ചെന്നൈ: ഐ.എസ്.എല്‍ പുതിയ സീസണില്‍ ജയമറിയാത്ത ഒരേയൊരു ടീമേ ഉണ്ടായിരുന്നുള്ളൂ. ഒടുവില്‍ ചെന്നൈയിന്‍ എഫ്.സി. ഈ കളങ്കം മായ്ച്ചു. അതും സ്വന്തം ആരാധകരെ സാക്ഷിനിര്‍ത്തി.
ഹൈദരാബാദ് എഫ്.സി.യെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ വീഴ്ത്തിയത്. ഈ സീസണിലെ അവരുടെ ആദ്യ ജയം. നിശ്ചിത തൊണ്ണൂറു മിനിറ്റും ഗോളൊഴിഞ്ഞ, വിരസമായ സമനിലയിലേയ്ക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോളുകള്‍ മൂന്നും പിറന്നത്.
ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഷെബ്രിയാണ് ചെന്നൈയിന്റെ ആദ്യ ഗോള്‍ വലയിലാക്കിയത്. ഈ സീസണിലെ ചെന്നൈയിന്റെ ആദ്യ ഗോള്‍. എന്നാല്‍ ഈ ആഹ്ളാദം ഏറെ നീണ്ടില്ല. അടുത്ത മിനിറ്റില്‍ കില്‍ഗാല്ലണിലൂടെ നാടകീയമായി ഹൈദരാബാദ് തിരിച്ചടിച്ചു. നാടകം തീര്‍ന്നില്ല. അടുത്ത മിനിറ്റില്‍ വാല്‍സ്‌കിസ് അവിശ്വസനീയമായി ചെന്നൈയിനുവേണ്ടി വല കുലുക്കിയപ്പോള്‍ സന്തോഷത്തേക്കാളുപരി ഞെട്ടലായിരുന്നു കാണികള്‍ക്കും ടീമിനും. അടുത്ത ക്ഷണം റഫറി ഫൈനല്‍ വിസിലൂതിയതോടെ സന്തോഷം കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം.
ഈ ജയത്തോടെ ഏറ്റവും അവസാന സ്ഥാനത്ത് നിന്ന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുകയാണ് ചെന്നൈയിന്. അഞ്ചു കളികളില്‍ നിന്ന് നാലു പോയിന്റുള്ള അവര്‍ ഒന്‍പതാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള ഹൈദരാബാദ് എഫ്.സി. പത്താം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
Content Highlights: ISL Chennayin FC Registers First Win Defeating Hyderabad FC InInjuryTime Goals