Image Courtesy: ISL
പനാജി: ഐ.എസ്.എല്ലില്‍ ഹൈദരാബാദ് എഫ്.സിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്.സി ഗോവ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ജയത്തോടെ ഐഎസ്എല്‍ ആറാം സീസണില്‍ സെമി ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമായും ഗോവ മാറി.
ഗോവയ്ക്കായി ഹ്യൂഗോ ബോമസും ഫെറാന്‍ കോറോമിനാസും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഹൈദരാബാദിന്റെ ആശ്വാസ ഗോള്‍ മാഴ്‌സലീന്യോയുടെ ബൂട്ടില്‍ നിന്നായിരുന്നു.
ഗോവയുടെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഉടനീളം ആതിഥേയര്‍ക്ക് തന്നെയായിരുന്നു ആധിപത്യം.
ആദ്യ പകുതിയില്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്ന ഗോവ രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ കൂടി ഹൈദരാബാദിന്റെ വലയിലെത്തിച്ചു.
19, 50 മിനിറ്റുകളിലായിരുന്നു ബോമസിന്റെ ഗോളുകള്‍. 68-ാം മിനിറ്റിലും 87-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെയും ഫെറാന്‍ കോറോ ഗോവയ്ക്കായി ലക്ഷ്യം കണ്ടു. 64-ാം മിനിറ്റിലായിരുന്നു മാഴ്‌സലീന്യോയുടെ ഗോള്‍.
ഇതോടെ 16 മത്സരങ്ങളില്‍ നിന്ന് ഗോവയ്ക്ക് 33 പോയന്റായി. 16 മത്സരങ്ങളില്‍ നിന്ന് ആറു പോയന്റ് മാത്രമുള്ള ഹൈദരാബാദ് അവസാന സ്ഥാനത്താണ്.
Content Highlights: ISL 2019-20 FC Goa beats Hyderabad FC 4-1