കൊച്ചി: ഐ.എസ്.എല്‍ കലാശപ്പോരിന്റെ ആവേശത്തിനൊപ്പം വിവാദവും ചൂടുപിടിക്കുന്നു. ഫൈനല്‍ മത്സരം കാണാന്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ പ്രതിഭ ഐ.എം വിജയന് ലഭിച്ചത് ജനറല്‍ ടിക്കറ്റ്. തന്നോടും മുന്‍താരങ്ങളോടും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കാണിച്ചത് കടുത്ത അവഗണയാണെന്നും കൊല്‍ക്കത്തയിലായിരുന്നെങ്കില്‍ ഇത്തരമൊരു അവഹേളനം നേരിടേണ്ടി വരില്ലായിരുന്നുവെന്നും ഐ.എം വിജയന്‍ പ്രതികരിച്ചു.
ടിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ തനിക്ക് നല്‍കിയത് ജനറല്‍ ടിക്കറ്റുകളായിരുന്നു. ഫുട്‌ബോളുമായി ഒരു ബന്ധവുമില്ലാത്തവര്‍ക്ക് വി.ഐ.പി ടിക്കറ്റ് നല്‍കുമ്പോള്‍ സാധാരണക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ഐ.എം വിജയന്‍ പ്രതികരിച്ചു.
ഐ.എം വിജയന്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നും കെ.എഫ്.എ സെക്രട്ടറി അനില്‍ കുമാര്‍ വ്യക്തമാക്കി.
രാവിലെ മുതല്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ ടിക്കറ്റിനായി ഓടുകയാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയും സ്റ്റേഡിയത്തിലെ ബോക്‌സ് വഴിയുള്ള ടിക്കറ്റ് വില്‍പനയും നേരത്തെ തന്നെ അവസാനിച്ചിരുന്നു. ഇതിനിടയില്‍ വ്യാജസൈറ്റ് വഴി ടിക്കറ്റ് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേരെ കൊച്ചി പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.