ഇത് ജമ്മു-കശ്മീര്‍ എക്‌സ്പ്രസ് തന്നെ; ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തുമായി ഉമ്രാന്‍ മാലിക്ക്


1 min read
Read later
Print
Share

Photo: ANI

അബുദാബി: ഇത്തവണ അരങ്ങേറ്റ മത്സരം മുതല്‍ തന്റെ പന്തുകളുടെ വേഗത കൊണ്ട് ശ്രദ്ധ നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ജമ്മു കശ്മീര്‍ താരം ഉമ്രാന്‍ മാലിക്കിന്റെ പേരില്‍ വീണ്ടും വേഗതയുടെ റെക്കോഡ്.

കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 152.95 കി.മീ വേഗത്തില്‍ പന്തെറിഞ്ഞ ഉമ്രാന്‍ ഇത്തവണത്തെ സീസണിലെ ഏറ്റവും വേഗമേറിയ പന്തെന്ന റെക്കോഡും സ്വന്തമാക്കി.

മത്സരത്തിലെ തന്റെ രണ്ടാം ഓവറിലായിരുന്നു ഉമ്രാന്‍ ഈ നേട്ടത്തിലെത്തിയത്. ആദ്യ പന്ത് 147 കി.മീ വേഗതയിലെത്തിയപ്പോള്‍ പിന്നീട് വന്ന മൂന്ന് പന്തുകളും 150 കി.മീ മുകളിലുള്ള വേഗതയിലാണ് എത്തിയത്. ആ ഓവറിലെ നാലാം പന്ത് തൊട്ടത് 152.95 കി.മീ വേഗമാണ്. ഇത്തവണ 152.75 കി.മീ വേഗത്തില്‍ പന്തെറിഞ്ഞ കൊല്‍ക്കത്തയുടെ ന്യൂസീലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസനെയാണ് ഉമ്രാന്‍ മറികടന്നത്.

ഈ പന്തെറിഞ്ഞതിനു പിന്നാലെ ഉമ്രാന് സോഷ്യല്‍ മീഡിയയിലെങ്ങും അഭിനന്ദനങ്ങള്‍ നിറയുകയാണ്. താരം അടുത്ത സീസണില്‍ കോടികള്‍ വാരുമെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 151.03 കി.മീ വേഗത്തില്‍ പന്തെറിഞ്ഞ ഉമ്രാന്‍ ഇത്തവണത്തെ സീസണില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ പന്തിന്റെ റെക്കോഡ് സ്വന്തമാക്കിയിരുന്നു.

നെറ്റ് ബൗളറായാണ് മാലിക്ക് ഹൈദരാബാദിനൊപ്പം ചേരുന്നത്. എന്നാല്‍ ടി. നടരാജന് കോവിഡ് ബാധിച്ചതോടെ മാലിക്കിന് ടീമിലേക്ക് അപ്രതീക്ഷിതമായി വിളിയെത്തുകയായിരുന്നു.

Content Highlights: Umran Malik Bowls Fastest Delivery Of IPL 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram