ഗോവ: ഐ.എസ്.എല്ലില്‍ വീണ്ടും വിരസ ഗോള്‍ഗഹിത സമനില. ഗോവ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫി.സിയും എഫ്.സി ഗോവയും തമ്മില്‍ സമനിലയില്‍ പിരിയുകയായിരുന്നു.
സാഹില്‍ ടവോറ, ലൂസിയാനൊ സബ്‌റോസ, റാഫേല്‍ ഡ്യുമസ് എന്നീ താരങ്ങള്‍ സസ്‌പെന്‍ഷനിലായതിനാല്‍ സീക്കോ രണ്ട് മാറ്റങ്ങളുമായാണ് ടീമിനെ കളത്തിലിറക്കിയത്. ഗ്രിഗറി അര്‍നോളിനെയും റിച്ചാര്‍ലിസണെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ഗാള്‍കീപ്പര്‍ ആല്‍ബിനൊ ഗോമസിന് പകരം അമ്രീന്ദര്‍ സിംഗിനെയും പരിക്കേറ്റ ലിയോ കോസ്റ്റക്ക് പകരം സോണി നോര്‍ദെയും അണി നിരത്തിയാണ് മുംബൈ ഗോവന്‍ ഗ്രൗണ്ടില്‍ കളിച്ചത്.
വിരലിലെണ്ണാവുന്ന അവസങ്ങള്‍ മാത്രം പിറന്ന മത്സരത്തില്‍ ഇരുടീമുകളും അറ്റാക്കിങ്ങില്‍ പിന്നോട്ട് പോയി. സുനില്‍ ഛേത്രിയും ഡീഗോ ഫോര്‍ലാനും ഒരുക്കിയ അവസരങ്ങളൊഴിച്ചാല്‍ മുംബൈയില്‍ മറ്റാര്‍ക്കും മികച്ചൊരു ഷോട്ടുതിര്‍ക്കാനായില്ല. ഗോവയിലാകട്ടെ, തുടക്കത്തില്‍ റോമിയോ ഫെര്‍ണാണ്ടസും അവസാന മിനിറ്റുകളില്‍ ജൂലിയോ സീസറും ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
ഛേത്രിയുടെ സൂപ്പർ ഷോട്ട്
Fantastic save by @FCGoaOfficial goal keeper @kattimani123 to deny Sunil Chhetri & @MumbaiCityFC. #GOAvMUM#ISLMoments#LetsFootballpic.twitter.com/urMrGbqVW6
— Indian Super League (@IndSuperLeague) November 16, 2016
മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ വലതു വിങ്ങില്‍ നിന്ന് റോമിയോ ഫെര്‍ണാണ്ടസിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും പോസ്റ്റിനെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പുറത്തു പോയി. പിന്നീട് മികച്ചൊരു ലോങ് റേഞ്ചറിലൂടെ ഫോര്‍ലാന്‍ ഗോളിനായി ശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ കട്ടിമണി മനോഹരമായി തട്ടിയകറ്റി.
രണ്ടാം പകുതിയില്‍ വലതു വിങ്ങില്‍ നിന്ന് ഫോര്‍ലാന്‍ സുനില്‍ ഛേത്രിക്ക് മികച്ചൊരു ക്രോസ് നല്‍കിയെങ്കിലും അമാന്തിച്ചു നിന്ന ഛേത്രിക്ക് ലക്ഷ്യം കാണാനായില്ല. തൊട്ടടുത്ത നിമിഷം തന്നെ ഗോള്‍കീപ്പര്‍ കട്ടിമണിയെയും മറികടന്ന് ഫോര്‍ലാന്‍ ഗോവന്‍ പോസ്റ്റിലേക്ക് പന്ത് ഉരുട്ടിയിട്ടു. എന്നാല്‍ ഓടി വന്ന ഗ്രിഗറി അര്‍നോളിന്‍ പന്ത് ഗോള്‍ലൈന്‍ കടക്കും മുമ്പ് തട്ടിയകറ്റി. മുംബൈക്ക് വീണ്ടും നിര്‍ഭാഗ്യം.
ഫോർലാന്റെ നിർഭാഗ്യം
Great awareness from @GregoryArn15 who races back in time to clear Forlan's effort on goal. #GOAvMUM#ISLMoments#LetsFootballpic.twitter.com/wneXVM0tnp
— Indian Super League (@IndSuperLeague) November 16, 2016
കളിയുടെ അവസാന മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിന്റെ വലതു മൂല ലക്ഷ്യമാക്കി കുതിച്ചെങ്കിലും പറന്നു വീണ ഗോള്‍കീപ്പര്‍ കട്ടിമണിയെ മറികടക്കാനായില്ല. കളിയുടെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ജൂലിയോ സീസറിന് സുവര്‍ണാവസരം ലഭിച്ചു. ഇടതു വിങ്ങില്‍ നിന്ന് മന്ദര്‍ റാവുവിന്റെ നീക്കത്തിനൊടുവില്‍ പന്ത് സീസറിന്റെ കാലിലെത്തുകയായിരുന്നു. എന്നാല്‍ സീസര്‍ ഷോട്ടടിക്കും മുമ്പ് മുന്നോട്ടു കയറിയ ഗോള്‍കീപ്പര്‍ കൃത്യമായ ഇടപെടല്‍ നടത്തി. സമനിലയോടെ 11 പോയിന്റുമായി ഗോവ ഏഴാമതെത്തി. 16 പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
ലെെവ് അപ്ഡേറ്റ്സ്