ജെംഷഡ്പുര്‍: ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ജെംഷഡ്പുര്‍ എഫ്.സിയുടെ കുതിപ്പ്. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയെ 3-1ന് ജെംഷഡ്പുര്‍ എഫ്.സി തകര്‍ത്തു. ഫാറൂഖ് ചൗധരി, അനികെത് ജാദവ്, സെര്‍ജിയോ കാസ്റ്റില്‍ എന്നിവര്‍ ജെംഷഡ്പുരിനായി ലക്ഷ്യം കണ്ടു. മാഴ്‌സലീന്യോയാണ് ഹൈദരാബാദിന്റെ ആശ്വാസ ഗോള്‍ നേടിയത്.
വിജയത്തോടെ ജെംഷഡ്പുര്‍ എഫ്.സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. രണ്ടു വിജയം അക്കൗണ്ടിലുള്ള ജെംഷഡ്പുര്‍ എഫ്.സിക്ക് ആറു പോയിന്റുണ്ട്. അതേസമയം ഹൈദരാബാദിന് ഇതുവരെ വിജയിക്കാനായിട്ടില്ല. രണ്ടു മത്സരവും തോറ്റു
ആദ്യം ജെംഷഡ്പുര്‍ എഫ്.സിയാണ് ലീഡെടുത്തത്. 34-ാം മിനിറ്റില്‍ ഫറൂഖ് ചൗധരി ലക്ഷ്യം കണ്ടു. പിറ്റി അടിച്ച ഷോട്ട് ഗോള്‍കീപ്പര്‍ തടുത്തിട്ടത് ഫറൂഖ് ചൗധരിയുടെ കാലിലേക്ക്. ഒട്ടും സമയം പാഴാക്കാതെ ചൗധരി പന്ത് വലയിലെത്തിച്ചു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഹൈദരാബാദ് തിരിച്ചടിച്ചു. മാഴ്‌സലീന്യോയാണ് ഗോള്‍ സ്‌കോറര്‍. ജെംഷഡ്പുര്‍ എഫ്.സി ഗോള്‍കീപ്പര്‍ സുബ്രതോ പാലിന്റെ പിഴവ് ഗോളിലെത്തുകയായിരുന്നു.
63-ാം മിനിറ്റില്‍ ജെംഷഡ്പുര്‍ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. പകരക്കാരനായി ഇറങ്ങിയ അനികെത് ജാദവിലൂടെയായിരുന്നു ആതിഥേയരുടെ തിരിച്ചുവരവ്. ബോക്‌സിനുള്ളില്‍ നിന്നുള്ള ഇടങ്കാലന്‍ ഷോട്ട് വലയിലേക്ക്. ജെംഷഡ്പുര്‍ 2-1 ഹൈദരാബാദ്.
75-ാം മിനിറ്റില്‍ ജെംഷഡ്പുര്‍ മൂന്നാം ഗോളും നേടി. സെര്‍ജിയോ കാസ്റ്റില്‍ ആയിരുന്നു ഗോള്‍ സ്‌കോറര്‍. പിന്നീട് തിരിച്ചുവരാന്‍ ഹൈദരാബാദിന് ആയില്ല. ഇതോടെ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ജെംഷഡ്പുരിന് 3-1ന്റെ വിജയം.
തത്സമയ വിവരണങ്ങള്‍ വായിക്കാം (അപ്‌ഡേറ്റുകള്‍ കാണുന്നില്ലെങ്കില്‍ പേജ് റിഫ്രഷ് ചെയ്യുക)
Content Highlights: ISL 2019 Jamshedpur FC vs Hyderabad FC Live Blog