തുലച്ചത്.

ഇതോടെ മൂന്ന് പോയിന്റുമായി ഹൈദരാബാദ് എട്ടാം സ്ഥാനത്തെത്തി. ആദ്യ രണ്ട മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങുകയായിരുന്നു. മൂന്ന് കളികളിൽ നിന്ന് മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഏഴാമതാണ്.

തത്സമയ വിവരണങ്ങൾ താഴെ വായിക്കാം (അപ്ഡേറ്റുകൾ കാണുന്നില്ലെങ്കിൽ പേജ് റിഫ്രഷ് ചെയ്യുക)

Content Highlights: Kerala Blasters vs Hyderabad FC ISL 2019

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram