ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നു; 'ഇന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ സമനില തെറ്റേണമെ!'


സിറാജ് കാസിം

2 min read
Read later
Print
Share

കഴിഞ്ഞ അഞ്ച് കളികളില്‍ ഒരു ജയവും നാലു സമനിലയുമായി ഏഴു പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്സ് വരുന്നതെങ്കില്‍ നാലു കളികളില്‍ മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്തു പോയിന്റോടെയാണ് ബെംഗളൂരു എഫ്.സി. എത്തുന്നത്.

കൊച്ചി: ദീപാവലി കടന്നുവരുന്ന ഈ രാവിലെങ്കിലും സമനില തെറ്റിയില്ലെങ്കില്‍ ഉറപ്പിച്ചോളൂ, ബ്ലാസ്റ്റേഴ്സിന്റെയും ആരാധകരുടെയും 'സമനില' ശരിക്കും തെറ്റും. ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ നാല് സമനിലകളില്‍ കുരുങ്ങി വിയര്‍ക്കുന്ന ബ്ലാസ്റ്റേഴ്സ് സ്വന്തം മണ്ണിലെ നിര്‍ണായക മത്സരത്തില്‍ കരുത്തരായ ബെംഗളൂരു എഫ്.സി.ക്ക് മുന്നിലെത്തുമ്പോള്‍ പ്രാര്‍ത്ഥന ഒന്നുമാത്രം... ഇന്നെങ്കിലും സമനില തെറ്റേണമേ! കഴിഞ്ഞ അഞ്ച് കളികളില്‍ ഒരു ജയവും നാലു സമനിലയുമായി ഏഴു പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്സ് വരുന്നതെങ്കില്‍ നാലു കളികളില്‍ മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്തു പോയിന്റോടെയാണ് ബെംഗളൂരു എഫ്.സി. എത്തുന്നത്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.

ജയിക്കാന്‍ കഴിയാത്തവര്‍

''ഈ ടീമിനെ തോല്‍പ്പിക്കാന്‍ വലിയ പ്രയാസമാണ്...''- എതിരാളികളെല്ലാം ബ്ലാസ്റ്റേഴ്സിന് അങ്ങനെയൊരു മേല്‍വിലാസം നല്‍കുമ്പോഴും ജയിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് മഞ്ഞപ്പട. കൊച്ചിയിലെ കഴിഞ്ഞ കളികളില്‍ മുംബൈക്കെതിരേയും ഡല്‍ഹിക്കെതിരേയും ജയം ഉറപ്പായ മത്സരം അവസാന നിമിഷങ്ങളിലെ അശ്രദ്ധയിലാണ് ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചത്. ഏറ്റവുമൊടുവില്‍ പുണെയ്‌ക്കെതിരേ അവരുടെ മണ്ണില്‍ നടന്ന മത്സരത്തില്‍ മോശം റഫറിയിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വില്ലനായപ്പോഴും ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് സമനില എന്ന നിരാശ തന്നെയായിരുന്നു. ജയിക്കാവുന്ന മത്സരങ്ങള്‍ അവസാന നിമിഷം കൈവിട്ടുകളയുന്ന രീതിക്ക് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കോച്ച് ഡേവിഡ് ജെയിംസ് മഞ്ഞപ്പടയെ ഒരുക്കുന്നത്. ബെംഗളൂരുവിനെ പോലുള്ള നമ്പര്‍ വണ്‍ ടീമിനെതിരേ ജയം നേടിയാല്‍ അത് ബ്ലാസ്റ്റേഴ്സിന് സമ്മാനിക്കുന്ന ഊര്‍ജത്തെക്കുറിച്ചും ജെയിംസ് ബോധവാനാണ്.

ഗോളുകള്‍ വേണം

ഓരോ മത്സരത്തിലും വ്യത്യസ്തമായ ലൈനപ്പ് പരീക്ഷിക്കുന്ന കോച്ച് ബെംഗളൂരുവിനെതിരേ ഗോളടിക്കാന്‍ കഴിയുന്ന ആക്രമണ സജ്ജമായ ടീമിനെയാകും വിന്യസിക്കുകയെന്നാണ് കരുതേണ്ടത്. സ്ലൊവേനിയന്‍ താരം മതേജ് പോപ്ലാറ്റ്നിക്കും സെര്‍ബിയന്‍ താരം സ്ലാവിസ സ്റ്റോയ്നോവിക്കും അടങ്ങിയ ആക്രമണ നിര തന്നെയാകും ബെംഗളൂരുവിനെതിരേ ജെയിംസിന്റെ വജ്രായുധം. ഡല്‍ഹിക്കെതിരേയും ജംഷേദ്പുരിനെതിരേയും ഗോളുകള്‍ നേടിയ മലയാളി താരം സി.കെ. വിനീതിനെ ആദ്യ ഇലവനില്‍ വേണോ, അതോ പകരക്കാരനായി ഉപയോഗപ്പെടുത്തണോ എന്നതില്‍ മാത്രമാകും ജെയിംസിന് അല്പം സംശയമുണ്ടാകുന്നത്. മധ്യനിരയില്‍ പ്രസരിപ്പാര്‍ന്ന കളി കെട്ടഴിക്കുന്ന മലയാളി താരം സഹല്‍ അബ്ദുല്‍ സമദും യുവ താരങ്ങളായ സെമിലെന്‍ ദംഗലും നര്‍സാരിയും ആദ്യ ഇലവനിലുണ്ടാകും. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിംഗാനൊപ്പം മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനില്‍ ഇറങ്ങുമോ എന്നതില്‍ മാത്രമാണ് ഉത്തരം കിട്ടാനുള്ളത്. സെര്‍ബിയന്‍ താരം നെമാന്‍ജ പെസിച്ചും ഇന്ത്യന്‍ താരം ലാല്‍റുവാത്താരയും പ്രതിരോധത്തില്‍ ആദ്യ ഇലവനില്‍ കളിക്കുമ്പോള്‍ ഫ്രഞ്ച് താരം സിറിള്‍ കാലിയുടെ കാര്യത്തിലും സംശയങ്ങള്‍ ബാക്കിയുണ്ട്.

ബെംഗളൂരു ഫോമിലാണ്

ഇന്ത്യന്‍ ഫുട്ബോളിലെ പ്രൊഫഷണല്‍ സമീപനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായ ബെംഗളൂരു ആ മികവ് തുടര്‍ക്കഥയാക്കാനാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയെ 2-1 ന് കീഴടക്കിയ ബെംഗളൂരുവിന് ഇന്ന് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്താം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും വെനസ്വേല താരം മിക്കുവും അടങ്ങുന്ന ആക്രമണ നിര തന്നെയാണ് ബെംഗളൂരുവിന്റെ കരുത്ത്.

Content Highlights: Kerala Blasters vs Bengalur FC ISL 2018

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram