courtesy; isl
കൊച്ചി: ആരാധകര്‍ക്ക് വിശ്വസിക്കാം, ഇത് ബ്ലാസ്‌റ്റേഴ്‌സ് തന്നെ. തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളില്‍ ജയം അറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് ഒടുവില്‍ വീറോടെ കലിപ്പടക്കി വിജയ വഴിയില്‍ തിരിച്ചെത്തി. സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് മുക്കിയത്.
മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ ഹൈദരാബാദാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ബോബോയിലൂടെ മുന്നിലെത്തിയ ഹൈദരാബാദ് തുടര്‍ന്നങ്ങോട്ട് മൈതാനത്ത് കാഴ്ചക്കാര്‍ മാത്രമായി. 33-ാം മിനിറ്റില്‍ ഒഗ്‌ബെച്ചെയിലൂടെ സമനില പിടിച്ച ബ്ലാസ്റ്റേഴ്‌സ് 39-ാം മിനിറ്റില്‍ ദ്രൊബറോവിലൂടെ ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിനുള്ളില്‍ 45-ാം മിനിറ്റില്‍ മെസ്സി ബൗളി ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് പിന്നെയും ഉയര്‍ത്തി (3-1).
കലൂരിലെ പതിനായിരത്തോളം വരുന്ന കാണികളെ ആവേശത്തിലാക്കി രണ്ടാം പകുതിയിലും കളി ബ്ലാസ്റ്റേഴ്‌സിന്റെ നിയന്ത്രണത്തിലായിരുന്നു. 59-ാം മിനിറ്റില്‍ സെയ്ത്യാസെന്‍ സിങും 75-ാം മിനിറ്റില്‍ ഇരട്ട ഗോള്‍ തികച്ച ഒഗ്‌ബെച്ചെയും ബ്ലാസ്‌റ്റേഴ്‌സ് വിജയം ഉറപ്പിച്ചു. സീസണിലെ ആദ്യ മത്സരം വിജയിച്ച ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയമാണിത്.
വിജയത്തോടെ പതിനൊന്ന് മത്സരങ്ങളില്‍ പതിനൊന്ന് പോയന്റോടെ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് മുന്നേറി. രണ്ട് ജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. പതിനൊന്ന് മത്സരങ്ങളില്‍ അഞ്ച് പോയന്റ് മാത്രമുള്ള ഹൈദരാബാദ് എഫ്‌സി ഏറ്റവും അവസാന സ്ഥാനത്താണ്.
Content Highlights; isl 2019, kerala blasters beat hyderabad fc