ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രൊഫഷലിസം കണ്ടുതുടങ്ങിയത് ബെംഗളൂരു എഫ്.സി എന്ന ക്ലബ്ബിലൂടെയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ക്ലബ്ബിന് സാധ്യമായതെല്ലാം സ്വന്തമാക്കിയായിരുന്നു ബെംഗളൂരുവിന്റെ തേരോട്ടം. ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബെംഗളൂരുവിനായി ആര്‍ത്തുവിളിക്കാറുള്ള വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന ആരാധകക്കൂട്ടത്തെ നിരാശപ്പെടുത്താതെ, അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ നല്‍കിയ ക്ലബ്ബ്. മഞ്ഞപ്പടയെന്ന ശക്തമായ ആരാധകക്കൂട്ടായ്മയുടെ പിന്തുണയുണ്ടായിട്ടും കളിക്കളത്തില്‍ കളി മറക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെപ്പോലൊരു ക്ലബ്ബിന് ഏറെ പഠിക്കാനുള്ള പാഠങ്ങള്‍ ബെംഗളൂരു എഫ്.സിയെന്ന ഫുട്‌ബോള്‍ പുസ്തകത്തിലുണ്ട്.
2013-ല്‍ ക്ലബ്ബ് രൂപീകരിച്ച വര്‍ഷം തന്നെ ഐ-ലീഗ് കിരീടം നേടിയാണ് നീലക്കുപ്പായക്കാര്‍ വരവറിയിച്ചത്. അടുത്ത സീസണില്‍ രണ്ടാം സ്ഥാനത്തേക്ക് വീണെങ്കിലും 2015-16ല്‍ വീണ്ടും ഐ-ലീഗ് കിരീടം ബെംഗളൂരുവിന്റെ ഷെല്‍ഫിലെത്തി. അടുത്ത ഐ-ലീഗില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും പിന്നീടങ്ങോട്ട് ഐ.എസ്.എല്ലില്‍ തിളങ്ങാനുള്ള സമയമായിരുന്നു.
ഐ-ലീഗില്‍ നിന്ന് ഐ.എസ്.എല്ലിലെത്തിയ ആദ്യ സീസണില്‍ ബെംഗളൂരു ഫൈനല്‍ വരെയെത്തി. ഫൈനലില്‍ ചെന്നൈയിനോട് 3-2ന് തോറ്റ ബെംഗളൂരു പക്ഷേ ഈ സീസണില്‍ ആ നിരാശ മായ്ച്ചു കളഞ്ഞു. ഗോവയുടെ വെല്ലുവിളി എക്‌സ്ട്രാ ടൈമില്‍ അതിജീവിച്ച് കിരീടം വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന ആരാധകക്കൂട്ടത്തിന് സമ്മാനിച്ചു. രാഹുല്‍ ബെക്കെയുടെ ആ ഹെഡ്ഡര്‍ ബെംഗളൂരുവിന്റെ ചരിത്രത്തിലേക്കായിരുന്നു.
ആഷ്‌ലി വെസ്റ്റുവിഡ് എന്ന ഇംഗ്ലീഷ് പരിശീലകന്റെ കീഴിലായിരുന്നു ആദ്യ മൂന്ന് വര്‍ഷം ബെംഗളൂരുവിന്റെ വളര്‍ച്ച. മുന്‍ ഇംഗ്ലണ്ട് താരവും ഒരൊറ്റ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ച ഡിഫന്‍ഡറുമായ വെസ്റ്റ്‌വുഡിന് ടീമിന്റെ വളര്‍ച്ചയിലുള്ള പങ്ക് വിലമതിക്കാനാകാത്തതാണ്.
വെസ്റ്റ്‌വുഡ് 2016-ല്‍ പോയതോടെ അടുത്ത ഊഴം ബാഴ്‌സലോണയുടെ സഹപരിശീലകനായ ആല്‍ബര്‍ട്ട് റോക്കയുടേതായിരുന്നു. എന്നാല്‍ റോക്കയുടെ കീഴില്‍ ഐ-ലീഗില്‍ ക്ലബ്ബിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പക്ഷേ എ.എഫ്.സി കപ്പില്‍ ചാമ്പ്യന്‍ ക്ലബ്ബ് ജൊഹൊര്‍ ദാറുല്‍ തസീമിനെ തോല്‍പ്പിച്ച് ബെംഗളൂരു ആദ്യമായി ഫൈനലിലെത്തി ചരിത്രമെഴുതി. സുനില്‍ ഛേത്രിയുടെ ഇരട്ടഗോളില്‍ 3-1നായിരുന്നു ബെംഗളൂരുവിന്റെ വിജയം. ആദ്യമായി ഒരു ഇന്ത്യന്‍ ക്ലബ്ബ് അങ്ങനെ എ.എഫ്.സി കപ്പിന്റെ ഫൈനല്‍ കണ്ടു. ഒപ്പം ഐ.എസ്.എല്ലില്‍ കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിനെ ഫൈനലിലേക്ക് നയിക്കാനും റോക്കയുടെ പരിശീലനത്തിന് കഴിഞ്ഞു.
പക്ഷേ, സ്പാനിഷ് പരിശീലകന്‍ കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ പുതിയ ഒരു പരിശീലകനെ തേടേണ്ടി വന്നു സൂപ്പര്‍ ക്ലബ്ബിന്. വെസ്റ്റ് വുഡിനും റോക്കയ്ക്കും പിന്‍ഗാമിയായി ആരെ കണ്ടെത്തും എന്നതായിരുന്നു മുന്നിലുള്ള ചോദ്യം. വിജയം ശീലമാക്കിയ ബെംഗളൂരുവിനെ പരിശീലിപ്പിക്കേണ്ട അടുത്ത ഊഴം റോക്കയുടെ അസിസ്റ്റന്റ് തന്നെയായ കാള്‍സ് ക്വാഡ്രാറ്റിനായിരുന്നു. എന്നാല്‍ ബെംഗളൂരു പോലൊരു ക്ലബ്ബിനെ മുന്നോട്ടുനയിക്കാന്‍ ക്വാഡ്രാറ്റിന് കഴിയുമോയെന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ ക്ലബ്ബ് അധികൃതരുടെ തീരുമാനം പിഴച്ചില്ലെന്ന് ആദ്യ സീസണില്‍തന്നെ ഐ.എസ്.എല്‍. കിരീടവുമായി ക്വാഡ്രാറ്റ് തെളിയിച്ചു.
Content Highlights: Bengaluru FC and it's winning history west block blues